പട്‌ന: ഐപിഎല്‍ കളിക്കാനെത്തിയ രാജസ്ഥാന്റെ പതിനാലുകാരന്‍ പയ്യന്‍ വൈഭവ് സൂര്യവംശി (Vaibhav Suryavanshi) നടത്തിയ സൂപ്പര്‍ പ്രകടനത്തോടെയാണ് ആ കൗമാരക്കാരനെ ക്രിക്കറ്റ് ആരാധകര്‍ ഹൃദയത്തിലേറ്റിയത്. ഐപിഎല്‍ ക്വാളിഫയര്‍ നേടുന്നതില്‍ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടെങ്കിലും ടീമിനായി മികച്ച പ്രകടനമാണ് വൈഭവ് നടത്തിയത്. ഗുജറാത്തിനെതിരെ 35 പന്തില്‍ അതിവേഗം സെഞ്ച്വറി നേടി നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു.
പട്‌നവിമാനത്താവളത്തില്‍ വച്ച് സൂര്യവംശിയും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കണ്ടുമുട്ടിയപ്പോള്‍ അത് കൗമാരക്കാരന്റെ ജീവിതത്തിലെ അസുലഭ മൂഹൂര്‍ത്തമായി. മോദിയുടെ കാല്‍ തൊട്ടുവന്ദിച്ച് സൂര്യവംശി അനുഗ്രഹം വാങ്ങി. കൂടിക്കാഴ്ചയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച മോദി അദ്ദേഹത്തിന്റെ ക്രിക്കറ്റ് പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു.
'പട്‌ന വിമാനത്താവളത്തില്‍ വച്ച് കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയെയും കുടുംബത്തെയും കണ്ടുമുട്ടി. അദ്ദേഹത്തിന്റെ ക്രിക്കറ്റ് മാസ്മരികതയെ രാജ്യമെമ്പാടും പ്രശംസിക്കുന്നു. താരത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ആശംസകള്‍' മോദി എക്‌സില്‍ കുറിച്ചു.
ഈ ഐപിഎല്‍ സീസണിലെ മികച്ച കളിക്കാരില്‍ ഒരാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവംശി. ഏഴ് മത്സരങ്ങളില്‍ നിന്നായി കൗമാരതാരം 252 റണ്‍സ് നേടുകയും ചെയ്തു. കളിക്കളത്തില്‍ പ്രായത്തിനപ്പുറമുള്ള പക്വതയാണ് ഈ താരത്തെ വേറിട്ടതാക്കുന്നത്. ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡുമായി ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച പതിനാലുകാരന്റെ പ്രകടനത്തിന് മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെയും ട്വന്റി20 ക്രിക്കറ്റിലെയും ഒരുപിടി റെക്കോര്‍ഡുകളാണ് തകര്‍ന്നുവീണത്. ഐപിഎല്‍ താരലേലത്തില്‍ വൈഭവ് സൂര്യവംശിയെ 1.10 കോടി രൂപ നല്‍ കിയാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates