മുംബൈ: ഐപിഎൽ 15ാം സീസണിന്റെ ചിത്രം തെളിഞ്ഞതിന് പിന്നാലെ മത്സര ക്രമത്തിൽ പരീക്ഷണവുമായി ബിസിസിഐ. ഇത്തവണ ഐപിഎലിൽ പങ്കെടുക്കുന്ന 10 ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് പുതിയ പരീക്ഷണം. 10 ടീമുകൾ ഐപിഎലിന്റെ ഭാഗമായിരുന്ന 2011ലെ രീതിയുമായി സാമ്യമുള്ളതാണ് ഇത്തവണത്തെ മത്സരക്രമവും.
സീസണിലെ ഐപിഎൽ പോരാട്ടങ്ങൾക്ക് മാർച്ച് 26നാണ് തുടക്കമാകുന്നത്. ഫൈനൽ മെയ് 29ന് നടക്കും.
അഞ്ച് തവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന്റെ നേതൃത്വത്തിൽ ഒരു ഗ്രൂപ്പും നാല് തവണ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സിന്റെ നേതൃത്വത്തിലുള്ള ഒരു ഗ്രൂപ്പുമാണ് ഇത്തവണ ഉണ്ടാവുക. മുംബൈയും സംഘവും ഗ്രൂപ്പ് എയും ചെന്നൈയും സംഘവും ഗ്രൂപ്പ് ബിയും ആയിരിക്കും.
ഓരോ ടീമുകളും എത്ര തവണ ഐപിഎൽ ചാമ്പ്യൻമാരായി, എത്ര തവണ ഫൈനൽ കളിച്ചു എന്നീ ഘടകങ്ങൾ പരിഗണിച്ച് പ്രത്യേകം സീഡിങ് തയാറാക്കിയാണ് രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ചത്. ഈ സീഡിങ്ങിൽ ഒന്നാമതെത്തിയ ടീമെന്ന നിലയിലാണ് മുംബൈ ഗ്രൂപ്പ് എയിലെ ആദ്യ ടീമായത്. രണ്ടാം സ്ഥാനത്തെത്തിയ ചെന്നൈ ഗ്രൂപ്പ് ബിയിലെ ഒന്നാമൻമാരുമായി.
മുംബൈ ഇന്ത്യൻസിനു പുറമേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നിവർ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് എ. ഗ്രൂപ്പ് ബിയിൽ ചെന്നൈ സൂപ്പർ കിങ്സിനു പുറമേ സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, പഞ്ചാബ് കിങ്സ് എന്നിവർക്കൊപ്പം പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസും അണിനിരക്കും.
പുതിയ മത്സര ക്രമത്തിൽ 10 ടീമുകളും 14 മത്സരങ്ങൾ വീതമാണ് കളിക്കുക. അതിൽ ഏഴ് ഹോം മത്സരങ്ങളും ഏഴ് എവേ മത്സരങ്ങളുമാണ് ഉണ്ടാകുക. അങ്ങനെ 10 ടീമുകൾക്കുമായി ആകെ 70 മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലെയും ടീമുകൾ പരസ്പരം രണ്ട് മത്സരങ്ങൾ വീതം കളിക്കും. രണ്ടാമത്തെ ഗ്രൂപ്പിലെ ഒരു ടീമുമായി രണ്ട് മത്സരങ്ങളും ബാക്കി ടീമുകളുമായി ഓരോ മത്സരങ്ങളുമാണ് കളിക്കേണ്ടത്.
മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് അവർ ഉൾപ്പെടുന്ന ഗ്രൂപ്പ് എയിലെ മറ്റു ടീമുകളുമായി രണ്ട് മത്സരങ്ങൾ വീതം കളിക്കണം. മുംബൈ, കൊൽക്കത്ത, ഡൽഹി, ലഖ്നൗ ടീമുകളുമായി രണ്ട് മത്സരങ്ങൾ വീതം.
സീഡിങ് പ്രകാരം രാജസ്ഥാൻ ഗ്രൂപ്പ് എയിൽ മൂന്നാമതായതിനാൽ ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനക്കാരായ റോയൽ ചാലഞ്ചേഴ്സുമായും രണ്ട് മത്സരം കളിക്കണം. ഗ്രൂപ്പ് ബിയിലെ ശേഷിക്കുന്ന ടീമുകളായ ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത്, പഞ്ചാബ് ടീമുകളുമായി ഓരോ മത്സരങ്ങളും കളിക്കണം. ഇതിൽ രണ്ട് മത്സരങ്ങൾ വീതം ഹോം, എവേ മത്സരങ്ങൾ. അങ്ങനെ ആകെ 14 മത്സരങ്ങൾ.
ഹോം, എവേ മത്സരങ്ങളായിട്ടാണ് നടത്തുന്നതെങ്കിലും ഇതിന് പോയിന്റ് നിലയിൽ സ്വാധീനമില്ല. കാരണം, ഇത്തവണ മഹാരാഷ്ട്രയിലെ നാല് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. മുംബൈയിൽ ആകെ 55 മത്സരങ്ങളും പുനെയിൽ 15 മത്സരങ്ങളും. വാങ്കഡെ, ഡിവൈ പാട്ടീൽ സ്റ്റേഡിയങ്ങളിൽ ഓരോ ടീമിനും നാല് മത്സരങ്ങൾ വീതമുണ്ടാകും. ബ്രാബൺ സ്റ്റേഡിയത്തിലും പുനെയിലും മൂന്ന് മത്സരങ്ങൾ വീതവും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates