ബംഗളുരു: ഐപിഎൽ 2026ലെ ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെ 6 വിക്കറ്റിന് തകർത്ത് മിന്നും വിജയമാണ് ആർസിബി സ്വന്തമാക്കിയത്. സൺറൈസേഴ്‌സിന്റെ മൂന്ന് ബാറ്റർമാരെ ആർസിബി താരം ഫിൽ സാൾട്ട് ഉഗ്രൻ ക്യാച്ചിലൂടെ പുറത്താക്കിയിരുന്നു.
ഒപ്പം വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങും കൂടി ആയപ്പോൾ ആർസിബി ഹൈദരാബാദിനെ അനായാസം കീഴടക്കാൻ കഴിഞ്ഞു.
ആർസിബിയുടെ മെന്‍റർ ദിനേശ് കാർത്തിക് മത്സരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരുന്നു. "പെർഫെക്റ്റ് സ്റ്റാർട്ട് " എന്ന അടിക്കുറിപ്പോടെയാണ് വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ എന്നിവരുടെ ചിത്രങ്ങളാണ് ദിനേശ് കാർത്തിക് ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചത്.
എന്നാൽ ചിത്രങ്ങളിൽ തന്റെ ക്യാച്ച് ഉൾപ്പെടുത്തിയില്ല എന്ന പരാതിയുമായി ഫിൽ സാൾട്ട് രംഗത്ത് എത്തി. തന്റെ വിഷമം കാർത്തിക് പങ്ക് വെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ കമന്റ് ആയി ഫിൽ സാൾട്ട് പങ്ക് വെക്കുകയും ചെയ്തു.
ഫിൽ സാൾട്ടിന്റെ പരാതിക്ക് മറുപടിയുമായി ദിനേശ് കാർത്തിക് തന്നെ രംഗത്ത് എത്തി. തീഗോളം പോലെ വരുന്ന പന്ത് കൈപ്പിടിയിൽ ഒതുക്കുന്ന ഫിൽ സാൾട്ടിന്റെ ഒരു വിഡിയോ പങ്ക് വെച്ച് കൊണ്ടാണ് കാർത്തിക് പ്രശ്നത്തിന് പരിഹാരം കണ്ടത്തിയത്.
'' ഈ നാട്ടിലെ ഏറ്റവും സുരക്ഷിതമായ കരങ്ങൾക്ക് പ്രത്യേക അഭിനന്ദനം'' എന്ന തലക്കെട്ടോടെയാണ് ഈ വിഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഈ വിഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates