India vs Pakistan x
Sports

മഴ, അഭിഷേക്, സ്പിന്നര്‍മാര്‍, കൊളംബോ പിച്ച്... ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍ നാളെ

ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം നാളെ വൈകീട്ട് 7 മുതല്‍

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം നാളെ കൊളംബോയില്‍. ടി20 ലോകകപ്പിലെ ഗ്രൂപ്പ് എ പോരില്‍ ചിരവൈരികള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശം അണപൊട്ടുമെന്നു ഉറപ്പ്. ബംഗ്ലാദേശിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കെതിരെ കളിക്കില്ലെന്നു ആദ്യം പ്രാഖ്യാപിച്ചെങ്കിലും പിന്നീട് സമ്മര്‍ദ്ദത്തിനു വഴങ്ങി പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ കളിക്കാമെന്നു സമ്മതിച്ചാണ് മത്സരിക്കാന്‍ ഇറങ്ങുന്നത്.

ഇരു ടീമുകളും തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ച് ഫോമിലാണ്. മത്സരത്തില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം പ്രവചിക്കപ്പെടുന്നത്. എന്നാല്‍ പാകിസ്ഥാനെ അങ്ങനെ എഴുതിത്തള്ളേണ്ടതില്ലെന്നാണ് അവരുടെ ആദ്യ രണ്ട് കളികളിലേയും പ്രകടനം കാണിക്കുന്നത്.

മത്സരത്തില്‍ ചില താരങ്ങളുടെ നേര്‍ക്കുനേര്‍ പോരും ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നുണ്ട്.

അഭിഷേക്- അഫ്രീദി

ഭക്ഷ്യവിഷബാധയേറ്റ് വിശ്രമിക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ നാളെ കൡക്കാനിറങ്ങിയാല്‍ അഫ്രീദി- അഭിഷേക് പോരാട്ടം കാണാം. ലോകത്തെ ഒന്നാം നമ്പര്‍ ടി20 ബാറ്ററായ അഭിഷേകിനു ആദ്യ കളിയില്‍ പൂജ്യത്തിനു മടങ്ങേണ്ടി വന്നു. രണ്ടാം മത്സരം കളിക്കാനും സാധിച്ചില്ല.

സമീപകാലത്ത് ഇന്ത്യക്ക് സ്‌ഫോടനാത്മക തുടക്കം നല്‍കുന്നത് അഭിഷേകാണ്. പവര്‍ പ്ലേയില്‍ താരം അതിവേഗം റണ്‍സ് അടിച്ച് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്നത് ഇന്ത്യയെ സംബന്ധിച്ചു നിര്‍ണായകമാണ്.

അഭിഷേക് ഇറങ്ങിയാല്‍ ഷഹീനെ എപ്രകാരം നേരിടുമെന്നാണ് ആകാംക്ഷ ജനിപ്പിക്കുന്നത്. നേരത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യ- പാക് പോര് നടന്നപ്പോള്‍ ഷഹീന്‍ അഫ്രീദിയുടെ ആദ്യ ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സര്‍ തൂക്കിയാണ് അഭിഷേക് സ്വാഗതമോതിയത്. സമാന ആക്രമണമാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സ്പിന്നര്‍മാര്‍

കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ച് സ്പിന്നര്‍മാരെ അകമഴിഞ്ഞു സഹായിക്കുന്നുണ്ട്. ഇരു ടീമുകളിലേയും സ്പിന്നര്‍മാര്‍ക്ക് മത്സരത്തില്‍ നിര്‍ണായക റോളുണ്ടാകും. ഇന്ത്യയുടെ വജ്രായുധം വരുണ്‍ ചക്രവര്‍ത്തിയാണ്. ആറ് പന്തുകളും ആറ് വ്യത്യസ്ത രീതിയില്‍ എറിയാനും എതിര്‍ ബാറ്ററെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തില്‍ മൈന്‍ഡ് ഗെയിം കളിക്കാനും കെല്‍പ്പുള്ള വരുണ്‍ ഇന്ത്യ പിന്നാക്കം പോകുന്ന ഒട്ടുമിക്ക മത്സരങ്ങളിലും നിര്‍ണായക വിക്കറ്റെടുത്തു ബ്രേക്ക് ത്രൂ നല്‍കാറുണ്ട്. അക്ഷര്‍ പട്ടേലാണ് മറ്റൊരു സ്പിന്നര്‍. ഒരു സ്പിന്നറെ കൂടി നാളെ പ്ലെയിങ് ഇലവനിലേക്ക് എത്തിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

പാക് നിരയില്‍ അബ്രാര്‍ അഹമ്മദ്, ഷദബ് ഖാന്‍ എന്നിവര്‍ക്കൊപ്പം ഉസ്മാന്‍ താരിഖിന്റെ സാന്നിധ്യം അവര്‍ക്ക് കരുത്താണ്. ഇവര്‍ക്ക് പുറമേ സയിം അയൂബ്, മുഹമ്മദ് നവാസ് എന്നിവരും സ്പിന്നര്‍മാരായുണ്ട്.

ഈ സ്പിന്‍ നിരയെ മെരുക്കാന്‍ ഇന്ത്യ കൂടുതല്‍ ആശ്രയിക്കുക ശിവം ദുബെയെയായിരിക്കും. മധ്യനിരയില്‍ സ്പിന്നിനെ വിദഗ്ധമായി കളിക്കാന്‍ ദുബെ മികവ് കാണിക്കാറുണ്ട്. അതിനാല്‍ തന്നെ ദുബെയും പാക് സ്പിന്നര്‍മാരും തമ്മിലുള്ള പോരിനും നാളെ കൊളംബോ സാക്ഷി നിന്നേക്കും.

കൊളംബോയിലെ ഇന്ത്യ

കൊളംബോ ഇന്ത്യയെ സംബന്ധിച്ചു വിജയങ്ങളുടെ പറുദീസയാണ്. 2009നു ശേഷം 15 ടി20 മത്സരങ്ങള്‍ ഈ പിച്ചില്‍ ഇന്ത്യ കളിച്ചിട്ടുണ്ട്. അതില്‍ 11 മത്സരങ്ങളും ഇന്ത്യ ജയിച്ചു. നാല് മത്സരങ്ങള്‍ മാത്രമാണ് തോറ്റിട്ടുള്ളത്.

അഭിഷേക് ഇല്ലെങ്കില്‍ സഞ്ജു

അഭിഷേക് ശര്‍മ നാളെ കളിക്കുന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. അഭിഷേക് കളിച്ചില്ലെങ്കില്‍ സഞ്ജു സാംസണ് വീണ്ടും അവസരം കിട്ടിയേക്കും. നമീബിയക്കെതിരായ പോരാട്ടത്തില്‍ അഭിഷേകിനു പകരം ഓപ്പണറായി ഇറങ്ങിയ സഞ്ജു 7 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 22 റണ്‍സടിച്ച് മികച്ച തുടക്കം നല്‍കിയെങ്കിലും ഇന്നിങ്‌സ് അധികം നീണ്ടില്ല. എങ്കിലും അഭിഷേക് ഇറങ്ങിയില്ലെങ്കില്‍ നറുക്ക് സഞ്ജുവിനു തന്നെ വീഴും.

കുല്‍ദീപ്, വാഷിങ്ടന്‍

ടീമില്‍ മൂന്നാമതൊരു സ്പിന്നറെ കളിപ്പിക്കാന്‍ ആലോചന വന്നാല്‍ ഒരുപക്ഷേ കുല്‍ദീപ് യാദവിനു അവസരം കിട്ടിയേക്കും. ഇന്ത്യയുടെ റിസ്റ്റ് സ്പിന്നര്‍ക്ക് പാകിസ്ഥാനെതിരെ മികച്ച റെക്കോര്‍ഡുമുണ്ട്. അര്‍ഷ്ദീപ് സിങ്, റിങ്കു സിങ് എന്നിവരില്‍ ഒരാള്‍ അങ്ങനെ വന്നാല്‍ ഇലവനില്‍ നിന്നു മാറി നിന്നേക്കും. മറ്റൊരു സ്പിന്‍ ഓപ്ഷന്‍ വാഷിങ്ടന്‍ സുന്ദറാണ്. താരത്തിനു ബാറ്റിങിലും മികവ് പുലര്‍ത്താന്‍ സാധിക്കുമെന്നതിനാല്‍ റിങ്കുവിനെ മാറ്റി ഇലവനില്‍ ഇറക്കാനും സാധ്യതയുണ്ട്.

മഴ കളിക്കുമോ

മഴയുടെ ആശങ്ക നിലവില്‍ കൊളംബോയിലുണ്ട്. മത്സരത്തിനിടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഉച്ചയ്ക്ക് ശേഷം മഴ പെയ്യാന്‍ 60 ശതമാനം സാധ്യതയാണ് പ്രവചിക്കുന്നത്. വൈകീട്ട് 7 മുതലാണ് മത്സരം.

T20 World Cup, India vs Pakistan: Suryakumar Yadav's India will aim to extend their impressive record at the R Premadasa Stadium in Colombo

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയപാതയില്‍ വിമാനമിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; ചരിത്രനേട്ടം; വിഡിയോ

'നന്ദി പറയാനുള്ള അവസരം പോലും തന്നില്ല; മാന്യതയോടെ പറഞ്ഞു വിടണമായിരുന്നു'; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രേംകുമാര്‍

പേഴ്‌സണല്‍ ലോണ്‍ പെട്ടെന്ന് അടച്ചുതീര്‍ത്ത് ബാധ്യതയില്‍ നിന്ന് രക്ഷപ്പെടണോ?; ഇതാ അഞ്ചു ടിപ്പുകള്‍

അവസാന 19 പന്തില്‍ 70 റണ്‍സ്! ഒമാന് മുന്നില്‍ റണ്‍ മല തീര്‍ത്ത് അയര്‍ലന്‍ഡ്

മൂന്ന് ടീസ്പൂൺ, എണ്ണ ഉപയോ​ഗം കുറയ്ക്കേണ്ടത് ഇങ്ങനെ

SCROLL FOR NEXT