ക്രൈസ്റ്റ്ചര്‍ച്ച്: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരം. ഒന്നാം ഇന്നിങ്സില്‍ കിവികള്‍ 356 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 246 റണ്‍സില്‍ അവസാനിച്ചു. 110 റണ്‍സ് ലീഡ് പിടിച്ചാണ് കിവികള്‍ ഇന്ത്യന്‍ ഇന്നിങ്സിന് തിരശ്ശീലയിട്ടത്. പിന്നാലെ രണ്ടാം ഇന്നിങ്സ് തുടങ്ങിയ ന്യൂസിലന്‍ഡ് 3 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍. നിലവില്‍ അവര്‍ക്ക് 243 റണ്‍സിന്റെ മൊത്തം ലീഡ്. കളി നിര്‍ത്തുമ്പോള്‍ 46 റണ്‍സുമായി രചിന് രവീന്ദ്രയും 5 റണ്‍സുമായി ഡാരില്‍ മിച്ചലുമാണ് ക്രീസില്‍.
ഏറെക്കുറെ കളി കിവികൾ ചിറകിനിടയിൽ വച്ചിരിക്കുകയാണെങ്കിലും ഇന്ത്യയുടെ സാധ്യതകൾ അവസാനിച്ചിട്ടില്ല. ഇന്ത്യയെ സംബന്ധിച്ച് ഇനി രണ്ട് നിര്‍ണായക ദിനങ്ങളാണ് മുന്നില്‍. ഈ ടെസ്റ്റ് വേണമെങ്കില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ സാധിക്കും. നാലാം ദിനത്തില്‍ പരമാവധി ആദ്യ രണ്ട് സെഷനില്‍ തന്നെ കിവികളെ പുറത്താക്കുക. ശേഷിച്ച രണ്ട് സെഷനുകളും പിന്നാലെ അഞ്ചാം ദിനവും ബാറ്റ് ചെയ്ത് കിവികള്‍ മുന്നില്‍ വയ്ക്കുന്ന ലക്ഷ്യം മറികടക്കുക. ന്യൂസിലന്‍ഡ് ഇന്ത്യയ്ക്ക് മുന്നില്‍ പരമാവധി 450ല്‍ താഴെ ലക്ഷ്യം വച്ചാലുള്ള സാധ്യതകളാണ് ഇത്. ഒന്നാം ഇന്നിങ്സിലേത് പോലെ മുന്‍നിര സ്വയം കുഴി തോണ്ടാതിരുന്നാല്‍ മാത്രമേ ലക്ഷ്യം താണ്ടാന്‍ ഇന്ത്യക്ക് സാധിക്കു എന്നതും ഓര്‍ക്കണം.
രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ന്യൂസിലന്‍ഡിന് 22 റണ്‍സില്‍ നില്‍ക്കെയാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ക്യാപ്റ്റന്‍ ടോം ലാതം 8 റണ്‍സുമായി ബുംറയ്ക്ക് മുന്നില്‍ മൂന്നാം വട്ടവും വീണു. ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്സിലും ലാതം ബുംറയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ലാതം അര്‍ധ സെഞ്ച്വറിയുമായി ഫോമിലേക്ക് മടങ്ങിയെത്തി. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ബുംറയ്ക്ക് മുന്നിൽ ലാതം വീണ്ടും വീണു. ക്ലീന്‍ ബൗള്‍ഡായാണ് കിവീസ് നായകന് മടങ്ങിയത്.
ഈ ടെസ്റ്റില്‍ ബുംറ വീഴ്ത്തുന്ന ആദ്യ വിക്കറ്റ് കൂടിയായിരുന്നു ഇത്. ഒന്നാം ഇന്നിങ്സില്‍ ബുംറയ്ക്ക് വിക്കറ്റുണ്ടായിരുന്നില്ല. രണ്ടാം ഇന്നിങ്സ് തുടങ്ങിയ ന്യൂസിലന്‍ഡിന് മൂന്നാം ദിനം നഷ്ടമായ 3 വിക്കറ്റുകളില്‍ രണ്ടെണ്ണവും സ്വന്തമാക്കിയത് ബുംറയാണ്. ലാതത്തിനു പിന്നാലെ ബുംറ, മികവിലേക്ക് ഉയരുകയായിരുന്ന ഹെൻറി നിക്കോള്‍സിനെയും മൂന്നാം ദിനത്തില്‍ മടക്കി. താരം 22 റണ്‍സെടുത്തു.
രണ്ടാം ഇന്നിങ്സില്‍ മൂന്നാം വിക്കറ്റായി മടങ്ങിയത് ഡെവോണ്‍ കോണ്‍വെയാണ്. താരം അര്‍ധ സെഞ്ച്വറി നേടി. 51 റണ്‍സടിച്ചാണ് കോണ്‍വെ മടങ്ങിയത്. വാഷിങ്ടന്‍ സുന്ദറിനാണ് വിക്കറ്റ്.
