തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിലെ ആദ്യ മത്സരത്തിൽ തൃശൂർ ടൈറ്റൻസിന് വിജയം. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ ഏഴ് വിക്കറ്റിനാണ് ടൈറ്റൻസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ ടൈറ്റൻസ് 19 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അർദ്ധ സെഞ്ച്വറി നേടിയ നിഖിൽ തോട്ടതാണ് കളിയിലെ താരം.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന് ഇന്നിങ്സിലെ രണ്ടാം പന്തിൽ തന്നെ വരുൺ നായനാരുടെ വിക്കറ്റ് നഷ്ടമായി. ആനന്ദ് ജോസഫിന്റെ പന്തിൽ നിഖിൽ തോട്ടത്ത് ക്യാച്ചെടുത്താണ് വരുൺ മടങ്ങിയത്. രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും കെ. എസ്. അരവിന്ദും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടർന്നുള്ള ഓവറുകളിൽ ഇരുവരെയും പുറത്താക്കി ബിജു നാരായണൻ കാലിക്കറ്റിന്റെ കുതിപ്പിന് തടയിട്ടു. രോഹൻ കുന്നുമ്മൽ 30-ഉം അരവിന്ദ് 26-ഉം റൺസെടുത്തു. തുടർന്നെത്തിയ അഖിൽ സ്കറിയയും (9), അശ്വിൻ ആനന്ദും (2) അതിവേഗം മടങ്ങിയത് ടീമിന് തിരിച്ചടിയായി.
സൽമാൻ നിസാർ രണ്ട് ബൗണ്ടറികളുമായി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും 13 റൺസെടുത്ത് പുറത്തായി. ഏഴാമനായെത്തിയ കൃഷ്ണദേവന്റെ ഇന്നിങ്സാണ് കാലിക്കറ്റിന്റെ സ്കോർ 137-ൽ എത്തിച്ചത്. 15 പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കമാണ് കൃഷ്ണദേവൻ 27 റൺസെടുത്തത്. അബ്ദുൾ ബാസിത് 18 റൺസെടുത്തു. തൃശൂരിനു വേണ്ടി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ ടൈറ്റൻസിന് ഓപ്പണർമാരെ തുടക്കത്തിൽ തന്നെ നഷ്ടമായി. കെ. ആർ. രോഹിതിനെയും (3), അഹ്മദ് ഇമ്രാനെയും (10) അഖിൻ സത്താറാണ് പുറത്താക്കിയത്. എന്നാൽ മധ്യനിരയിൽ ഒത്തുചേർന്ന ഷോൺ റോജറുടെയും നിഖിൽ തോട്ടത്തിലിന്റെയും ഇന്നിങ്സുകൾ തൃശൂരിന് കരുത്തായി. ഇരുവരും ചേർന്ന് 42 റൺസ് കൂട്ടിച്ചേർത്തു.
ഷോൺ റോജർ 30 റൺസെടുത്ത് പുറത്തായെങ്കിലും മറുവശത്ത് ഉറച്ചുനിന്ന നിഖിൽ മികച്ചൊരു ഇന്നിങ്സുമായി ടീമിനെ വിജയത്തിലെത്തിച്ചു. 48 പന്തുകളിൽ 59 റൺസുമായി നിഖിൽ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ എം. എസ്. അഖിൽ 27 റൺസുമായി നിഖിലിന് പിന്തുണയേകി. 16.5 ഓവറിൽ തൃശൂർ ലക്ഷ്യത്തിലെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates