ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വിജയം സ്വന്തമാക്കി ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിനു തൂത്തുവാരി. 7 വിക്കറ്റ് ജയമാണ് ഇന്ത്യ പിടിച്ചെടുത്തത്. രണ്ടാം ടെസ്റ്റില്‍ വിജയത്തിനാവശ്യമായ 121 റണ്‍സ് ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെന്ന നിലയിലാണ് അവസാന ദിനമായ ഇന്ന് ഇന്ത്യ ബാറ്റിങിനു ഇറങ്ങിയത്. 3 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 124 റണ്‍സാണ് ജയവും പരമ്പരയും ഉറപ്പിച്ചത്.
ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ ഇന്നലെ തന്നെ ഇന്ത്യയ്ക്കു നഷ്ടമായിരുന്നു. ഇന്ന് സായ് സുദര്‍ശന്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍ എന്നിവര്‍ വിജയം തൊടുമ്പോള്‍ പുറത്താകാതെ ക്രീസില്‍ തുടര്‍ന്നു.
കെഎല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറിയുമായി (58) ജയത്തിന്റെ കടിഞ്ഞാണേന്തി. താരം 6 ഫോറും 2 സിക്സും തൂക്കി. സായ് സുദര്‍ശന്‍ 39 റണ്‍സും ഗില്‍ 13 റണ്‍സും ജയ്‌സ്വാള്‍ 8 റണ്‍സുമായും മടങ്ങി. 6 റണ്‍സുമായി ജുറേല്‍ പുറത്താകാതെ നിന്നു.
വിന്‍ഡീസിനായി ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്‌സ് 2 വിക്കറ്റെടുത്തു. ഒരു വിക്കറ്റ് ജോമല്‍ വാറിക്കനും സ്വന്തമാക്കി.
ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 518 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ഡിക്ലയര്‍ ചെയ്തപ്പോള്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്സ് 248 റണ്‍സില്‍ അവസാനിച്ചു. ഫോളോ ഓണ്‍ ചെയ്യപ്പെട്ട് രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത വിന്‍ഡീസ് 390 റണ്‍സില്‍ ഓള്‍ ഔട്ടായി. വിന്‍ഡീസിനു പരമ്പരയില്‍ ആകെ ഓര്‍ത്തിരിക്കാനുള്ള ഇന്നിങ്സായി അവരുടെ രണ്ടാം ഇന്നിങ്സ് ബാറ്റിങ് മാറി.
ഒന്നാം ഇന്നിങ്‌സില്‍ യശസ്വി ജയ്‌സ്വാള്‍ (175), ശുഭ്മാന്‍ ഗില്‍ (129) എന്നിവരുടെ സെഞ്ച്വറിയും സായ് സുദര്‍ശന്‍ (87) നേടിയ അര്‍ധ സെഞ്ച്വറിയും ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനു കരുത്തായി. ധ്രുവ് ജുറേല്‍ (44), നിതീഷ് കുമാര്‍ റെഡ്ഡി (43), കെഎല്‍ രാഹുല്‍ (38) എന്നിവരും ഇന്ത്യന്‍ സ്‌കോറിലേക്ക് ഭേദപ്പെട്ട സംഭാവന നല്‍കി.
പരമ്പരയില്‍ ആദ്യമായി വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയ്ക്കു മുന്നില്‍ ലീഡുയര്‍ത്തുന്ന കാഴ്ചയായിരുന്നു ഡല്‍ഹിയില്‍. ഇന്നിങ്സ് തോല്‍വി ഒഴിവാക്കി രണ്ടാം ഇന്നിങ്സില്‍ വിന്‍ഡീസ് ബാറ്റിങ് നിര ക്രീസില്‍ പൊരുതി നിന്നു. ഫോളോ ഓണ്‍ ചെയ്ത അവര്‍ പക്ഷേ രണ്ടാം ഇന്നിങ്സില്‍ വീരോചിത പോരാട്ടം പുറത്തെടുത്തു.
2 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെന്ന നിലയിലാണ് നാലാം ദിനം വിന്‍ഡീസ് ബാറ്റിങ് പുനരാരംഭിച്ചത്. ജോണ്‍ കാംപെല്‍, ഷായ് ഹോപ് എന്നിവര്‍ കിടിലന്‍ സെഞ്ച്വറിയുമായി പോരാട്ടം ഇന്ത്യന്‍ ക്യാംപിലേക്ക് നയിച്ചു. കാംപെല്‍ 199 പന്തുകള്‍ ചെറുത്ത് 3 സിക്സും 12 ഫോറും സഹിതം 115 റണ്‍സെടുത്തു. ഹോപ് 214 പന്തുകള്‍ പ്രതിരോധിച്ച് 103 റണ്‍സും സ്വന്തമാക്കി. താരം 12 ഫോറും 2 സിക്സും തൂക്കി. കാംപെലിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയാണ് ഡല്‍ഹിയില്‍ പിറന്നത്. ഷായ് ഹോപിന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 177 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.
പിന്നീട് എത്തിയവരില്‍ ക്യാപ്റ്റന്‍ റോസ്റ്റന്‍ ചെയ്സും പിടിച്ചു നിന്നു. താരം 72 പന്തില്‍ 40 റണ്‍സുമായി പുറത്തായി. പിന്നീട് തുടരെ വിക്കറ്റുകള്‍ വിന്‍ഡീസിനു നഷ്ടമായി. എന്നാല്‍ പത്താം വിക്കറ്റില്‍ ഒന്നിച്ച ജസ്റ്റിന്‍ ഗ്രീവ്സ്- ജയ്ഡന്‍ സീല്‍സ് സഖ്യം ലീഡ് 100 കടത്തി വിന്‍ഡീസിനു ആശ്വാസം സമ്മാനിക്കുകയായിരുന്നു.
ജസ്റ്റിന്‍ ഗ്രീവ്സ് അര്‍ധ സെഞ്ച്വറിയടിച്ചു. താരം 85 പന്തുകള്‍ ചെറുത്ത് 50 റണ്‍സുമായി പൊരുതി. ഗ്രീവ്സ് പുറത്താകാതെ നിന്നു. പത്താമനായി എത്തിയ ജയ്ഡന്‍ സീല്‍സ് 67 പന്തുകള്‍ പ്രതിരോധിച്ച് വിലപ്പെട്ട 32 റണ്‍സുകള്‍ ബോര്‍ഡില്‍ ചേര്‍ത്തു. താരത്തെ വീഴ്ത്തി ഒടുവില്‍ ജസ്പ്രിത് ബുംറയാണ് വിന്‍ഡീസിന്റെ ചെറുത്തു നില്‍പ്പ് അവസാനിപ്പിച്ചത്.
ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിലും കുല്‍ദീപ് യാദവ് ബൗളിങില്‍ തിളങ്ങി. താരം 3 വിക്കറ്റുകള്‍ വീഴ്ത്തി രണ്ടിന്നിങ്സിലുമായി നേട്ടം 8 വിക്കറ്റാക്കി. ജസ്പ്രിത് ബുംറയും 3 വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകളും രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും എടുത്തു. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യക്കായി കുല്‍ദീപ് യാദവ് 5 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. രവീന്ദ്ര ജഡേജ 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
ഒന്നാം ഇന്നിങ്സിലും വാലറ്റത്തിന്റെ ബാറ്റിങ് നിര്‍ണായകമായി. വാലറ്റമാണ് വിന്‍ഡീസ് സ്‌കോര്‍ പരമ്പരയില്‍ ആദ്യമായി 200 കടത്തിയത്. 9ാം വിക്കറ്റില്‍ ഖെരി പിയറി (23)യേയും പത്താം വിക്കറ്റില്‍ ജയ്ഡന്‍ സീല്‍സിനേയും (13) കൂട്ടുപിടിച്ച് ആന്‍ഡേഴ്‌സന്‍ ഫിലിപാണ് ടീം സ്‌കോര്‍ 200 കടത്തി 250ന്റെ വക്കില്‍ എത്തിച്ചത്. താരം 93 പന്തുകള്‍ ചെറുത്ത് 24 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. പന്തുകള്‍ നേരിട്ടതിന്റെ കണക്കെടുത്താല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ഏറ്റവും കൂടുതല്‍ പന്തുകള്‍ ചെറുത്ത താരവും ആന്‍ഡേഴ്‌സന്‍ ഫിലിപ്പ് തന്നെ. ജയ്ഡന്‍ സീല്‍സിനെ വിക്കറ്റിനു മുന്നില്‍ കുരുക്കി കുല്‍ദീപാണ് വിന്‍ഡീസ് ഇന്നിങ്‌സിനു തിരശ്ശീലയിട്ടത്. 175 റണ്‍സിനിടെ 8 വിക്കറ്റുകള്‍ നഷ്ടമായ വിന്‍ഡീസ് പിന്നീട് രണ്ട് വിക്കറ്റ് നഷ്ടത്തിനിടെ 73 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് സ്‌കോര്‍ 248ല്‍ എത്തിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates