ധാക്ക: പുരുഷന്മാരുടെ കാഴ്ചപരിമിതരുടെ ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ വിജയികളായി പ്രഖ്യാപിച്ചതിനെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ ടീം. മഴയെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനല്‍ മത്സരം ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാനെ ചാംപ്യന്മാരായി പ്രഖ്യാപിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ താരങ്ങളും ടീം അധികൃതരും ട്രോഫി വിതരണ ചടങ്ങ് ബഹിഷ്‌കരിച്ചു. ഭാവിയില്‍ പാകിസ്താനെതിരെ മത്സരിക്കില്ലെന്നും ഇന്ത്യന്‍ ടീം നിലപാടെടുത്തിട്ടുണ്ട്.
വിവാദം പരിഹരിക്കുംവരെ പാകിസ്ഥാനുമായി കളിക്കില്ലെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ സെക്രട്ടറി ശൈലേന്ദ്ര വ്യക്തമാക്കി. മത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യയെയും പാകിസ്താനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കണമെന്നായിരുന്നു ഇന്ത്യന്‍ ടീമിന്റെ ആവശ്യം. എന്നാല്‍ പാകിസ്ഥാന്റെ മികച്ച നെറ്റ് റണ്‍റേറ്റ് കണക്കിലെടുത്ത് അവരെ മാത്രം വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ടൂര്‍ണമെന്റിന്റെ കളിനിയമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ഇന്ത്യന്‍ ടീമിന്റെ ആരോപണം.
വേള്‍ഡ് ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ ടെക്‌നിക്കല്‍ കമ്മിറ്റി ഇന്ത്യയെയും പാകിസ്താനെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഡബ്ല്യുബിസിസി പ്രസിഡന്റ് കൂടിയായ പാകിസ്ഥാന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് കൗണ്‍സില്‍ മേധാവി സുല്‍ത്താന്‍ ഷാ ഈ തീരുമാനം മറികടന്നതായും തുടര്‍ന്ന് പാകിസ്ഥാനെ വിജയികളായി പ്രഖ്യാപിക്കാന്‍ മാച്ച് റഫറിക്ക് നിര്‍ദേശം നല്‍കിയതായും ഇന്ത്യന്‍ അധികൃതര്‍ ആരോപിച്ചു. ഫൈനല്‍ മത്സരത്തില്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനമാക്കി വിജയിയെ തീരുമാനിക്കുന്നത് ശരിയല്ലെന്നാണ് ഇന്ത്യന്‍ ടീമിന്റെ നിലപാട്.
മഴ കാരണം ഫൈനല്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുകയാണ് വേണ്ടിയിരുന്നതെന്നും ടീം അധികൃതര്‍ ചൂണ്ടിക്കാട്ടി. ടൂര്‍ണമെന്റിന്റെ കളിനിയമങ്ങളിലെ വ്യവസ്ഥകള്‍ വ്യക്തമായി തയ്യാറാക്കിയിട്ടില്ലെന്നും ടീമുകള്‍ക്ക് നല്‍കിയ നിയമങ്ങളുടെ പതിപ്പില്‍ മാറ്റങ്ങള്‍ കൃത്യമായി വ്യക്തമാക്കിയിരുന്നില്ലെന്നും മാച്ച് ഒഫീഷ്യല്‍ ആരോപിച്ചു. ക്യാപ്റ്റന്മാരുടെ യോഗത്തിലും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നില്ലെന്നാണ് വിമര്‍ശനം.
ഫൈനല്‍ മത്സരത്തിന് റിസര്‍വ് ദിനം അനുവദിക്കാത്ത സാഹചര്യത്തില്‍ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുന്നതാണ് പൊതുവായ രീതി. നെറ്റ് റണ്‍റേറ്റ് സാധാരണയായി ഗ്രൂപ്പ് ഘട്ടത്തിലെ യോഗ്യത നിര്‍ണയിക്കാനാണ് ഉപയോഗിക്കുന്നതെന്നും ഫൈനലിലെ വിജയികളെ തീരുമാനിക്കാന്‍ അതുപയോഗിക്കുന്നത് ശരിയല്ലെന്നും ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി. 2016ല്‍ നടന്ന പുരുഷ കാഴ്ചപരിമിതരുടെ പ്രഥമ ഏഷ്യാകപ്പില്‍ ഇന്ത്യയായിരുന്നു ജേതാക്കള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates