വിക്കറ്റുനേട്ടം ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ Getty
Sports

10 വിക്കറ്റ് പിഴുത് മാനവ് സുതര്‍, ഗാലെയില്‍ ലങ്കയെ വീഴ്ത്തി ടീം ഇന്ത്യ; ജയം 165 റണ്‍സിന്

ലങ്കന്‍ ബാറ്റിങ് നിര 206 റണ്‍സിന് പുറത്തായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഗാലെ: ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 165 റണ്‍സിന്റെ ജയം. 372 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലങ്കന്‍ ബാറ്റിങ് നിര 206 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയ മാനവ് സുതറാണ് ഇന്ത്യയുടെ വിജയം വേഗത്തിലാക്കിയത്. രണ്ട് ഇന്നിങ്‌സിലുമായി 10 വിക്കറ്റുകളാണ് താരം പിഴുതത്.

84 റണ്‍സ് നേടിയ സോനല്‍ ദിനുശയാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിങ്‌സില്‍ താരം സെഞ്ച്വറി നേടിയിരുന്നു. ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വയും അര്‍ധ സെഞ്ച്വറി (59) നേടി. സ്‌കോര്‍: ഇന്ത്യ: 462 & 193, ശ്രീലങ്ക: 284 & 206. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും (167) രണ്ടാം ഇന്നിങ്‌സില്‍ 44 റണ്‍സും അടിച്ചെടുത്ത ദേവ്ദത്ത് പടിക്കലാണ് കളിയിലെ താരം. രണ്ടാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച കൊളംബോയില്‍ ആരംഭിക്കും.

ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വയുടെയും സോണല്‍ ദിനുശയുടെയും ചെറുത്തുനില്‍പ്പാണ് അഞ്ചാം ദിനം ഇന്ത്യന്‍ വിജയം ഇത്രയും വൈകിപ്പിച്ചത്. നാലിന് 84 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ലങ്കയ്ക്കായി ഡിസില്‍വയും ദിനുശയും ആത്മവിശ്വാസത്തോടെ ബാറ്റ് വീശി. ഈ കൂട്ടുകെട്ടിന്റെ മികവില്‍ ആദ്യ സെഷനില്‍ ലങ്ക, ഇന്ത്യയെ പരീക്ഷിച്ചു. 202 പന്തുകള്‍ നേരിട്ട ഈ സഖ്യം പൊളിക്കാന്‍ ഇന്ത്യയ്ക്ക് ഒടുവില്‍ 56-ാം ഓവര്‍ വരെ കാക്കേണ്ടി വന്നു. 151 പന്തില്‍ നിന്ന് 59 റണ്‍സെടുത്ത ധനഞ്ജയ ഡിസില്‍വയെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. സോണലിനൊപ്പം 95 റണ്‍സ് ചേര്‍ത്ത ശേഷമാണ് ക്യാപ്റ്റന്‍ മടങ്ങിയത്.

പിന്നാലെ ഡിക്വെല്ലയെ (10) പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ലങ്കയുടെ ആറാം വിക്കറ്റ് വീഴ്ത്തി. എന്നാല്‍ കേശാര നുവാന്തയെ കൂട്ടുപിടിച്ച് ദിനുശ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. 91 പന്തുകള്‍ നേരിട്ട ഈ സഖ്യം 43 റണ്‍സ് ചേര്‍ത്തു. ഒടുവില്‍ 76-ാം ഓവറില്‍ ദിനുഷയെ ലെഗ് സ്ലിപ്പില്‍ ധ്രുവ് ജുറെലിന്റെ കൈകളിലെത്തിച്ച് മാനവ് സുതാറാണ് ഈ ചെറുത്തുനില്‍പ്പ് അവസാനിപ്പിച്ചത്. ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ദിനുശ രണ്ടാം ഇന്നിങ്സിലും ആ മികവ് തുടര്‍ന്നു.

128 പന്തില്‍ നിന്ന് 84 റണ്‍സെടുത്ത താരം ഇന്ത്യയുടെ ക്ഷമയെ പരീക്ഷിച്ചാണ് ക്രീസില്‍ തുടര്‍ന്നത്. പിന്നാലെ പ്രഭാത് ജയസൂര്യ, ലഹിരു കുമാര, കേശാര നുവാന്ത എന്നിവരെ പുറത്താക്കി ഇന്ത്യ, ലങ്കന്‍ ഇന്നിങ്സ് അവസാനിപ്പിച്ചു. നിഷാന്‍ മധുഷ്‌ക (ആറ്), ലാഹിരു ഉദര (16), പസിന്ദു സൂര്യഭണ്ഡാര (പൂജ്യം), കാമിന്ദു മെന്‍ഡിസ് (രണ്ട്) എന്നിവരാണ് ലങ്കന്‍ രണ്ടാമിന്നിങ്സില്‍ പുറത്തായ മറ്റ് താരങ്ങള്‍.

ഇന്ത്യയുടെ 600-ാമത്തെ ടെസ്റ്റ് മത്സരമെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു ഈ വിജയത്തിന്. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ അവസാന ദിവസം കൃത്യസമയത്ത് വിക്കറ്റുകള്‍ വീഴ്ത്തി വിജയം സ്വന്തമാക്കാന്‍ ഇന്ത്യന്‍ ടീമിനായി.

India vs Sri Lanka 1st Test: Manav Suthar Takes 10 Wickets As India Beat SL By 165 Runs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിങ്ങൾ തീരുമാനമെടുത്തില്ലെങ്കിൽ ഞങ്ങൾ തീരുമാനിക്കും'; ധാരാ സിങിൻറെ ശിക്ഷാ ഇളവിൽ ഒഡീഷ സർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം

വസ്ത്രത്തിന് തീ പിടിച്ച് സുകുമാരി മരിച്ചുവെന്ന വാര്‍ത്ത ശരിയാണോ? ചേച്ചി എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ? വിനയന്‍

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഡ്രാഫ്റ്റ്‌സ്മാൻ ട്രെയിനിയാകാം; ഡിപ്ലോമ യോഗ്യത, 60 ഒഴിവുകൾ

'50 ലക്ഷവും കാറും കിട്ടിയപ്പോള്‍ പോലും ഇത്ര സന്തോഷിച്ചിട്ടില്ല'; കമന്‍റുകളോട് അഖില്‍ മാരാര്‍; ആ കണ്ണീര്‍ തുടച്ചിട്ട് പറയൂവെന്ന് സോഷ്യല്‍ മീഡിയ

ഇനി മുട്ട കഴിക്കാത്തതിൽ ടെൻഷൻ വേണ്ട, പ്രോട്ടീൻ അടങ്ങിയ പച്ചക്കറികൾ