മ്യൂണിക്ക്: ജർമൻ ബുണ്ടസ് ലീഗയിൽ പുതു ചരിത്രമെഴുതി ബയേൺ മ്യൂണിക്ക് സ്ട്രൈക്കറും ഇംഗ്ലണ്ട് നായകനുമായ ഹാരി കെയ്ൻ. ബുണ്ടസ് ലീഗയിൽ അതിവേഗം 100 ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഇനി കെയ്നിന്റെ പേരിൽ. ഉനിയോൻ ബെർലിനെതിരായ പോരാട്ടത്തിൽ മറുപടിയില്ലാത്ത 7 ഗോളുകൾക്ക് ബയേൺ തകർപ്പൻ ജയം സ്വന്തമാക്കിയപ്പോൾ അതിൽ 2 ഗോളുകൾ സംഭവാന നൽകിയാണ് കെയ്ൻ റെക്കോർഡ് ഇട്ടത്. 98 ബുണ്ടസ് ലീഗ മത്സരങ്ങളിൽ നിന്നു 101 ഗോളുകൾ താരം നേടി.
1970കളിൽ കൊളോൻ ടീമിനായി കളിച്ച ഡീറ്റർ മുള്ളർ 129 മത്സരങ്ങളിൽ നിന്നു നേടിയ 100 ഗോളുകളെന്ന റെക്കോർഡാണ് കെയ്ൻ തകർത്തത്. ഉനിയോൻ ബെർലിനെതിരെ 39ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി വലയിലാക്കിയാണ് കെയ്ൻ ചരിത്ര നേട്ടം സ്വന്തമാക്കിയത്. പിന്നാലെ 54ാം മിനിറ്റിൽ മൈക്കൽ ഒലീസെ നൽകിയ ക്രോസിൽ നിന്നു ഹെഡ്ഡറിലൂടെ തന്റെ രണ്ടാം ഗോളും നേടിയ കെയ്ൻ നേട്ടം 101 ഗോളിൽ എത്തിച്ചാണ് കളം വിട്ടത്.
2023 സമ്മറിലാണ് കെയ്ൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ടോട്ടനം ഹോട്സ്പറിൽ നിന്നു ബയേണിലെത്തിയത്. കഴിഞ്ഞ മൂന്ന് സീസണുകളിലായി ബയേണിന്റെ മുന്നേറ്റത്തിൽ നിർണായക ശക്തിയാണ് കെയ്ൻ. അരങ്ങേറ്റ സീസണിൽ ബുണ്ടസ് ലീഗയിൽ 36 ഗോളുകൾ നേടിയ കെയ്ൻ 2024-25 സീസണിൽ 26 ഗോളുകളും കഴിഞ്ഞ സീസണിൽ 35 ഗോളുകളും നേടി. മൂന്ന് സീസണിലും ബുണ്ടസ് ലീഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും കെയ്ൻ തന്നെ.
നിലവിൽ എല്ലാ പോരാട്ടങ്ങളിലുമായി ബയേണിനായി 154 മത്സരങ്ങളിൽ നിന്നു കെയ്ൻ 151 ഗോളുകൾ നേടിയിട്ടുണ്ട്. തന്റെ 104ാം മത്സരത്തിലാണ് ബയേണിനായി എല്ലാ പോരട്ടങ്ങളിലുമായി കെയ്ൻ 100 ഗോളുകൾ തികച്ചത്. 21ാം നൂറ്റാണ്ടിൽ യൂറോപ്പിലെ ആദ്യ അഞ്ച് ലീഗുകളിലെ ഒരു ക്ലബിനായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും ഹാരി കെയ്നിന് സ്വന്തം. റയൽ മാഡ്രിഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഞ്ചസ്റ്റർ സിറ്റി ജേഴ്സിയിൽ എർലിങ് ഹാളണ്ടും നേടിയ 105 മത്സരങ്ങളിൽ 100 ഗോളെന്ന നേട്ടമാണ് കെയ്ൻ അന്ന് മറികടന്നത്.
കഴിഞ്ഞ സീസണിൽ 35 ബുണ്ടസ് ലീഗ ഗോളുകളടക്കം എല്ലാ പോരാട്ടങ്ങളിലുമായി മൊത്തം 61 ഗോളുകൾ കെയ്ൻ അടിച്ചുകൂട്ടി. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ഗോൾ വേട്ടക്കാരനെന്ന റെക്കോർഡും കെയ്നിനു തന്നെ. ഇക്കഴിഞ്ഞ ലോകകപ്പിൽ രാജ്യത്തിനായി 70 ഗോളുകളെന്ന നേട്ടവും കെയ്ൻ സ്വന്തമാക്കിയിരുന്നു. ബാല്ലൺ ഡി ഓർ പുരസ്കാരത്തിനുള്ള ചുരുക്ക പട്ടികയിലും ഹാരി കെയ്ൻ ഉൾപ്പെട്ടിട്ടുണ്ട്.
ബയേണിന്റെ ഗോളടി മേളം
ബുണ്ടസ് ലീഗയിലെ സീസണിലെ നാലാം പോരിൽ ഉനിയോൻ ബെർലിനെ ബയേൺ 7-0ത്തിന് തകർത്തെറിയുകയായിരുന്നു. ഫ്രഞ്ച് സൂപ്പർ താരം മൈക്കൽ ഒലീസെ ബയേണിനായി തന്റെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കിയ പോരിലാണ് ബവേറിയൻ സംഘം വൻ ജയം സ്വന്തമാക്കിയത്. ഒലീസെ 3 ഗോളുകളും ഹാരി കെയ്ൻ 2 ഗോളുകളും ജമാൽ മുസിയാല, ഈ സീസണിൽ ടീമിലെത്തിയ മൊറോക്കോ താരം ഇസ്മയിൽ സൈബാരി എന്നിവരും ബയേണിനായി വല ചലിപ്പിച്ചു.
കളിയുടെ 43, 73, 76 മിനിറ്റുകളിലാണ് ഒലീസെ ഗോളുകള്‍ നേടിയത്. കെയ്ന്‍ 39, 54 മിനിറ്റുകളിലും വല ചലിപ്പിച്ചു. 18ാം മിനിറ്റില്‍ ജമാല്‍ മുസിയാലയാണ് ഗോളടി തുടങ്ങിയത്. സൈബാരിയുടെ ഗോള്‍ 70ാം മിനിറ്റിലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates