ഫിഫ ലോകകപ്പിലെ റൗണ്ട് ഓഫ് 32 ചിത്രം തെളിഞ്ഞപ്പോൾ ആ ഫിക്സ്ചറിൽ ആരാധകർ ആകാംക്ഷയോടെ കണ്ട ചിത്രം ബ്രസീൽ- ജപ്പാൻ പോരാട്ടമാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 10.30 മുതലാണ് ത്രില്ലർ പോര്. തോൽക്കുന്നവർ ലോകകപ്പിൽ നിന്നു പുറത്താകുമെന്നതിനാൽ മത്സരം തീ പാറുമെന്ന് ഉറപ്പിക്കാം. ജപ്പാൻ ലോകകപ്പ് കളിക്കുന്നുണ്ടെങ്കിൽ, ഇന്ന് കാണുന്ന വിധത്തിൽ ജപ്പാൻ മികച്ച ഫുട്ബോൾ കൊണ്ടു നടക്കുന്നുണ്ടെങ്കിൽ അതിനു കാരണക്കാരൻ ആയത് ഒരു ബ്രസീലുകാരനാണ് എന്നതും ഈ മത്സരത്തെ കൗതുകകരമാക്കി നിർത്തുന്നു. ഇതിഹാസ താരം സീക്കോയാണ് ജപ്പാന്റെ ഫുട്ബോൾ വളർച്ചയ്ക്ക് നിർണായക സ്വാധീനം ചെലുത്തിയ ആ ബ്രസീലുകാരൻ.
ലോകകപ്പ് നേടാത്ത സീക്കോ
സീക്കോ ലോകകപ്പ് നേടിയിട്ടില്ല. അത് ലോകകപ്പിന്റെ നിർഭാഗ്യം!- ബ്രസീലിൽ ഒരുകാലത്ത് വളരെ പ്രശസ്തമായിരുന്ന ഒരു ചൊല്ലാണിത്. ഫുട്ബോൾ ചക്രവർത്തി പെലെ ഒരിക്കൽ പറഞ്ഞു- എന്നെ ഫുട്ബോളിന്റെ രാജാവായിട്ടാണ് കരുതുന്നതെങ്കിൽ, സംശയമില്ലാതെ പറയാം, അതിന്റെ രാജകുമാരൻ സീക്കോയാണ്.
സ്വന്തം നാട്ടിൽ ഇത്രയധികം ആരാധിക്കപ്പെട്ടിട്ടും പക്ഷേ 1990കൾക്കു ശേഷം ബ്രസീൽ വിട്ട് സീക്കോ നേരെ പോയത് ജപ്പാനിലേക്കാണ്. 1998ലാണ് ജപ്പാൻ ചരിത്രത്തിലാദ്യമായി ലോകകപ്പ് കളിച്ചത്. അതിനു ശേഷം നടന്ന എല്ലാ എഡിഷനിലും അവർ കളിച്ചു. 1991 മുതൽ കഷിമ ആന്റ്ലേഴ്സ് എന്ന ജപ്പാൻ ക്ലബിനൊപ്പം കളിക്കാരനായും കോച്ചായും ടെക്നിക്കൽ തലവനായുമൊക്കെ പ്രവർത്തിക്കുന്ന ആളാണ് സീക്കോ. അന്ന് മുതൽ അദ്ദേഹത്തിനു ജപ്പാൻ ഫുട്ബോളിനെ കുറിച്ച് നല്ല ധാരണയുണ്ട്. അദ്ദേഹം ജപ്പാൻ ഫുട്ബോളിനു പുതിയൊരു മേൽവിലാസമുണ്ടാക്കി. തങ്ങളുടെ ഫുട്ബോൾ ദർശനങ്ങൾക്ക് കൃത്യമായ വഴികാട്ടിയെ തിരയുകയായിരുന്നു ആ ഘട്ടത്തിൽ ജപ്പാൻ. സീക്കോ ജാപ്പനീസ് ഫുട്ബോളിനു പുതു ജീവൻ നൽകിയെന്നു തന്നെ പറയാം.
ജപ്പാന്റെ വളർന്നു വരുന്ന പ്രൊഫഷണൽ ഫുട്ബോളിനു കൃത്യമായ ദിശാബോധം നൽകാൻ 1991 മുതൽ 1994 വരെ 'സുമിറ്റോമോ മെറ്റൽ' (പിന്നീട് കഷിമ ആന്റ്ലേഴ്സ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) ക്ലബിനായി വിരമിക്കൽ ഉപേക്ഷിച്ച് സീക്കോ തിരിച്ചെത്തുകയായിരുന്നു. പിന്നീട് അദ്ദേഹം ജെ ലീഗിൽ കഷിമയുടെ പരിശീലകനായി. നിലവിൽ ക്ലബിന്റെ സാങ്കേതിക ഉപദേശകനായി പ്രവർത്തിക്കുന്നു. ജാപ്പനീസ് ഫുട്ബോളിന് അധ്യാപകനെപ്പോലെ നൽകിയ സംഭാവനകളെ മാനിച്ച് കഷിമ ആന്റ്ലേഴ്സ് സീക്കോയുടെ പ്രതിമ പോലും സ്ഥാപിച്ചിട്ടുണ്ട്.
ജപ്പാൻ കോച്ച്
2002ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പ് പോരാട്ടത്തിനു പിന്നാലെ ജപ്പാൻ സീക്കോയെ മുഖ്യ പരിശീലകനായി നിയമിച്ചു. 2002 മുതൽ 2006 വരെ അദ്ദേഹം ജപ്പാൻ പരിശീലകനായി തുടർന്നു. ലോകകപ്പിൽ ഇത് രണ്ടാം തവണയാണ് ബ്രസീലും ജപ്പാനും തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്. 20 വർഷങ്ങൾക്ക് മുൻപ്, 2006ൽ ജർമനിയിൽ നടന്ന ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലാണ് ഇവർ ആദ്യമായി നേർക്കുനേർ വന്നത്. അന്ന് ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രസീൽ വിജയിച്ചു. അന്ന് ജപ്പാന്റെ പരിശീലകനായി ഡഗ്ഔട്ടിൽ ഉണ്ടായിരുന്നത് മറ്റാരുമല്ല, സാക്ഷാൽ സീക്കോ തന്നെ! ജപ്പാനെ 2004ൽ ഏഷ്യൻ കപ്പ് കിരീട നേട്ടത്തിലേക്ക് നയിക്കാൻ സീക്കോയ്ക്കു സാധിച്ചിരുന്നു. പിന്നാലെയാണ് 2006 ലോകകപ്പിലേക്ക് അവർക്ക് യോഗ്യതയും നേടിക്കൊടുത്തത്.
സീക്കോ കൊണ്ടുവന്ന ഫുട്ബോൾ സംസ്കാരത്തിന്റെ ചുവടു പിടിച്ച് മുന്നേറിയ ജപ്പാൻ ലോക വേദിയിൽ സ്ഥിരതയുടെ ഏഷ്യൻ പേരായി ഇന്ന് നിൽക്കുന്നു. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും അവർ നോക്കൗട്ട് ഘട്ടത്തിൽ എത്തിയെങ്കിലും ക്വാർട്ടർ ഫൈനലിൽ കടക്കാനായില്ല. ആ പോരായ്മ ഇന്ന് പരിഹരിക്കാനാണ് അവർ നോക്കുന്നത്.
മുന്നറിയിപ്പ്
ബ്രസീലും ജപ്പാനും ഏറ്റുമുട്ടുമ്പോൾ മത്സരത്തിന് ആവേശം ഇരട്ടിക്കുകയാണ്. കാരണം, ജാപ്പനീസ് ഫുട്ബോളിന്റെ 'സെൻസി' (ജാപ്പനീസ് ഭാഷയിൽ ഗുരു) ആയ സീക്കോ ഇത്തവണ ബ്രസീലിന് ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. ജപ്പാൻ ഫുട്ബോളിന്റെ വഴികാട്ടിയായ ഈ ബ്രസീലിയൻ ഇതിഹാസത്തിന്, മത്സരത്തിൽ ആരോടൊപ്പം നിൽക്കണം എന്ന കാര്യത്തിൽ ചെറിയൊരു ആശയക്കുഴപ്പമുണ്ടായാൽ അത്ഭുതപ്പെടാനില്ല. ബ്രസീലിലുള്ള 25 ലക്ഷത്തോളം വരുന്ന ജാപ്പനീസ് വംശജരുടെ അവസ്ഥയും ഇതുതന്നെയാണ്.
ആരെ പിന്തുണയ്ക്കും എന്നു ചോദിച്ചപ്പോൾ ഫിഫയ്ക്കു സീക്കോ നൽകിയ മറുപടി ഇങ്ങനെ- 'ഞാൻ ബ്രസീലിനെ പിന്തുണയ്ക്കും, കാരണം ഞാൻ ഒരു ബ്രസീലിയനാണ്. ഇനി ജപ്പാനാണ് ജയിക്കുന്നതെങ്കിൽ, കുഴപ്പമില്ല എന്നു കരുതും. ജപ്പാൻ ഇപ്പോൾ കൂടുതൽ കരുത്തരായ തലത്തിലാണ്. ലോകകപ്പ് ടീമിലെ 26 കളിക്കാരിൽ 23 പേരും യൂറോപ്പിലാണ് കളിക്കുന്നത്. നാട്ടിൽ കളിക്കുന്ന മൂന്ന് പേരിൽ രണ്ട് പേർ ഗോൾകീപ്പർമാരാണ്. മറ്റൊരാൾ യുട്ടോ നാഗടോമോ ആണ്. ടീമിനുള്ളിലെ ഒരു ലീഡർ എന്ന നിലയിലും പരിചയസമ്പന്നനായ താരം എന്ന നിലയിലുമാണ് അദ്ദേഹം ടീമിലുള്ളത്. ഇത് അദ്ദേഹത്തിന്റെ അഞ്ചാമത്തെ ലോകകപ്പാണ്.'
അവരുടെ ചരിത്രം
ജപ്പാന് പുറത്ത് ഏറ്റവും കൂടുതൽ ജാപ്പനീസ് വംശജർ താമസിക്കുന്നത് ബ്രസീലിലാണ്. ഈ ജനസംഖ്യാപരമായ ബന്ധവും ജപ്പാനുമായുള്ള സീക്കോയുടെ അഭേദ്യമായ കൂട്ടുകെട്ടും ജപ്പാനും ബ്രസീലും കളത്തിലിറങ്ങുമ്പോൾ മത്സരത്തിന് സവിശേഷമായ ഒരു ചരിത്ര അന്തരീക്ഷം കൂടി സമ്മാനിക്കുന്നു.
അങ്ങകലെ ബ്രസീലിലെ മാരക്കാന സ്റ്റേഡിയത്തിൽ സീക്കോ കളിക്കാരനായാണ് ആഘോഷിക്കപ്പെടുന്നത്. ഫ്ലെമംഗോയ്ക്കും ബ്രസീലിനും വേണ്ടി മനോഹരമായ സായാഹ്നങ്ങൾ സമ്മാനിച്ച മന്ത്രവാദി! 2014 ലോകകപ്പിൽ ജർമനിയും ഫ്രാൻസും തമ്മിൽ മത്സരിച്ചപ്പോൾ പോലും ഗാലറിയിൽ ആരാധകർ സീക്കോയുടെ പേര് സ്നേഹത്തോടെ ആർത്തു വിളിച്ചിരുന്നു.
2022ൽ ഹാൻസി ഫ്ലിക്ക് പരിശീലിപ്പിച്ച ജർമനിയെയും ലൂയിസ് എൻറിക്വെയുടെ സ്പെയിനിനെയും ഗ്രൂപ്പ് ഘട്ടത്തിൽ അട്ടിമറിച്ച് ജപ്പാൻ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. അടുത്തിടെ, കൃത്യം പറഞ്ഞാൽ 2025 ഒക്ടോബറിൽ നടന്ന ഒരു സൗഹൃദ മത്സരത്തിൽ കാർലോ ആഞ്ചലോട്ടിയുടെ ബ്രസീലിനെതിരെ ജപ്പാൻ തങ്ങളുടെ ചരിത്രത്തിലെ ആദ്യ വിജയം സ്വന്തമാക്കിയിട്ടുമുണ്ട്.
ഒരു ബ്രസീലുകാരൻ ആധുനിക ജാപ്പനീസ് ഫുട്ബോളിനെ രൂപപ്പെടുത്തിയതിന്റെ അടുത്ത തലം കാണാനുള്ള നിയോഗമാണ് ആരാധകർക്ക് വന്നിരിക്കുന്നത്. ഇന്ന് ജപ്പാൻ ബ്രസീലിനെ അട്ടിമറിക്കുമെന്നു തന്നെ കരുതുക. ജപ്പാൻ ഫുട്ബോൾ അതിന്റെ പുരോഗതിയുടെ അടുത്ത പടവിലേക്ക് കടന്നു എന്ന പ്രതീക്ഷ കൂടി ആ വിജയത്തിനുണ്ടാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates