​ഗൗതം ​ഗംഭീർ ടീം അം​ഗങ്ങൾക്കൊപ്പം (Gautam Gambhir) x
Sports

'​ഗില്ലിനെ വിമർശിക്കുന്നവർക്ക് ക്രിക്കറ്റിന്റെ എബിസിഡി അറിയില്ല'; ഗംഭീറിന്റെ മറുപടി

'പിന്‍ഗാമികളെന്ന വിശേഷണമല്ല തന്റെ കളിക്കാര്‍ ആഗഹിക്കുന്നത്'

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അടക്കമുള്ള താരങ്ങളേയും ഇന്ത്യന്‍ ടീമിന്റെ നിലവിലെ ടെസ്റ്റ് പ്രകടനങ്ങളേയും വിമര്‍ശിക്കുന്നവര്‍ക്കെതിരെ പരിശീലകന്‍ ഗൗതം ഗംഭീര്‍ രംഗത്ത്. നിലവിലെ ഇന്ത്യന്‍ ടീമിന്റെ യാത്ര വളരെ പോസിറ്റീവാണെന്നും മുന്‍കാലത്തെ ടീമുകളേയും താരങ്ങളേയും വച്ച് ഇപ്പോഴത്തെ ടീമിനെ വിലയിരുത്തുന്നത് അസംബന്ധമാണെന്നും ഗംഭീര്‍ തുറന്നടിച്ചു. നാലാം ടെസ്റ്റിലെ വീരോചിത സമനിലയ്ക്കു പിന്നാലെയാണ് കോച്ചിന്റെ പ്രതികരണം. പിന്‍ഗാമികളെന്ന വിശേഷണമല്ല തന്റെ കളിക്കാര്‍ ആഗഹിക്കുന്നത്. സ്വയം ചരിത്രം സൃഷ്ടിക്കണമെന്ന മനോഭാവമാണ് അവരുടെ ഉള്ളിലെന്നും അദ്ദേഹം വ്യക്തമാക്കി.

'ഈ ഡ്രസിങ് റൂമില്‍ ഇരിക്കുന്നവരുടെ പോരാട്ട വീര്യമാണ് നാലാം ടെസ്റ്റില്‍ കണ്ടത്. വിട്ടുകൊടുക്കാത്ത മനോഭാവമാണ് ഈ ടീമിന്റെ അടിത്തറ. അവര്‍ രാജ്യത്തിനായാണ് പോരാടുന്നത്. സാധാരണക്കാരായ താരങ്ങളാണ് അവരെല്ലാം.'

ഡ്രസിങ് റൂമില്‍ വച്ച് 2009ല്‍ താന്‍ നേപ്പിയറില്‍ നേടിയ 137 റണ്‍സിന്റെ മാച്ച് സേവിങ് ഇന്നിങ്‌സിനെക്കുറിച്ച് ഗംഭീര്‍ സംസാരിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം അദ്ദേഹം നിഷേധിച്ചു.

'നോക്കു, എന്റെ ഒരു ഇന്നിങ്‌സുകളെക്കുറിച്ചും എനിക്ക് വ്യക്തമായ ഓര്‍മകളൊന്നും ഇല്ല. അതൊക്കെ ചരിത്രമായി മാറിയ കാര്യങ്ങളാണ്. ഇപ്പോഴത്തെ താരങ്ങള്‍ ആരെയും പിന്തുടരാന്‍ ആഗ്രഹിക്കുന്നവരല്ല. ആരും ആരെയും പിന്തുടരുന്നുമില്ല. അവര്‍ സ്വയം ചരിത്രം സൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നത്. അങ്ങനെയാണ് വേണ്ടതും.'

ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറിയ പരമ്പരയില്‍ തന്നെ ശുഭ്മാന്‍ ഗില്ലിനെ വിമര്‍ശിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നു കോച്ച് വ്യക്തമായി പറഞ്ഞു. ഗില്ലിന്റെ കഴിവിനെക്കുറിച്ച് നിരന്തരം സംശയം പ്രകടിപ്പിക്കുന്നവര്‍ക്ക് ക്രിക്കറ്റിനെ കുറിച്ച് വലിയ ധാരണയില്ലെന്നു പറയേണ്ടി വരുമെന്നും ഗംഭീര്‍.

'ശുഭ്മാന്‍ ഗില്ലിന്റെ കഴിവിനെക്കുറിച്ച് ഒരു സംശയവും ടീമുമായി ബന്ധപ്പെട്ട ആര്‍ക്കും ഇല്ല. ഇനി ആര്‍ക്കെങ്കിലും അങ്ങനെ സംശയം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ക്രിക്കറ്റിനെക്കുറിച്ച് ഒരു ധാരണയുമില്ല എന്നു മനസിലാക്കാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്ഥിരത പുലര്‍ത്താന്‍ ചിലര്‍ക്ക് സമയം ആവശ്യമാണ്. ഗില്ലിന്റെ പ്രകടനം സംബന്ധിച്ച് ഡ്രസിങ് റൂമില്‍ ആരും അത്ഭുതപ്പെടുന്നില്ല. ഇനി ഗില്‍ തിളങ്ങിയില്ല എന്നു വിചാരിക്കുക. അപ്പോഴും അദ്ദേഹത്തിലുള്ള ടീമിന്റെ വിശ്വാസം ഒരു ഘട്ടത്തിലും തകരില്ല. കാരണം ഗില്‍ പ്രതീക്ഷകള്‍ക്കും കഴിവിനുമൊപ്പമാണ് ജീവിക്കുന്നത്. ക്യാപ്റ്റന്‍സിയുടെ ഒരു സമ്മര്‍ദ്ദവുമില്ലാതെ അദ്ദേഹം ബാറ്റ് ചെയ്യുന്നു. ക്യാപ്റ്റന്‍ എന്നതിനേക്കാള്‍ ഉപരി അദ്ദേഹം ടീമിലെ നിര്‍ണായക ബാറ്ററനെന്ന നിലയിലാണ് കളിക്കുന്നത്.'

ഇന്നിങ്‌സ് തോല്‍വിയുടെ വക്കില്‍ നിന്നു സമനില പൊരുതി നേടിയതോടെ ഇംഗ്ലണ്ടിനേക്കാള്‍ മാനസിക മുന്‍തൂക്കം ഇന്ത്യക്കുണ്ടെന്നു ഗംഭീര്‍ പറയുന്നു. അഞ്ചാം ടെസ്റ്റില്‍ ടെന്‍ഷന്‍ ഇംഗ്ലണ്ടിനായിരിക്കുമെന്നും ഇന്ത്യന്‍ പരിശീലകന്‍.

'എതിരാളികളില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത് വലിയ നേട്ടമാണ്. സമ്മര്‍ദ്ദങ്ങളെ തള്ളിമാറ്റി മികവിലേക്ക് ഉയരുന്നത് മികച്ച അനുഭവവുമാണ്. ഡ്രസിങ് റൂമിലും വളരെയധികം ആത്മവിശ്വാസം നല്‍കുന്ന ഘടകം കൂടിയാണത്. ഓവലിലേക്ക് പോകുമ്പോള്‍ ടീം ആത്മവിശ്വാസത്തിലായിരിക്കും. പക്ഷേ കാര്യങ്ങളെല്ലാം അത്ര നിസാരമായി ഞങ്ങള്‍ എടുക്കുന്നുമില്ല.'

'ഇന്ത്യന്‍ ടീം പരിവര്‍ത്തന ഘട്ടത്തിലാണെന്നു പറയുന്നു. എന്നാല്‍ അങ്ങനെയല്ല. ഇന്ത്യന്‍ ടീം എന്നത് എല്ലാ കാലത്തും അങ്ങനെ തന്നെയാണ്. അനുഭവ സമ്പത്തുള്ള അധികം താരങ്ങളില്ല എന്നതാണ് കാണേണ്ടത്. നാലാം ടെസ്റ്റില്‍ താരങ്ങള്‍ പുറത്തെടുത്ത മികവ് ടീമിനുള്ള പാഠം കൂടിയാണ്. വന്‍ സമ്മര്‍ദ്ദത്തില്‍ ഇംഗ്ലണ്ട് പോലെ ടെസ്റ്റില്‍ അതി ശക്തമായ ഒരു ടീമിനെതിരെ അഞ്ച് സെഷനുകള്‍ തുടര്‍ച്ചയായി ബാറ്റ് ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല.'

കാലിനു പരിക്കേറ്റിട്ടും വീണ്ടും ബാറ്റിങിനു ഇറങ്ങിയ ഋഷഭ് പന്തിന്റെ പോരാട്ട വീര്യത്തേയും ഗംഭീര്‍ എടുത്തു പറഞ്ഞു. പന്ത് പ്രകടിപ്പിച്ച ആ മനോധൈര്യമാണ് ടീമിന്റെ മൊത്തത്തിലുള്ള ഘടന. അദ്ദേഹത്തിന്റെ പ്രകടനം വരും തലമുറകള്‍ വരെ ഓര്‍ത്തിരിക്കുമെന്നു ഉറപ്പുണ്ട്. അദ്ദേഹത്തെ എത്ര പ്രശംസിച്ചാലും അധികമാകില്ല. അദ്ദേഹം ടീമിന്റെ നിര്‍ണായക ഘടകമാണ്. എത്രയും പെട്ടെന്ന് പരിക്കു മാറി ടീമിനായി കൂടുതല്‍ ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും ഗംഭീര്‍ വ്യക്തമാക്കി.

Gautam Gambhir : Gambhir also felt that criticism of Gill, if any, in his first assignment as India's Test captain is without merit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT