ദുബൈ: ഈ ഏഷ്യാ കപ്പിലെ ഏറ്റവും ആവേശകരമായ മത്സരം. ഇരു ടീമുകളും 200 കടന്ന പോരാട്ടം. ഫൈനല്‍ ഉറപ്പിച്ചതിനാല്‍ അപ്രസക്തമായ പോരാട്ടമായിട്ടും ഇന്ത്യയെ ഷോക്കടിപ്പിച്ച് ഒടുവില്‍ സൂപ്പര്‍ ഓവറില്‍ ശ്രീലങ്കയുടെ കീഴടങ്ങല്‍. അവസാന സൂപ്പര്‍ ഫോര്‍സ് പോരാട്ടം അടിമുടി ത്രില്ലര്‍. സൂപ്പര്‍ ഓവറില്‍ ലങ്ക ഉയര്‍ത്തിയ 3 റണ്‍സ് ലക്ഷ്യം ഇന്ത്യ ആദ്യ പന്തില്‍ തന്നെ സ്വന്തമാക്കി അപരാജിത കുതിപ്പ് തുടര്‍ന്നു. അവേശ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ നാളെ ഫൈനലില്‍ പാകിസ്ഥാനുമായി ഏറ്റുമുട്ടും.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സടിച്ചു. ഈ ഏഷ്യാ കപ്പില്‍ ആദ്യമായി ഒരു ടീം ടോട്ടല്‍ 200 കടന്നു. എന്നാല്‍ ലങ്കയുടെ മറുപടി അതിലും മാരകമായിരുന്നു. ഒരുവേള അവര്‍ അനായാസം ലക്ഷ്യം താണ്ടുമെന്നു തോന്നിച്ചു. ഒടുവില്‍ അവരുടെ പോരാട്ടവും 5 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സില്‍ എത്തി. അതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് 5 പന്തില്‍ 2 റണ്‍സ് മാത്രമാണ് എടുക്കാനായത്. 2 വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമാകുകയും ചെയ്തു. അര്‍ഷ്ദീപ് എറിഞ്ഞ സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ തന്നെ കുശാല്‍ പെരേര പുറത്ത്. രണ്ടാം പന്തില്‍ പിന്നീടെത്തിയ കാമിന്ദു മെന്‍ഡിസ് ഒരു റണ്ണെടുത്തു. മൂന്നാം പന്തില്‍ റണ്ണില്ല. നാലാം പന്തില്‍ വൈഡ്. ഇതിനു റണ്‍സിനായി ഷനക ഓടിയപ്പോള്‍ സഞ്ജു സാംസണ്‍ ഡയറക്ടായി എറിഞ്ഞ് താരത്തെ റണ്ണൗട്ടാക്കി. അംപയര്‍ ആദ്യം ഔട്ട് വിളിച്ചെങ്കിലും ലങ്കന്‍ താരങ്ങള്‍ ഡിആര്‍എസ് എടുത്തു. പന്ത് ഡെഡ് ബോളാണെന്നു കണ്ടതോടെ അംപയര്‍ നോട്ടൗട്ട് വിളിച്ചു. ഒരു റണ്ണും ലങ്കയ്ക്ക് കിട്ടി. എന്നാല്‍ അഞ്ചാം പന്തില്‍ കൂറ്റനടിയ്ക്കു ശ്രമിച്ച ഷനക പകരക്കാരനായി ഫീല്‍ഡിങിനു ഇറങ്ങിയ ജിതേഷ് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയതോടെ ഇന്ത്യന്‍ ലക്ഷ്യം 3 റണ്‍സായി.
ഇന്ത്യക്കായി സൂപ്പര്‍ ഓവറില്‍ ബാറ്റിങിനെത്തിയ ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും. വാനിന്ദു ഹസരങ്ക എറിഞ്ഞ സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ തന്നെ സൂര്യ- ഗില്‍ സഖ്യം 3 റണ്‍സ് ഓടിയെടുത്തു ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി.
തിരിച്ചടി അതിവേഗം
ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്കായി ഓപ്പണര്‍ പതും നിസ്സങ്ക സെഞ്ച്വറിയുമായി കളം വാണു. എന്നാല്‍ ലങ്കയെ വിജയത്തിലെത്തിന്റെ വക്കിലെത്തിക്കാനെ താരത്തിനായുള്ളു.
ബാറ്റിങ് തുടങ്ങിയ ലങ്കയ്ക്കു ഇന്നിങ്‌സിലെ നാലാം പന്തില്‍ തന്നെ തിരിച്ചടി കിട്ടി. പതും നിസ്സങ്ക ഹര്‍ദിക് പാണ്ഡ്യയെ ഫോറടിച്ചാണ് ലങ്കന്‍ ഇന്നിങ്‌സിനു തുടക്കമിട്ടത്. ആദ്യ മൂന്ന് പന്തില്‍ നിന്നു 7 റണ്‍സാണ് ലങ്ക നേടിയത്. നാലാം പന്ത് സഹ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസാണ് ക്രീസില്‍ നേരിട്ടത്. എന്നാല്‍ താരം ഗോള്‍ഡന്‍ ഡക്കായി പുറത്ത്. ഹര്‍ദികിന്റെ പന്തില്‍ ശുഭ്മാന്‍ ഗില്‍ മെന്‍ഡിസിനെ ക്യാച്ചെടുത്തു. കാര്യങ്ങള്‍ വരുതിയില്‍ നില്‍ക്കുമെന്നു കണക്കുകൂട്ടലിലായിരുന്നു അപ്പോള്‍ ഇന്ത്യന്‍ ക്യാംപ്.
എന്നാല്‍ രണ്ടാം ഓവര്‍ മുതല്‍ കളി മാറി. പതും നിസ്സങ്കയ്ക്ക് കൂട്ടായി കുശാല്‍ പെരേര എത്തിയതോടെ ഇന്ത്യ കളി മെല്ലെ കൈവിടുന്ന കാഴ്ചയായിരുന്നു. ഇരുവരും കൂറ്റനടികളുമായി കളം അടക്കി വാണു. പവര്‍പ്ലേയില്‍ ഇന്ത്യ 71 റണ്‍സടിച്ചെങ്കില്‍ ലങ്കന്‍ മറുപടി 72 റണ്‍സായിരുന്നു. ആറോവറില്‍ ലങ്ക 72ല്‍ എത്തി. നിസങ്കയായിരുന്നു കൂടുതല്‍ അപകടകാരി.
പിന്നാലെ കുശാല്‍ പെരേരെയും അടി തുടങ്ങിയതോടെ ഇന്ത്യന്‍ ബൗളര്‍മാര്‍ പരുങ്ങി. നിസ്സങ്കയാണ് ആദ്യം അര്‍ധ സെഞ്ച്വറിയില്‍ എത്തിയത്. 25 പന്തില്‍ താരം 50 കടന്നു. പിന്നാലെ കുശാല്‍ പെരേരയും അര്‍ധ ശതകത്തിലെത്തി. ഒന്‍പതാം ഓവറില്‍ ലങ്കന്‍ സ്‌കോര്‍ 100 താണ്ടി. സൂര്യകുമാര്‍ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചിട്ടും ഇരുവരും ഒരു പഴുതുമില്ലാതെ ബാറ്റ് വീശി.
പത്തോവറില്‍ ലങ്ക 114 റണ്‍സിലെത്തി. 12 ഓവറില്‍ ടീം 134ലും എത്തി. പിന്നാലെ കുശാല്‍ പെരേരയെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി ഇന്ത്യക്ക് ഒടുവില്‍ ബ്രേക്ക് ത്രൂ നല്‍കി. കുശാല്‍ പെരേരയെ സഞ്ജു സാംസണ്‍ വരുണിന്റെ പന്തില്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. താരം 32 പന്തില്‍ 8 ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സെടുത്തു.
എന്നാല്‍ ഒരു ഭാഗത്ത് നിസ്സങ്ക മികവ് തുടര്‍ന്നു. ചരിത് അസലങ്കയെ സാക്ഷിയാക്കി നിസ്സങ്ക പടനയിച്ചു. 15 ഓവറില്‍ ലങ്ക 157 റണ്‍സിലെത്തിയതോടെ ഇന്ത്യ അപകടം മണത്തു. ശേഷിക്കുന്ന 5 ഓവറില്‍ ലങ്കയ്ക്കു 46 റണ്‍സ് മതിയായിരുന്നു.
അതിനിടെ 5 റണ്‍സെടുത്ത അസലങ്കയെ കുല്‍ദീപ് യാദവും 3 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസിനെ അര്‍ഷ്ദീപും മടക്കിയതോടെ ഇന്ത്യക്ക് വീണ്ടും നേരിയ പ്രതീക്ഷ വന്നു. അപ്പോഴും നിസ്സങ്ക ഒറ്റയാനായി പൊരുതുന്നുണ്ടായിരുന്നു. അതിനിടെ താരം സെഞ്ച്വറിയും കടന്നു. ഈ ടൂര്‍ണമെന്റിലെ ആദ്യ സെഞ്ച്വറി ലങ്കന്‍ ഓപ്പണറുടെ ബാറ്റില്‍ നിന്നായിരുന്നു. 52 പന്തിലാണ് താരം സെഞ്ച്വറിയിലെത്തിയത്.
അവസാന രണ്ടോവറില്‍ ലങ്കന്‍ ലക്ഷ്യം 23 റണ്‍സായി. 19ാം ഓവര്‍ എറിഞ്ഞ അര്‍ഷ്ദീപ് മികവ് കാണിച്ചതോടെ ലങ്കയ്ക്ക് 11 റണ്‍സാണ് ഈയോവറില്‍ അടിക്കാനായത്. അവസാന ഓവറില്‍ അതോടെ ലക്ഷ്യം 12 റണ്‍സായി. ഹര്‍ഷിത് റാണയുടെ ആദ്യ പന്തില്‍ തന്നെ നിസ്സങ്ക പുറത്തായത് ലങ്കയ്ക്ക് കനത്ത ആഘാതമായി. താരം 58 പന്തില്‍ 6 സിക്സും 7 ഫോറും സഹിതം 107 റണ്‍സുമായി മടങ്ങി. ശേഷിക്കുന്ന 5 പന്തില്‍ ലക്ഷ്യം 12ആയി.
ജനിത് ലിയാനഗയെ ഒരറ്റത്ത് നിര്‍ത്തി ദസുന്‍ ഷനക ലക്ഷ്യത്തിനായി പൊരുതിയെങ്കിലും താരത്തിന്റെ ശ്രമം പൂര്‍ണ ഫലം കണ്ടില്ല. അവസാന പന്തില്‍ 3 റണ്‍സായിരുന്നു ലങ്കയ്ക്ക് വേണ്ടിയിരുന്നത്. അവര്‍ക്ക് 2 റണ്‍സാണ് ഓടിയെടുക്കാന്‍ സാധിച്ചത്. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ലങ്കന്‍ സ്‌കോര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെന്ന നിലയില്‍ തന്നെയെത്തി. ഷനക 11 പന്തില്‍ 22 റണ്‍സും ലിയാനഗെ 2 റണ്‍സുമായും പുറത്താകാതെ നിന്നു. പിന്നീടാണ് കളി സൂപ്പര്‍ ഓവറില്‍ നിര്‍ണയിക്കപ്പെട്ടത്.
വീണ്ടും അഭിഷേക് ശര്‍മ, ഹാട്രിക്ക് അര്‍ധ സെഞ്ച്വറി
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു ഇറങ്ങിയ ഇന്ത്യയ്ക്കായി തുടരെ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി മിന്നും തുടക്കം നല്‍കി അഭിഷേക് ശര്‍മ കത്തിപടര്‍ന്നു. പിന്നാലെ എത്തിയവരും മോശമാക്കിയില്ല. സഞ്ജു സാംസണ്‍, തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍ എന്നിവരും തിളങ്ങിയതോടെയാണ് ഇന്ത്യന്‍ ടോട്ടല്‍ 200 കടന്നത്.
22 പന്തില്‍ 2 സിക്സും 7 ഫോറും സഹിതം അതിവേഗം അര്‍ധ സെഞ്ച്വറിയിലെത്തിയ അഭിഷേക് 31 പന്തില്‍ 2 സിക്സും 8 ഫോറും സഹിതം 61 റണ്‍സുമായി മടങ്ങി. അഞ്ചാമനായി ഇത്തവണ ബാറ്റിങിനു ഇറങ്ങിയ സഞ്ജു സാംസണ്‍ 23 പന്തില്‍ 3 സിക്സും ഒരു ഫോറും സഹിതം 39 റണ്‍സുമായി തിളങ്ങി. മികവിലേക്ക് ഉയരുന്നതിനിടെയാണ് സഞ്ജു മടങ്ങിയത്.
തിലക് വര്‍മ ഒരു സിക്സും 4 ഫോറും സഹിതം 34 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നു. താരത്തിനു അര്‍ധ സെഞ്ച്വറി തൊടാനായില്ല. അക്ഷര്‍ പട്ടേല്‍ 15 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 21 റണ്‍സും അടിച്ച് പുറത്താകാതെ നിന്നു.
ഒരിക്കല്‍ കൂടി പവര്‍ പ്ലേയിലെ മികവ് ഇന്ത്യ ആവര്‍ത്തിച്ചു. 6 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 71ല്‍ എത്തി. അഭിഷേകിന്റെ തകര്‍പ്പന്‍ ബാറ്റിങാണ് പവര്‍പ്ലേയില്‍ ഇന്ത്യക്ക് കരുത്തായത്. പിന്നീടെത്തിയ തിലക്, സഞ്ജു, അക്ഷര്‍ ഫോമിലേക്കുയര്‍ന്നതോടെ ഇന്ത്യ 10 ഓവറില്‍ 100ഉം 15 ഓവറില്‍ 150 എത്തി. ഒടുവില്‍ അവസാന പന്ത് സിക്സര്‍ തൂക്കി 196ല്‍ നിന്നു അക്ഷര്‍ പട്ടേല്‍ ഇന്ത്യന്‍ സ്‌കോര്‍ 202ല്‍ എത്തിച്ചു.
ടോസ് നേടി ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനു വിടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ 15ല്‍ നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 4 റണ്‍സുമായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മടങ്ങി. താരത്തെ മഹീഷ് തീക്ഷണ സ്വന്തം ബൗളിങില്‍ ക്യാച്ചെടുത്തു പുറത്താക്കി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വീണ്ടും ബാറ്റിങില്‍ പരാജയപ്പെട്ടു. താരം 11 റണ്‍സുമായി മടങ്ങി. താരത്തെ ഹസരങ്ക വിക്കറ്റിനു മുന്നില്‍ കുരുക്കി. പിന്നാലെ അഭിഷേകും മടങ്ങി. അഭിഷേകിനെ അസലങ്കയാണ് പുറത്താക്കിയത്.
പിന്നീട് തിലകും സഞ്ജുവും ചേര്‍ന്നു ഇന്നിങ്സ് മുന്നോട്ടു നീക്കി. ഇരുവരും സ്‌കോര്‍ 150 കടത്തിയതിനു പിന്നാലെയാണ് സഞ്ജു മടങ്ങിയത്. ഇരുവരും അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്. സ്‌കോര്‍ 158ല്‍ നില്‍ക്കെ സഞ്ജു ദസുന്‍ ഷനകയുടെ പന്തില്‍ അസലങ്കയ്ക്കു പിടി നല്‍കിയാണ് പുറത്തായത്. പിന്നാലെ ദുഷ്മന്ത ചമീര സ്വന്തം പന്തില്‍ ഹര്‍ദികിനേയും മടക്കി. താരം 2 റണ്‍സില്‍ പുറത്തായി.
ഇന്ത്യ രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നത്. ജസ്പ്രിത് ബുംറ, ശിവം ദുബെ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ് എന്നിവരാണ് പകരക്കാര്‍. ലങ്ക കരുണരത്‌നയെ മാറ്റി ലിയാനഗയെ ഉള്‍പ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates