ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടവുമായി ദക്ഷിണാഫ്രിക്ക ടീം (South Africa) ap
Sports

'ദിസ് ടൈം ഫോര്‍ ആഫ്രിക്ക!'; മൈറ്റി ഓസീസിനെ വീഴ്ത്തി ബവുമയും സംഘവും ലോര്‍ഡ്‌സില്‍ എഴുതിയ ചരിത്രം

ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയിട്ടും പ്രോട്ടീസിന്റെ ഐതിഹാസിക തിരിച്ചു വരവ്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: 2 ക്വാര്‍ട്ടര്‍ ഫൈനലുകള്‍, 12 സെമി ഫൈനലുകള്‍, ഒരു ഫൈനല്‍... ദക്ഷിണാഫ്രിക്ക (South Africa) സമീപ കാലത്ത് തോറ്റു പോയ ഐസിസി പോരാട്ടങ്ങളുടെ കണക്കാണിത്. 15 ഐസിസി പോരാട്ടങ്ങളുടെ നോക്കൗട്ട് സ്‌റ്റേജിലാണ് അവര്‍ നിരാശപ്പെട്ട് മടങ്ങിയത്.

1998ല്‍ വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി ചാംപ്യന്‍സ് ട്രോഫി കിരീടമുയര്‍ത്തിയാണ് അതുവരെയുണ്ടായിരുന്ന നിരാശകള്‍ക്കു അന്ന് അവര്‍ വിരാമമിട്ടത്. എന്നാല്‍ അതോടെ തീര്‍ന്നു. പിന്നീടും അവര്‍ക്ക് ഐസിസി കിരീടങ്ങള്‍ കിട്ടാക്കനിയായി നിന്നു.

ഒടുവില്‍ 27 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ഐസിസി ട്രോഫി അവര്‍ സ്വന്തമാക്കിയിരിക്കുന്നു. അതും മൈറ്റി ഓസ്‌ട്രേലിയന്‍സിനെ ഫൈനലില്‍ വീഴ്ത്തി. വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കിരീടം ഉയര്‍ത്തിയാണ് പ്രോട്ടീസ് കാത്തിരിപ്പിനു അന്ത്യം കുറിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷമാണ് അവരുടെ ഗംഭീര തിരിച്ചു വരവ് കണ്ടത്. എയ്ഡന്‍ മാര്‍ക്രം നേടിയ സെഞ്ച്വറിയും ക്യാപ്റ്റന്‍ ടെംബ ബവുമ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കയെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്.

നിലവിലെ ടെസ്റ്റ് ചാംപ്യന്‍മാരെന്ന പകിട്ടുമായി എത്തിയ ഓസ്‌ട്രേലിയന്‍ നിരയ്‌ക്കെതിരെ റെക്കോര്‍ഡ് ചെയ്‌സിങാണ് ദക്ഷിണാഫ്രിക്ക നടത്തിയത്. ആദ്യ രണ്ട് ദിനങ്ങളിലും ബൗളര്‍മാരുടെ പ്രത്യേകിച്ച് പേസര്‍മാരുടെ പറുദീസയായി മാറിയ പിച്ചില്‍ ലീഡ് വഴങ്ങിയ ശേഷമായിരുന്നു ബവുമയും സംഘവും ഐതിഹാസിക തിരിച്ചു വരവ് നടത്തിയത്.

ആദ്യ രണ്ട് ദിനങ്ങളിലുമായി ലോര്‍ഡ്‌സില്‍ വീണത് 28 വിക്കറ്റുകളായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക സ്‌കോര്‍ 6 റണ്‍സില്‍ അദ്യ വിക്കറ്റും നഷ്ടമായിരുന്നു. പിന്നീട് മാര്‍ക്രവും ബവുമയും ചേര്‍ന്നു 3ാം ദിനത്തില്‍ ക്രീസില്‍ ഉറച്ചു നിന്നതോടെ കാര്യങ്ങള്‍ അവരുടെ വഴിക്കു വന്നു.

ലോര്‍ഡ്‌സ് മൈതാനത്ത് റെഡ് ബോള്‍ പോരാട്ടത്തില്‍ ഒരു ടീം പിന്തുടര്‍ന്നു വിജയിക്കുന്ന രണ്ടാമത്തെ വലിയ ടോട്ടലാണിത്. 2004നു ശേഷം ടെസ്റ്റില്‍ ഒരു ടീം ഇത്രവും വലിയ ടാര്‍ഗറ്റ് പിന്തുടര്‍ന്നു വിജയിച്ചിട്ടുമില്ല.

ഫൈനലില്‍ ഓസ്ട്രേലിയയെ 5 വിക്കറ്റിന് വീഴ്ത്തിയാണ് പ്രോട്ടീസിന്റെ കിരീട നേട്ടം. ഹാന്‍സി ക്രോണ്യയ്ക്കു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഐസിസി ട്രോഫി സമ്മാനിക്കുന്ന നായകനെന്ന ഒരിക്കലും മായാത്ത നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്താന്‍ അവരുടെ ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്കും സാധിച്ചു.

ഒന്നാം ഇന്നിങ്‌സില്‍ 212 റണ്‍സില്‍ പുറത്തായ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 138 റണ്‍സില്‍ അവസാനിപ്പിച്ച് 74 റണ്‍സ് ലീഡുമായാണ് രണ്ടാം ഇന്നിങ്സ് ബാറ്റ് വീശിയത്. ഓസീസിന്റെ രണ്ടാം ഇന്നിങ്സ് 207 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പ്രോട്ടീസിനു സാധിച്ചു. ഓസീസ് 282 റണ്‍സ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ വയ്ക്കുകയും ചെയ്തു. ഒരു ദിവസവും മൂന്ന് സെഷനുകളും ബാക്കി നില്‍ക്കെ 5 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക 282 റണ്‍സ് കണ്ടെത്തിയാണ് ലോര്‍ഡ്സില്‍ ചരിത്രമെഴുതിയത്.

ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം നേടിയ ഐതിഹാസിക സെഞ്ച്വറിയും ക്യാപ്റ്റന്‍ ടെംബ ബവുമ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ദക്ഷിണാഫ്രിക്കന്‍ ജയം അനായാസമാക്കിയത്.

ഓപ്പണറായി ഇറങ്ങി ഒന്നാം ഇന്നിങ്സില്‍ പൂജ്യത്തില്‍ മടങ്ങേണ്ടി വന്ന മാര്‍ക്രം രണ്ടാം ഇന്നിങ്സില്‍ ക്ലാസ് ശതകവുമായി ഒരറ്റം കാത്താണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. വിജയത്തിനു ആറ് റണ്‍സ് അകലെയാണ് താരം 136 റണ്‍സ് സ്വന്തമാക്കി മടങ്ങിയത്. എട്ടാം ടെസ്റ്റ് സെഞ്ച്വറിയിലേക്ക് 14 ഫോറുകള്‍ സഹിതമാണ് മാര്‍ക്രം എത്തിയത്. കളി ജയിക്കുമ്പോള്‍ 21 റണ്‍സുമായി ഡേവിഡ് ബഡിങ്ഹാമും 5 റണ്‍സുമായി കെയ്ല്‍ വരെയ്നുമായിരുന്നു ക്രീസില്‍.

ബവുമ 66 റണ്‍സെടുത്തു മടങ്ങി. വിയാന്‍ മള്‍ഡര്‍ (27), റിയാന്‍ റിക്കല്‍ടന്‍ (6), ട്രിസ്റ്റന്‍ സ്റ്റബ്സ് (8) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് 3 വിക്കറ്റുകള്‍ വീഴ്ത്തി. കമ്മിന്‍സ്, ഹെയ്സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഡിപ്ലോമക്കാർക്ക് റെയിൽവേയിൽ എന്‍ജിനീയർ ആകാം; 2569 ഒഴിവുകൾ,കേരളത്തിലും നിയമനം

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

'എന്റെ ജീവിതത്തിലെ പ്രണയം'; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടൻ അല്ലു സിരിഷ്

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

SCROLL FOR NEXT