കൊളംബോ: ടി20 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ആരാധകരോട് മാപ്പ് പറഞ്ഞ് ശ്രീലങ്കൻ ക്യാപ്റ്റൻ ദസുന്‍ ഷനക. അവസരങ്ങൾ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ കഴിയാതെ പോയതും താരങ്ങളുടെ പരിക്കുമാണ് തോൽവിക്ക് കാരണം. ലോകകപ്പിൽ നിന്ന് പുറത്തായതിൽ നിരാശയുണ്ടെന്നും താരം പറഞ്ഞു.
“ഞങ്ങൾ ആരാധകരോട് മാപ്പ് ചോദിക്കുന്നു. നിങ്ങളോട് എന്ത് പറയണമെന്ന് അറിയില്ല. ആരാധകർക്ക് സന്തോഷിക്കാൻ കഴിയുന്ന തരത്തിലുള്ള ഒരു വിജയം പോലും നൽകാനായിട്ടില്ല എന്നതിൽ ഞങ്ങൾക്ക് നിരാശയുണ്ട്” ദസുന്‍ ഷനക പറഞ്ഞു.
ടൂർണമെന്റിലുടനീളം ലഭിച്ച അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ടീമിന് സാധിച്ചില്ല. പ്രത്യേകിച്ച് ഇംഗ്ലണ്ടിനെതിരായ മത്സരം ജയിക്കാൻ കഴിയുമായിരുന്നു. കുറച്ചു കൂടെ വിവേകത്തോടെ കളിച്ചിരുന്നെങ്കിൽ ഫലം ശ്രീലങ്കയ്ക്ക് അനുകൂലമായെനെ. മത്സരത്തിലെ നിർണായക ഘട്ടങ്ങളിൽ പിഴവുകൾ സംഭവിച്ചതാണ് തോൽവിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
“ആരും തോൽക്കാൻ ആഗ്രഹിച്ചല്ല മൈതാനത്തിറങ്ങുന്നത്. എല്ലാവരും രാജ്യത്തിനായി മുഴുവൻ കഴിവും പുറത്തെടുത്താണ് കളിച്ചത്. എന്നാൽ ചിലപ്പോൾ സംഭവിക്കുന്ന ചെറിയ പിഴവുകൾ പോലും വലിയ തിരിച്ചടിയാകാം. പ്രത്യേകിച്ച് ലോകകപ്പ് പോലൊരു വേദിയിൽ അത്തരം പിഴവുകൾക്ക് വലിയ വില കൊടുക്കേണ്ടി വരും,” ഷനക പറഞ്ഞു.
ടീമിലെ താരങ്ങളുടെ ഫിറ്റ്നസും പരിക്കുമാണ് പ്രധാന പ്രശ്നം. മതീഷ പതിരന,വാനിന്ദു ഹസരംഗ എന്നി താരങ്ങളുടെ അഭാവവും മികച്ച അഞ്ച് താരങ്ങൾക്ക് പരിക്കേറ്റതും ടീമിനെ ബാധിച്ചു. പവർ ഹിറ്റർമാരുടെ കുറവ് ടീമിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും അദ്ദേഹം സമ്മതിച്ചു.
“ഞാൻ എത്രകാലം ക്യാപ്റ്റനായിരിക്കും എന്നറിയില്ല. അത് സെലക്ടർമാരുടെ തീരുമാനമാണ്. ഈ കാലയളവിൽ നല്ല തീരുമാനങ്ങളും എടുത്തിട്ടുണ്ട്, ചില പിഴവുകളും സംഭവിച്ചിട്ടുണ്ട്. എന്നാൽ ഈ അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്,” ഷനക പറഞ്ഞു.
ആരാധകരുടെ പിന്തുണയ്ക്കു നന്ദി രേഖപ്പെടുത്തിയ അദ്ദേഹം, അവസാന മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ടൂർണമെന്റ് പോസിറ്റീവായി അവസാനിപ്പിക്കാനാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates