Hockey India x
Sports

'ജേഴ്സി നിറം നീല മാറി കാവി ആയത് ഞാൻ പോലും അറിഞ്ഞില്ല'! ഹോക്കി ഇന്ത്യയിൽ വൻ പൊട്ടിത്തെറി

തന്നോടോ എക്സിക്യൂട്ടീവ് ബോർഡുമായോ ഒരു കൂടിയാലോചനയും നടത്താതെയാണ് നിറം മാറ്റമെന്നു ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂഡൽഹി: എഫ്ഐഎച് ഹോക്കി ലോകകപ്പിനു മുന്നോടിയായി പരമ്പരാ​ഗത നീല നിറമുള്ള ജേഴ്സി മാറ്റി കാവി നിറമുള്ള ജേഴ്സിയാക്കിയ സംഭവത്തിൽ ഹോക്കി ഇന്ത്യയിൽ വൻ പൊട്ടിത്തെറി. ജേഴ്സി നിറം മാറ്റത്തിൽ ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി തന്നെ രം​ഗത്തെത്തി. തന്നോടോ എക്സിക്യൂട്ടീവ് ബോർഡുമായോ ഒരു കൂടിയാലോചനയും നടത്താതെയാണ് നിറം മാറ്റമെന്നു മുൻ നായകൻ കൂടിയായ ടിർക്കി തുറന്നടിച്ചു.

ജേഴ്സി നിറം പൊടുന്നനെ കാവി ആക്കി മാറ്റിയതിനു പിന്നാലെ കാരണം വ്യക്തമാക്കി വിശദീകരണം നൽകാൻ ഹോക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ആർകെ ശ്രീവാസ്തവയോട് ടിർക്കി ഔദ്യോഗികമായി ആവശ്യപ്പെട്ടു. ഇന്ന് വൈകീട്ട് 5 മണിക്ക് മുൻപായി സമഗ്രമായ റിപ്പോർട്ട് നൽകണമെന്നു ടിർക്കി ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പരമ്പരാഗതമായ നീല ജേഴ്സി മാറ്റാനുള്ള പ്രധാന കാരണം എന്താണ്, ഏത് ഉദ്യോഗസ്ഥന്‍റെയോ കമ്മിറ്റിയുടെയോ അധികാരത്തിന്മേലാണ് ഈ തീരുമാനമെടുത്തത്, തീരുമാനമെടുക്കുന്നതിൽ പങ്കാളികളായ വ്യക്തികളും കമ്മിറ്റികളും ഏതെല്ലാം, പരിശീലകർ, ക്യാപ്റ്റൻ, നിലവിലെ താരങ്ങൾ, മുൻ അന്താരാഷ്ട്ര താരങ്ങൾ എന്നിവരുമായി ചർച്ച നടത്തിയിട്ടുണ്ടോ, ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് പ്രസിഡന്‍റിനെയോ ഭരണസമിതിയെയോ വിവരം അറിയിക്കാതിരുന്നത് എന്തുകൊണ്ട് എന്നീ കാര്യങ്ങളിലാണ് ഹോക്കി ഇന്ത്യ അധ്യക്ഷൻ വിശദീകരണം തേടിയത്.

തന്‍റെ എതിർപ്പ് കാവി നിറത്തോടല്ലെന്നു ടിർക്കി വ്യക്തമാക്കി. ദേശീയ ടീമിന്‍റെ വ്യക്തിത്വത്തെ തന്നെ ബാധിക്കുന്ന ഇത്രയും വലിയൊരു തീരുമാനം തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് ബോർഡിൽ ചർച്ച ചെയ്യാതെയും പ്രസിഡന്‍റിനെ അറിയിക്കാതെയും എടുത്തതിലാണ് തന്റെ എതിർപ്പെന്നു ടിർക്കി പറയുന്നു. ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ ആവശ്യമില്ലാത്ത രാഷ്ട്രീയ ചർച്ചകളിലേക്ക് ടീമിനെ വലിച്ചിഴയ്ക്കരുതെന്നും കളിക്കാരുടെ ശ്രദ്ധ മത്സരത്തിൽ മാത്രമായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. വിഷയത്തിൽ വ്യക്തത വരുത്താൻ ഒഡിഷ സർക്കാരും ദിലീപ് ടിർക്കിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ ടീമിൽ കളിക്കുന്ന താരങ്ങളിൽ ഒരാളോടു പോലും ചർച്ച ചെയ്യാതെയാണ് പുതിയ ജേഴ്സി അടിച്ചേൽപ്പിച്ചതെന്ന് വെളിപ്പെടുത്തലുകൾ നേരത്തെ വന്നിരുന്നു. കഴിഞ്ഞ ആഴ്ച ജേഴ്സി കൈമാറിയപ്പോൾ മാത്രമാണ് നിറം മാറിയ വിവരം പല പ്രമുഖ താരങ്ങളും അറിയുന്നത്. പൊതുസമൂഹത്തിലും രാഷ്ട്രീയ തലത്തിലും വിഷയം കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് ഹോക്കി ഇന്ത്യയുടെ ഉള്ളിലും പോര് രൂക്ഷമായത്.

ഓഗസ്റ്റ് 15 മുതൽ 30 വരെ നെതർലൻഡ്സിലും ബെൽജിയത്തിലുമായാണ് എഫ്ഐഎച്ച് പുരുഷ/ വനിതാ ഹോക്കി ലോകകപ്പ് പോരാട്ടം നടക്കുന്നത്. ടൂർണമെന്‍റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഹോക്കി ഇന്ത്യയിലുണ്ടായ ഈ ആഭ്യന്തര തർക്കം ടീമിന്‍റെ തയ്യാറെടുപ്പുകളെ ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

Hockey India President Dilip Tirkey demanded clarity on the jersey colour change from blue to saffron, citing a lack of consultation with the Executive Board

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മതമൗലികവാദ വിരുദ്ധ ചടങ്ങിൽ പങ്കെടുക്കാൻ തസ്‌ലീമ നസ്‌റിൻ കൊൽക്കത്തയിൽ; സുവേന്ദു അധികാരിയും എത്തും

ഭാര്യയെ തേടി കാന്‍സര്‍ ആറാമതും വന്നിരിക്കുന്നു; ശ്വാസകോശത്തിലേക്കും കിഡ്‌നിയിലേക്കും വ്യാപിച്ചു; ഉള്ളുലഞ്ഞ് 'ഫാമിലി മാന്‍' താരം

ഒമര്‍ അബ്ദുള്ളയും ഭാര്യ പായലും വിവാഹമോചനത്തിലേയ്ക്ക്; സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു

റഷ്യ-യുക്രൈന്‍ യുദ്ധം: ഡിഎന്‍എ സാമ്പിളുകള്‍ ഒത്തുനോക്കുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് സുപ്രീംകോടതി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 63 lottery result