വിവാദങ്ങളും നാടകീയ നീക്കങ്ങളും കൊണ്ട് ആഫ്രിക്ക കപ്പ് ഓഫ് നേഷൻ ഫുട്ബോൾ ഫൈനൽ മത്സരം കായിക പ്രേമികൾക്കിടയിൽ വലിയ ചർച്ച ആയി മാറിയിട്ടുണ്ട്. മത്സരത്തിൽ സെനഗൽ ഗോൾ കീപ്പർ എഡ്വേർഡ് മെൻഡി ഉപയോഗിച്ച നീല ടവൽ ആണ് ഇപ്പോൾ വിവാദ വിഷയം. ഈ ടവലിൽ 'കൂടോത്രം' ഒളിപ്പിച്ചു കൊണ്ടാണ് ഗോൾ കീപ്പർ കളത്തിൽ എത്തിയതെന്നാണ് മൊറോക്കോ ആരാധകാരുടെ ആരോപണം.
മത്സരത്തിന്റെ ആദ്യ പകുതിയിൽ നിരവധി അവസരം ലഭിച്ചിട്ടും അത് ഗോൾ ആക്കി മാറ്റാൻ മൊറോക്കോ താരങ്ങൾക്ക് കഴിഞ്ഞില്ല. ഇതോടെ ടവലിൽ 'കൂടോത്രം' ഉണ്ടെന്ന് മൊറോക്കോ താരങ്ങൾ ഉറപ്പിച്ചു. മൊറോക്കോയുടെ സ്റ്റാർ താരം അച്റഫ് ഹാക്കിമിയാണ് ആദ്യം ടവൽ എടുത്തു പുറത്തേക്ക് എറിഞ്ഞത്. ഇത് തിരിച്ചെത്തിച്ചതോടെ ടവൽ തട്ടിയെടുക്കാൻ മൊറോക്കോ ബോൾ ബോയ്സിനെ ഏർപ്പെടുത്തി.
മത്സരത്തിനിടെ നിരവധി തവണയാണ് ബോൾ ബോയ്മാരുടെ സംഘം സെനഗൽ ഗോൾ കീപ്പറുടെ ടവൽ എടുത്തു മാറ്റിയത്. ഓരോ തവണ അദ്ദേഹം പുതിയ ടവൽ കൊണ്ട് വരുമ്പോൾ ഉടനെ തന്നെ ബോൾ ബോയ്സ് അത് എടുത്തു മാറ്റുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഏറ്റവും ഒടുവിൽ സഹികെട്ട സെനഗൽ ടീം ടവലുമായി രണ്ടാം ഗോൾ കീപ്പർ യഹ്‌വാൻ ദിയൂഫിനെ തന്നെ രംഗത്ത് ഇറക്കി. യഹ്‌വാൻ ടവലുമായി ഗോൾ പോസ്റ്റിന് സമീപം നിലയുറപ്പിച്ചു. അപ്പോഴേക്കും ബോൾ ബോയ്സ് എത്തി താരത്തിന്റെ കൈയിൽ നിന്ന് ടവൽ തട്ടിയെടുക്കാൻ ശ്രമം ആരംഭിച്ചു.
ഇടയ്ക്ക് താരത്തെ ബോൾ ബോയ്സ് ഗ്രൗണ്ടിൽ തള്ളിയിട്ട ശേഷം ടവൽ സ്വന്തമാക്കാനും ബോൾ ബോയ്സ് ശ്രമം നടത്തിയിരുന്നു. എന്നാൽ ആ ശ്രമം പരാജയമായി മാറുകയായിരുന്നു. എന്തായാലും സെനഗലിന്റെ വിജയത്തിൽ എത്തിച്ചതിൽ നിർണ്ണായക പങ്ക് വഹിച്ച യഹ്‌വാൻ ദിയൂഫിന് വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates