ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിലും മികച്ച സ്‌കോര്‍ ഉയര്‍ത്താനാകാതെ ഇന്ത്യ. പൊരുതി നോക്കാവുന്ന സ്‌കോര്‍ സ്വന്തമാക്കിയെന്നു ആശ്വസിക്കാം. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒരു ഭാഗത്ത് ഉത്തരവാദിത്വത്തോടെ ബാറ്റ് വീശിയത് ഇന്ത്യക്ക് തുണയായി. ആദ്യം ബാറ്റ് ചെയ്ത നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് നേടി.
49 പന്തില്‍ 5 സിക്‌സും 4 ഫോറും സഹിതം ശ്രേയസ് 80 റണ്‍സുമായി പുറത്താകാതെ നിന്നു. 23 പന്തില്‍ 22 റണ്‍സെടുത്ത ശിവം ദുബെ ക്യാപ്റ്റനെ അല്‍പ്പ സമയം പിന്തുണച്ചു. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ 16 റണ്‍സും വൈഭവ് സൂര്യവംശി 15 റണ്‍സും കണ്ടെത്തി മടങ്ങി. തിലക് വര്‍മയ്ക്കും തിളങ്ങാനായില്ല. താരം 8 പന്തില്‍ 11 റണ്‍സുമായി മടഹ്ങി. വാഷിങ്ടന്‍ സുന്ദര്‍ 5 റണ്‍സും അക്ഷര്‍ പട്ടേല്‍ 1 റണ്‍സുമായും മടങ്ങി.
ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചര്‍, ജോഷ് ടോംഗ് എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. വില്‍ ജാക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നാലാം ടി20യിലും ഫോമില്‍ എത്താന്‍ സാധിക്കാതെ വൈഭവ് സൂര്യവംശി. ഒരു ഫോറും സിക്‌സും അടിച്ച് ടോപ് ഗിയറിലേക്ക് മാറാന്‍ ശ്രമിക്കുന്നതിനിടെ താരം വീണു. 10 പന്തില്‍ 15 റണ്‍സാണ് ഇത്തവണ വൈഭവ് സ്വന്തമാക്കിയത്. ഇന്ത്യന്‍ സ്‌കോര്‍ 23ല്‍ നില്‍ക്കെയാണ് വൈഭവ് പുറത്തായത്.
ഇന്ത്യയും ഇംഗ്ലണ്ടും രണ്ട് വീതം മാറ്റങ്ങളാണ് വരുത്തിയത്. വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ പരിക്കേറ്റ് പുറത്തായി. പകരം പ്രസിദ്ധ് കൃഷ്ണയും വാഷിങ്ടന്‍ സുന്ദറും ടീമിലെത്തി. ഇംഗ്ലണ്ട് രെഹാന്‍ അഹമദ്, ലിയാം ഡോവ്‌സന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.
അതേസമയം നാലാം ടി20യില്‍ പ്ലെയിങ് ഇലവനില്‍ എത്തുമെന്നു പ്രതീക്ഷിക്കപ്പെട്ട സഞ്ജു സാംസണ് ഇത്തവണയും അവസരം കിട്ടിയില്ല. വൈഭവ് സൂര്യവംശിയെ തന്നെ ഇന്ത്യ ഇറക്കാന്‍ തീരുമാനിച്ചു.
രണ്ടും മൂന്നും മത്സരങ്ങളില്‍ സഞ്ജുവിനെ പുറത്തിരുത്തിയാണ് 15കാരന്‍ വൈഭവ് സൂര്യവംശിയെ ഇന്ത്യ ഓപ്പണറായി പരീക്ഷിച്ചത്. എന്നാല്‍ 14, 13 എന്നിങ്ങനെയായിരുന്നു വൈഭവിന്റെ രണ്ട് ഇന്നിങ്സുകളില്‍ നിന്നുള്ള സംഭാവന. നാലാം പോരാട്ടത്തില്‍ 15 റണ്‍സിലും മടങ്ങി. ജോഫ്ര ആര്‍ച്ചറുടെ പന്തില്‍ സാം കറനു ക്യാച്ച് നല്‍കിയാണ് വൈഭവിന്റെ മടക്കം. പിന്നാലെ ഇഷാന്‍ കിഷനും പുറത്തായി. താരം 4 റണ്‍സുമായി കൂടാരം കയറി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates