മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയെങ്കിലും ബാറ്റിങ് നിരയുടെ സ്ഥിരത ഇല്ലായ്മ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ പങ്കിട്ട ആശങ്കകളെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ കോച്ചും ഇതിഹാസ താരവുമായ രവി ശാസ്ത്രി. ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെയുള്ള ബാറ്റിങ് നിരയുടെ അസ്ഥിരതയാണ് ഗംഭീറിനെ ആശങ്കയിലാക്കുന്നത്. നാലാം ഏകദിനത്തില്‍ ഇന്ത്യയെ വെറും 89 റണ്‍സിന് പുറത്താക്കാന്‍ ന്യൂസിലന്‍ഡിനു സാധിച്ചിരുന്നു. ഈ മത്സരത്തിനു ശേഷമാണ് ഗംഭീര്‍ തന്റെ ആശങ്ക മാധ്യമങ്ങളോടു സംസാരിക്കവെ തുറന്നു പറഞ്ഞത്.
അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. ഇന്ത്യ നാലും അഞ്ചും ഏകദിനങ്ങള്‍ കളിച്ച മൗണ്ട് മൗന്‍ഗനൂയിയിലെ പിച്ചിന് സമാനമാണ് ലോകകപ്പിലെ പിച്ചുകള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഗംഭീര്‍ തന്റെ ആശങ്ക പങ്കിട്ടത്.
'90 റണ്‍സ് പോലും തികയ്ക്കാന്‍ സാധിക്കാതെ ഓള്‍ഔട്ടാകുമ്പോള്‍ ആശങ്കയുണ്ടാകും. ലോകകപ്പില്‍ നമുക്ക് ലഭിക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളോടു ഏറ്റവും അടുത്തു നില്‍ക്കുന്ന പിച്ചുകളാണിത്. ബൗളര്‍മാര്‍ക്ക് ഇത്തരം പിച്ചില്‍ കൂടുതല്‍ ആനുകൂല്യം കിട്ടും ശരിയാണ്. അതിനാല്‍ മാനസികമായി മാത്രമല്ല സാങ്കേതികമായും നമ്മള്‍ ഏറെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്.'
'ഇതില്‍ റണ്‍സ് എത്ര കിട്ടി എന്നതല്ല വിഷയം. നമ്മള്‍ എത്ര വേഗത്തില്‍ ഔട്ടായി എന്നതാണ് ആശങ്കപ്പെടുത്തുന്നത്. മാറ്റ് ഹെന്റി മികച്ച ഏരിയകളില്‍ പന്തെറിഞ്ഞു ശരിയാണ്. പക്ഷേ അതിനെ അതിജീവിക്കാന്‍ നമുക്ക് സാധിക്കണം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാന്‍ കഴിയാത്ത പന്തുകള്‍ എന്നത് ഇല്ലാത്ത കാര്യമാണ്'- ഗംഭീര്‍ പറഞ്ഞു.
ഗംഭീറിന്റെ ഈ നിരീക്ഷണം വളരെ കൃത്യമാണെന്നു അഞ്ചാം ഏകദിനത്തിനു ശേഷം സോണി ലിവില്‍ സംസാരിക്കവേ ശാസ്ത്രി എടുത്തു പറഞ്ഞു. ബാറ്റിങ് ഏറെ മെച്ചപ്പെടേണ്ടതുണ്ടെന്നു മുന്‍ കോച്ചും ചൂണ്ടിക്കാട്ടി.
'വാര്‍ത്താസമ്മേളനത്തില്‍ ഗംഭീര്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമാണ്. ദക്ഷിണാഫ്രിക്കയില്‍ ലഭിക്കാവുന്ന സാഹചര്യങ്ങളോട് ഏറ്റവും അടുത്തു നില്‍ക്കുന്ന പിച്ചുകളായതിനാലാണ് ഞാന്‍ നിരാശനാകുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. അതു ശരിയാണ്. ഭാവിയില്‍ മികച്ച പ്രകടനം ഇന്ത്യ പുറത്തെടുക്കുമെന്നാണ് ഞാനും പ്രതീക്ഷിക്കുന്നത്. ബാറ്റര്‍മാരുടെ അര്‍പ്പണബോധം മെച്ചപ്പെടണം. ചില സമയങ്ങളിൽ സാഹചര്യങ്ങള്‍ കടുപ്പമായിരിക്കും. ആ സമയം പിടിച്ചു നില്‍ക്കാന്‍ സാധിക്കണം. എപ്പോഴും 300- 320 റണ്‍സ് ലക്ഷ്യമിടാന്‍ സാധിക്കില്ല. ചില പിച്ചുകളില്‍ 260-270 റണ്‍സ് തന്നെ വിജയിക്കാന്‍ മതിയാകും'- ശാസ്ത്രി വ്യക്തമാക്കി.
അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ 209 റണ്‍സ് മാത്രമാണ് നേടിയത്. എന്നിട്ടും ഇന്ത്യ വിജയം സ്വന്തമാക്കി. അര്‍ഷ്ദീപ് സിങിന്റേയും മുഹമ്മദ് സിറാജിന്റേയും മികച്ച ബൗളിങില്‍ ഇന്ത്യ കിവികളെ 187 റണ്‍സില്‍ ഒതുക്കി വിജയം പിടിച്ചാണ് പരമ്പര 3-1നു സ്വന്തമാക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates