തൃശൂർ: ആ മൈതാനത്തിന് ഇത്രമാത്രം ഭംഗിയുണ്ടായിരുന്നു എന്നത് ആകാശ ചിത്രം കണ്ടപ്പോഴാണ് പലർക്കും മനസിലായത്. അവിടെ ക്രിക്കറ്റും ഫുട്ബോളും മറ്റും കളിക്കുന്നവർക്കു പോലും അതിന്റെ ഭംഗി അറിഞ്ഞത് വിഡിയോ വൈറൽ ആയതിനു ശേഷം മാത്രം. പറഞ്ഞു വരുന്നത് വിദേശത്താണെന്നു തെറ്റിദ്ധരിച്ച നമ്മുടെ തൃശൂരുള്ള ഒരു മൈതാനത്തെക്കുറിച്ചാണ്. പറക്കും കാമറയിൽ പതിഞ്ഞ ആ ദൃശ്യം പാലപ്പിള്ളി മൈതാനത്തിന്റേതാണ്.
നിബിഡ വനത്തിന്റെ പച്ചപ്പിനു നടുവിൽ മനോഹരമായ ഒരു മൈതാനം. വിദേശത്തായിരിക്കുമെന്നാണ് വിഡിയോക്ക് താഴെ വന്ന കമന്റുകൾ. ചിലർ ആമസോൺ കാടായിരിക്കുമെന്നും ഉറപ്പിക്കുന്നു.
റബർ മരങ്ങളുടെ നടുവിലാണ് അഞ്ചേക്കറിലെറെ വരുന്ന മൈതാനമുള്ളത്. സമചതുര മൈതാനത്തിന്റെ രണ്ട് വശങ്ങളിലും ആറ് കൂറ്റൻ വാകയും വശങ്ങളിൽ നിറയെ റബർ മരങ്ങളും. മൈതാനത്തേക്ക് എത്താൻ ഒരു കുഞ്ഞ് റോഡുമുണ്ട്. ആകാശക്കാഴ്ചയിൽ പക്ഷേ ഈ റോഡ് കാണുന്നില്ല.
ഹാരിൺ മലയാളം പ്ലാന്റേഷന്റെ വരന്തരപ്പിള്ളിയിലെ റബർ എസ്റ്റേറ്റിനുള്ളിലാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ കളിക്കളമുള്ളത്. മൈതാനവും പച്ചപ്പിൽ തന്നെ നിൽക്കുന്നു. മൈതാനത്ത് നാട്ടുകാർ ഒരുക്കിയ ക്രിക്കറ്റ് പിച്ചിൽ മാത്രമാണ് പച്ചപ്പ് ഇല്ലാത്തത്.
ജൂൺ മാസത്തിൽ വാക മരങ്ങൾ പൂക്കുന്നതോടെ അതിന്റെ ഭംഗി മറ്റൊരു തലത്തിലേക്ക് മാറും. പച്ചപ്പിനിടയിലൂടെ വാകപൂവിന്റെ അഴകും ആസ്വദിക്കാം. പ്ലാന്റേഷൻ നിയമമനുസരിച്ച് തൊഴിലാളികൾക്കും ജീവനക്കാർക്കുമായി ഹാരിസൺ മലയാളം കമ്പനിയാണ് മൈതാനം ഒരുക്കിയത്. സമീപത്തെ മറ്റൊരു പ്ലാന്റേഷൻ കമ്പനിക്കും മൈതാനമുണ്ടായിരുന്നു. എന്നാൽ അവതവർ നിർത്തലാക്കിയതോടെ അവിടെ കളിച്ചവരും പാലപ്പിള്ളിയിലേക്ക് കളി സ്ഥലം മാറ്റി.
എല്ലാ ദിവസവും രാവിലെയും വൈകീട്ടും ഇവിടെ ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറാറുണ്ട്. ഫുട്ബോൾ ടൂർണമെന്റുകളും മൈതാനത്ത് നടക്കാറുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates