തായ്പേയ്: കരിയറിലെ ആദ്യ ബിഡബ്ല്യുഎഫ് വേൾഡ‍് ടൂർ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ കൗമാര വനിതാ ബാഡ്മിന്റൺ സെൻസേഷൻ തൻവി ശർമ. തായ്പേയ് ഓപ്പൺ സൂപ്പർ 300 വനിതാ സിംഗിൾസ് കിരീടത്തിലാണ് 17കാരി മുത്തം ചാർത്തിയത്. ഫൈനലിൽ വിയറ്റ്നാമിന്റെ തുയി ലിൻ എൻഗുയെനെ വീഴ്ത്തിയാണ് തൻവിയുടെ നേട്ടം. പഞ്ചാബിൽ നിന്നുള്ള ഈ 17കാരി ഫൈനലിൽ അനായാസ വിജയമാണ് സ്വന്തമാക്കിയത്. മത്സരം വെറും 36 മിനിറ്റിൽ തീർത്താണ് കൗമാരക്കാരി വിസ്മയം തീർത്തത്. സ്കോർ: 21-16, 21-16.
2008ൽ സൈന നെഹ്‍വാൾ തായ്പേയ് ഓപ്പൺ കിരീടം നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഇവിടെ കിരീടം സ്വന്തമാക്കുന്നത്. 18 വർഷം നീണ്ട ഇന്ത്യയുടെ കാത്തിരിപ്പിനാണ് തൻവി വിരാമമിട്ടത്. പിവി സിന്ധുവിന്റെ മുൻ പരിശീലകൻ പാർക്ക് തായ് സാങാണ് തൻവിയുടെ നിലവിലെ കോച്ച്.
റെക്കോർഡ്
തായ്പേയ് ഓപ്പൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫൈനലിസ്റ്റെന്ന (പുരുഷ, വനിത) റെക്കോർഡ് നേട്ടത്തോടെയാണ് തൻവിയുടെ കുതിപ്പ്. 17 വർഷവും 222 ദിവസവും പ്രായമുള്ളപ്പോഴാണ് താരം കലാശപ്പോര് കളിച്ചത്. 20 വർഷം പഴക്കമുള്ള റെക്കോർഡാണ് തൻവി തിരുത്തിയത്. 2006ൽ 17 വയസും 287 ദിവസവും പ്രായമുള്ളപ്പോൾ പുരുഷ ഡബിൾസ് ഫൈനൽ കളിച്ച കൊറിയൻ താരം ലീ യോങ് ഡേയുടെ റെക്കോർഡാണ് തൻവി തകർത്തെറിഞ്ഞത്. കന്നി ബിഡബ്ല്യുഎഫ് കിരീടത്തിനൊപ്പം ഇരട്ട നേട്ടമാണ് തൻവി ആഘോഷിച്ചത്.
സമ്പൂർണ ആധിപത്യം
ഫൈനലിൽ തുടക്കം മുതൽ ഒടുക്കം വരെ തൻവിയുടെ സമ്പൂർണ ആധിപത്യമായിരുന്നു. തന്ത്രപരമായ ഡ്രോപ്പ് ഷോട്ടുകളും എതിരാളിയെ നഷ്പ്രഭമാക്കുന്ന സ്ട്രോക്കുകളുമായി തൻവി തുയി ലിനിനെ കടുത്ത സമ്മർദ്ദത്തിലേക്ക് തള്ളിയിട്ടു. ആദ്യ സെറ്റിൽ അതിവേഗമാണ് തൻവി 10-2 എന്ന നിലയിൽ ലീഡുമായി കുതിച്ചത്. പിന്നീട് ചില അൺഫോഴ്സസ് പിഴവുകൾ തൻവി വരുത്തിയതു പോയിന്റ് വ്യത്യാസം കുറച്ചെങ്കിലും വേവലാതി ഇല്ലാതെ തന്നെ ആദ്യ സെറ്റ് ഇന്ത്യൻ കൗമാര വിസ്മയം 21-16നു സ്വന്തമാക്കി.
രണ്ടാം സെറ്റിന്റെ തുടക്കത്തിൽ തുയി ലിൻ 0-3 എന്ന നിലയിൽ നന്നായി തുടങ്ങി. എന്നാൽ വീറോടെ പൊരുതി നിന്ന തൻവി സ്കോർ 3-3ൽ എത്തിച്ചു. പിന്നീട് അതിവേഗ സ്മാഷുകളും സൂക്ഷ്മമായ നെറ്റ് ഷോട്ടുകളും സമർഥമായി സമന്വയിപ്പിച്ച റാലികളുമായി തൻവി വീണ്ടും ആധിപത്യം സ്ഥാപിച്ചു. പിന്നാലെ ഇന്ത്യ താരം ലീഡ് 15-10 എന്ന നിലയിലേക്കും പിന്നീട് 18-12 എന്ന നിലയിലേക്കും ഉയർത്തി. ഏഴ് മാച്ച് പോയിന്റുകൾ നേടിയ തൻവി മൂന്നെണ്ണം നഷ്ടപ്പെടുത്തിയെങ്കിലും മികച്ചൊരു വിന്നറിലൂടെ മത്സരം 21-16നു തന്നെ അവസാനിപ്പിച്ച് തന്റെ കരിയറിലെ ഏറ്റവും വലിയ കിരീടം പിടിച്ചെടുത്തു.
ജൂനിയർ ലോക ചാംപ്യൻഷിപ്പിൽ ഇരട്ട മെഡൽ
കഴിഞ്ഞ രണ്ട് വർഷമായി തൻവി അപാര ഫോമിലാണ് കളിക്കുന്നത്. ജൂനിയർ ലോക ചാംപ്യൻഷിപ്പിൽ ഒരു എഡിഷനിൽ തന്നെ ഇരട്ട മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയാണ് തൻവി ആരാധക ശ്രദ്ധയിലേക്ക് വന്നത്. ജൂനിയർ ലോക പോരിൽ പെൺകുട്ടികളുടെ സിംഗിൾസിൽ വെള്ളിയും ഡബിൾസിൽ വെങ്കലവും താരം നേടി. ഏഷ്യൻ ടീം ചാംപ്യൻഷിപ്പിൽ ഇന്ത്യ സ്വർണം നേടിയപ്പോൾ തൻവി ടീമിലുണ്ടായിരുന്നു. മുൻ ലോക ജൂനിയർ ഒന്നാം നമ്പർ താരമായ തൻവി 2025ൽ യുഎസ് ഓപ്പൺ സൂപ്പർ 300, ഒഡിഷ മാസ്റ്റേഴ്സ് സൂപ്പർ 100 ഗുവാഹത്തി മാസ്റ്റേഴ്സ് 100 ഫൈനലുകൾ കളിച്ച താരം മൂന്നിലും റണ്ണേഴ്സ് അപ്പായിരുന്നു. പിന്നാലെയാണ് ഇപ്പോൾ തായ്പേയ് ഓപ്പൺ കിരീടം സ്വന്തമാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates