Harry Brook x
Sports

മദ്യപിച്ച് അബോധാവസ്ഥയില്‍ നിശാ ക്ലബില്‍; സുരക്ഷാ ജീവനക്കാരുമായി കൈയാങ്കളി; ബ്രൂക്കിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

നവംബര്‍ ഒന്നിനുണ്ടായ സംഭവം ആഷസ് തോല്‍വിയോടെ വീണ്ടും ചര്‍ച്ചയായി

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ആഷസ് പരമ്പര തോല്‍വിക്കു പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന് വന്‍ തിരിച്ചടി. ബ്രൂക്കിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകുമെന്നു റിപ്പോര്‍ട്ടുകള്‍. ആഷസിനു മുന്നോടിയായി നടന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയുടെ സമയത്ത് താരം നിശാ ക്ലബില്‍ കയറി മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് താരത്തിന്റെ നായക സ്ഥാനം തുലാസിലായത്.

നവംബര്‍ ഒന്നിനാണ് സംഭവമുണ്ടായത്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന്റെ തലേ ദിവസം താരം വെല്ലിങ്ടനിലെ ഒരു നിശാ ക്ലബ് സന്ദര്‍ശിക്കാനെത്തിയിരുന്നു. ഈ സമയത്ത് താരം മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നു. എന്നാല്‍ താരത്തിനെ നിശാ ക്ലബില്‍ കയറുന്നതില്‍ നിന്നു സുരക്ഷാ ജീവനക്കാര്‍ വിലക്കി. ഇതോടെ ബ്രൂക്ക് ജീവനക്കാരുമായി വാക്കു തര്‍ക്കമുണ്ടാക്കി. പിന്നാലെ ഒരു ജീവനക്കാരനെ ബ്രൂക്ക് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നിശാ ക്ലബ് സംഭവത്തിനു ശേഷം തൊട്ടടുത്ത ദിവസം നടന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ട് മത്സരം തോറ്റിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ബാറ്റ് ചെയ്ത ബ്രൂക്ക് വമ്പന്‍ പരാജയമായി മാറുകയും ചെയ്തു. താരം മത്സരത്തില്‍ 11 പന്തുകള്‍ നേരിട്ട് 6 റണ്‍സ് മാത്രമാണ് എടുത്തത്.

ഇതുമായി ബന്ധപ്പെട്ട് താരത്തിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് താക്കീത് ചെയ്തതായും പിഴ ചുമത്തിയതാവും വിവരമുണ്ട്. ജേക്കബ് ബേതേല്‍, ഗസ് അറ്റ്കിന്‍സന്‍ എന്നിവരും ബ്രൂക്കിനൊപ്പം പുറത്തു പോയിരുന്നു. എന്നാല്‍ നിശാ ക്ലബില്‍ താരം തനിച്ചാണ് പോയത്. പുറത്തു പോകുന്ന കാര്യം ഇംഗ്ലീഷ് ടീം അധികൃതരെ ബ്രൂക്ക് അറിയിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിശാ ക്ലബ് അധികൃതരോ സുരക്ഷാ ജീവനക്കാരനോ പരാതി നല്‍കിയിട്ടില്ല എന്നതും താക്കീതിലും പിഴയിലും കാര്യങ്ങള്‍ ഒതുങ്ങിയതും ബ്രൂക്കിനു അനുകൂലമായി നിന്ന ഘടകങ്ങളാണ്.

എന്നാല്‍ ആഷസ് പരമ്പര തോല്‍വിയും താരങ്ങളുടെ കളത്തിനു പുറത്തെ സമീപനവും വീണ്ടും ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ബ്രൂക്കിന്റെ പ്രശ്‌നം വീണ്ടും പൊങ്ങി വന്നത്. മത്സരങ്ങളില്ലാത്ത ഘട്ടങ്ങളില്‍ പല താരങ്ങളും അമിതമായ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നൂസയില്‍ താമസിച്ചപ്പോള്‍ ടീം അംഗങ്ങള്‍ നടത്തിയ മദ്യപിച്ചുള്ള ഫോട്ടോ ഷൂട്ടും വിവാദമായിരുന്നു. ഈ സംഘത്തില്‍ ബ്രൂക്കുമുണ്ടായിരുന്നു.

സംഭവത്തില്‍ ബ്രൂക്ക് നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. തന്റെ സമീപനം തെറ്റായിരുന്നുവെന്നു ബ്രൂക്ക് സമ്മതിച്ചു. ആഷസ് 4-1നു അടിയറ വച്ചതോടെ ബ്രൂക്കിന്റെ അച്ചടക്ക ലംഘനം ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വീണ്ടും ചര്‍ച്ച ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുമെന്നാണ് നിലവിലെ വിലയിരുത്തല്‍.

ആഷസില്‍ താരം വലിയ പരാജയമായതും അദ്ദേഹത്തിനു തിരിച്ചടിയാണ്. 10 ഇന്നിങ്‌സ് കളിച്ച ലോകത്തിലെ രണ്ടാം നമ്പര്‍ താരം കൂടിയായ ബ്രൂക്ക് ആകെ രണ്ട് അര്‍ധ സെഞ്ച്വറികള്‍ മാത്രമാണ് നേടിയത്.

England vice-captain Harry Brook was reportedly close to being stripped of his white-ball captaincy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിയുടെ സാമ്പത്തിക ഇടപാടുകള്‍ വിശദമായി അന്വേഷിക്കാന്‍ എസ്ഐടി

ശബരിമലയില്‍ എസ്‌ഐയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി 10,000 രൂപ തട്ടി, പ്രതി പിടിയില്‍

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

അതിതീവ്ര ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ

പ്രണയം വിവാഹത്തിലെത്തും, ഭാഗ്യാനുഭവങ്ങള്‍...

SCROLL FOR NEXT