നേരത്തെ 6 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇന്ത്യക്കായി ധ്രുവ് ജുറേലിന്റെ നേതൃത്വത്തില്‍ വാലറ്റം നടത്തിയ ചെറുത്തുനില്‍പ്പാണ് സ്കോര്‍ 200 കടത്തിയത്. അര്‍ഹിച്ച സെഞ്ച്വറിക്ക് 12 റണ്‍സ് അകലെ ജുറേലിന്റെ പോരാട്ടം അവസാനിപ്പിച്ചാണ് കിവികള്‍ ഇന്ത്യന്‍ ഇന്നിങ്സ് തീര്‍ത്തത്.
രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 45 പന്തില്‍ 7 റണ്‍സുമായി നില്‍ക്കുകയായിരുന്നു ജുറേല്‍. മൂന്നാം ദിനത്തില്‍ കരുതലോടെ മുന്നോട്ടു പോയ താരം 170 പന്തുകള്‍ നേരിട്ട് 14 ഫോറുകള്‍ സഹിതം 88 റണ്‍സെടുത്ത് നടത്തിയ പോരാട്ടം ഉജ്ജ്വലമായിരുന്നു. മുന്‍നിര പരാജയപ്പെട്ട പിച്ചിലാണ് ജുറേല്‍ ക്ഷമയുടെ ആള്‍രൂപമായി ബാറ്റ് വീശിയത്.
ആകാശ് ദീപ് 52 പന്തില്‍ 4 ഫോറുകള്‍ സഹിതം 29 റണ്‍സെടുത്തു. ഗുര്‍നൂര്‍ ബ്രാര്‍ 46 പന്തില്‍ 10 റണ്‍സും കണ്ടെത്തി. ജസ്പ്രിത് ബുംറ 17 പന്തില്‍ 4 റണ്‍സുമായി പുറത്താകാതെ നിന്നു.
കിവീസ് നിരയില്‍ കെയ്ല്‍ ജാമിസന് 4 വിക്കറ്റുകളുമായി തിളങ്ങി. മാറ്റ് ഹെൻറി, നതാന്‍ സ്മിത്ത്, ജേക്കബ് ഡഫി എന്നിവര്‍ 2 വീതം വിക്കറ്റുകളും വീഴ്ത്തി.
ഒന്നാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ മുന്‍നിര തകരുന്ന കാഴ്ചയാണ് കണ്ടത്. റണ്‍സ് ഒന്നും എടുക്കാതെ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ പുറത്തായത് ടീമിനെ ഞെട്ടിച്ചു. ദേവ്ദത്ത് പടിക്കലും (21) കെ എല്‍ രാഹുലും (25) ടീമിനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതീക്ഷ തോന്നിപ്പിച്ചുവെങ്കിലും അത് താത്കാലികം മാത്രമായിരുന്നു. ദേവ്ദത്ത് പടിക്കല്‍ പുറത്തായതിന് പിന്നാലെ കാര്യമായി സംഭാവന നല്കാന് കഴിയാതെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (17), ഋഷഭ് പന്ത് (23) എന്നിവരും പുറത്തായതോടെ ഇന്ത്യന്‍ ടീം തകര്‍ച്ച മണത്തു.
ഒരുവശത്ത് വിക്കറ്റ് കാത്തുനിന്ന രാഹുലിലായിരുന്നു പിന്നീട് പ്രതീക്ഷ. എന്നാല്‍ ഈ പ്രതീക്ഷ തകര്‍ത്ത് കെഎല്‍ രാഹുലും പുറത്തായതോടെ ടീം കടുത്ത പ്രതിരോധത്തിലായി. രണ്ടാം ദിനം വാഷിങ്ടന്‍ സുന്ദറും പുറത്തായതിനു പിന്നാലെയാണ് കളി അവസാനിപ്പിച്ചത്. 10 റണ്‍സായിരുന്നു വാഷിങ്ടണ്‍ സുന്ദറിന്റെ സ്കോര്‍.
നേരത്തേ കിവീസിന്റെ ഒന്നാം ഇന്നിങ്സ് 356 റണ്‍സില്‍ അവസാനിച്ചിരുന്നു. 211 പന്തില്‍ നിന്ന് 89 റണ്‍സെടുത്ത ടോം ബ്ലണ്ടലാണ് കിവീസിന്റെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി ആകാശ് ദീപ് അഞ്ച് വിക്കറ്റ് വീഴ്ത്തി. 26 ഓവറുകളെറിഞ്ഞ ജസ്പ്രിത് ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. അന്‍ഷുല്‍ കാംബോജും ഗുര്‍നൂര്‍ ബ്രാറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates