ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ- പാകിസ്ഥാൻ മാച്ച് റഫറിയായിരുന്ന ആൻഡി പൈക്രോഫ്റ്റിനെ ഒഫീഷ്യൽ പനലിൽ നിന്നു പുറത്താക്കണമെന്ന പാക് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം നിരസിച്ചത് ഐസിസിയിലെ ഒരു ഇന്ത്യക്കാരനെന്നു റിപ്പോർട്ട്. മാച്ച് റഫറിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെട്ടത് ഐസിസിയുടെ പുതിയ സിഇഒ സൻജോഗ് ഗുപ്തയാണെന്നു ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. വിഷയത്തിൽ പൈക്രോഫ്റ്റിനു ചെറിയ പങ്ക് മാത്രമേ ഉള്ളുവെന്ന നിലപാടെടുത്താണ് ഐസിസി ആവശ്യം തള്ളിയത്.
പൈക്രോഫ്റ്റിനെ മാറ്റേണ്ട തക്കതായ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പിസിബി ആവശ്യത്തോടു സൻജോഗ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഐസിസി സമിതി മുഖം തിരിച്ചത്. ആഭ്യന്തര അന്വേഷണം നടത്തി പെരുമാറ്റച്ചട്ടമോ ഔദ്യോഗിക നടപടിക്രമങ്ങളോ ലംഘിച്ചിട്ടില്ലെന്ന നിഗമനത്തിൽ ഐസിസി എത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് പാക് ആവശ്യത്തിനു വഴങ്ങേണ്ടതില്ലെന്ന നിലപാടിലേക്ക് ഐസിസി എത്തിയത്.
ഇക്കഴിഞ്ഞ ജൂലൈയിലാണ് സൻജോഗ് ഐസിസി സിഇഒ ആയി നിയമിതനാകുന്നത്. ഐസിസിയുടെ ഏഴാമത്തെ സിഇഒയാണ് സൻജോഗ്. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് സൻജോഗ്. പത്രപ്രവർത്തകനായി കരിയർ ആരംഭിച്ച സൻജോഗ് 2020ൽ സ്റ്റാർ ഇന്ത്യയിലേക്ക് ചേക്കേറി. 2020ൽ ഡിസ്നി ആൻഡ് സ്റ്റാർ ഇന്ത്യയുടെ സ്പോർട്സ് വിഭാഗം മേധാവിയായി. ഓസ്ട്രേലിയക്കാരൻ ജെഫ് അല്ലാർഡൈസിന്റെ പകരക്കാരനായാണ് സൻജോഗ് ഐസിസിയിലെത്തിയത്.
ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റൻ സൽമാൻ ആഘയ്ക്ക് ടോസ് ഇട്ട ശേഷം കൈ കൊടുക്കാത്തതാണ് വിവാദമായത്. മത്സര ശേഷവും ഇന്ത്യൻ താരങ്ങൾ ആരും തന്നെ പാക് കളിക്കാരുമായി ഹസ്തദാനത്തിനും മറ്റും നിൽക്കാത്തതും അവർക്ക് വലിയ നാണക്കേടുണ്ടാക്കി. പാക് ക്യാപ്റ്റനോട് പൈക്രോഫ്റ്റാണ് ഹസ്തദാനം നൽകേണ്ടതില്ലെന്ന സന്ദേശം നൽകിയതെന്ന ആരോപണമാണ് പാക് ടീം ഉന്നയിച്ചത്. പിന്നാലെയാണ് പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യവുമായി അവർ രംഗത്തെത്തിയത്. ഒരുവേള അവർ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന ഭീഷണിയും മുഴക്കിയിരുന്നു.
ടോസ് സമയത്ത് ഒരു ക്യാപ്റ്റൻ എതിർ ടീം നായകന് ഹസ്തദാനം ചെയ്യാൻ വിസമ്മതിക്കുന്നത് വഴിയുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ പാകിസ്ഥാൻ നായകനു സന്ദേശം നൽകുക മാത്രമാണ് പൈക്രോഫ്റ്റ് ചെയ്തത് എന്നാണ് ഐസിസി വിലയിരുത്തൽ. വിവാദത്തിൽ പ്രഥമദൃഷ്ട്യാ അദ്ദേഹത്തിനു കാര്യമായ പങ്കില്ല. അങ്ങനെയുള്ളപ്പോൾ മാച്ച് ഒഫീഷ്യലിനെ മാറ്റുന്നത് തെറ്റായ കീഴ്വഴക്കമുണ്ടാക്കുമെന്നും ഐസിസി വിലയിരുത്തി.
ഇതിൽ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ യുഎഇയുമായുള്ള മത്സരം ബഹിഷ്കരിക്കുന്നതായി വ്യക്തമാക്കി രംഗത്തെത്തിയത്. എന്നാൽ പിന്നീട് അവർ യുടേൺ അടിക്കുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. പാക് ബോർഡിന്റെ ഉന്നതതല അംഗങ്ങൾ യോഗം ചേർന്നതിനു പിന്നാലെയാണ് അവർ വീണ്ടും കളിക്കാനിറങ്ങിയത്. ഒരു മണിക്കൂർ വൈകിയാണ് പാകിസ്ഥാൻ- യുഎഇ മത്സരം ആരംഭിച്ചത്. ആൻഡി പൈക്രോഫ്റ്റ് തന്നെയായിരുന്നു മാച്ച് റഫറി.
പിന്നാലെ പൈക്രോഫ്റ്റ് മാപ്പ് പറഞ്ഞതിനാലാണ് കളിക്കാനിറങ്ങിയത് എന്നായി പാകിസ്ഥാന്റെ പുതിയ ഭാഷ്യം. എന്നാൽ അതും ഐസിസി തള്ളി. ഹസ്തദാന വിവാദത്തില്‍ പിസിബി തെളിവുകള്‍ നല്‍കിയാല്‍ മാത്രമെ അന്വേഷണമുണ്ടാകുവെന്നും പൈക്രോഫ്റ്റ് പക്ഷപാതപരമായി പെരുമാറിയെന്നതിന് പാകിസ്ഥാന്‍ തെളിവ് നല്‍കണമെന്നും ഐസിസി ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates