ഹാങ്ഷു: ഷൂട്ടിങ് ലോകകപ്പിൽ (ഐഎസ്എസ്എഫ്) ഇന്ത്യക്ക് സുവർണ നേട്ടം. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ ഇഷ സിങ് തകർപ്പൻ പ്രകടനത്തോടെ സ്വർണം വെടിവച്ചിട്ടു. രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കർ ഇതേ ഇനത്തിൽ വെങ്കലവും നേടിയതോടെ ഇന്ത്യക്ക് ഇരട്ട നേട്ടമെന്ന അഭിമാനവും.
നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. ഈ വർഷം ആദ്യം ഈയിനത്തിൽ ലോക റെക്കോർഡ് കുറിച്ച താരമായ ഇഷ ലോകകപ്പ് ഫൈനലിലും മികച്ച പ്രകടനം നടത്തി. 50ൽ 40 പോയിന്റുകളും 21കാരിയായ താരം വെടിവച്ചിട്ടു. നേരത്തെ മ്യൂണിക്കിൽ ഈ വർഷം ആദ്യ നടന്ന ലോകകപ്പ് അധ്യായത്തിലാണ് താരം ലോക റെക്കോർഡ് തിരുത്തിയത്. സമാന മികവാണ് ഇത്തവണയും ഹാങ്ഷു ലോകകപ്പ് അധ്യായത്തിലും താരം ആവർത്തിച്ചത്.
ചൈനയുടെ യുവേയുവേ ഷാങിനാണ് വെള്ളി. താരം 37 പോയിന്റുകൾ നേടി. ഉത്തര കൊറിയൻ താരം ഹ്യോൻ ഗിയോങ് പാക്കിന്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് മനു ഭാക്കർ വെങ്കലം നേടിയത്. ഡബിൾ ഷൂട്ട് ഓഫിൽ 28 പോയിന്റോടെയാണ് താരം മെഡൽ ഉറപ്പിച്ചത്.
ഹാങ്ഷു ലോകകപ്പിൽ ഇതോടെ ഇന്ത്യയുടെ മൊത്തം മെഡൽ നേട്ടം മൂന്നിലെത്തി. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ സൈനം വെള്ളി നേടിയിരുന്നു. ഓരോ സ്വർണം, വെള്ളി, വെങ്കലം മെഡലുകളുമായി നിലവിൽ ഇന്ത്യ മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ആതിഥേയരായ ചൈനയാണ് ഒന്നാമത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates