1999ല്‍ കാര്‍ഗില്‍ യുദ്ധമുഖത്തേക്ക് പോകുന്നതിനു മുന്‍പ് നേംചന്ദ് ജുറേല്‍ തന്റെ ഭാര്യയ്ക്ക് ഒരു കത്തെഴുതി. തന്റെ സമ്പാദ്യത്തേയും സ്ഥിര നിക്ഷേപങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും താന്‍ മടങ്ങി വന്നില്ലെങ്കില്‍ ആ പണം എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള നിര്‍ദ്ദേശങ്ങളുമായിരുന്നു ആ കത്തില്‍. മുന്നിലെ ദിനങ്ങള്‍ എത്രത്തോളം അനിശ്ചിതത്വം നിറഞ്ഞതാണെന്നു കൃത്യമായി ബോധ്യമുണ്ടായിരുന്ന ഒരു സൈനികന്റെ പ്രായോഗിക കരുതലിന്റെ ഭാഗം കൂടിയായിരുന്നു കത്ത്.
'യുദ്ധം തുടങ്ങിയപ്പോള്‍ ഭാര്യയ്ക്ക് കത്തെഴുതിയത് എനിക്ക് ഓര്‍മയുണ്ട്. എന്റെ സമ്പാദ്യത്തേയും നിക്ഷേപങ്ങളേയും കുറിച്ച് അവളോട് പറഞ്ഞു. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പണത്തിനായി എന്തു ചെയ്യണമെന്നും വിശദീകരിച്ചു. പണം വിവേകത്തോടെ ഉപയോഗിക്കണമെന്നും ഞാന്‍ അവളോടു പറഞ്ഞിരുന്നു'- പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നേംചന്ദ് ജുറേല്‍ വ്യക്തമാക്കി.
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ ഫോളോ ഓണ്‍ ഭീഷണിയില്‍ നിന്നു കരകയറ്റിയ ഉജ്ജ്വല പ്രകടനവുമായി കളം വാണ ധ്രുവ് ജുറേല്‍ അര്‍ധ സെഞ്ച്വറി നേടിയതിനു പിന്നാലെ സല്യൂട്ട് ചെയ്തതിന്റെ കാരണവും മറ്റൊന്നല്ല. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികനായ തന്റെ അച്ഛന് ഐതിഹാസിക ഇന്നിങ്‌സ് സമര്‍പ്പിച്ചാണ് പിച്ചില്‍ നിന്നുള്ള ജുറേലിന്റെ സല്യൂട്ട്.
ഇന്ത്യന്‍ കസേനയുടെ എട്ടാം ജാട്ട് റജിമെന്റിലെ അംഗമായിരുന്നു ധ്രുവ് ജുറേലിന്റെ അച്ഛനായ നേംചന്ദ്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത നേംചന്ദ് 2008ലാണ് സൈന്യത്തില്‍ നിന്നു വിരമിക്കുന്നത്. ഇപ്പോള്‍ മകന്റെ ബാറ്റിങ് മികവ് ആവേളം ആസ്വദിക്കുകയാണ് ആ അച്ഛന്‍.
ക്രിക്കറ്റ് മൈതാനത്ത് നാഴികക്കല്ലുകള്‍ പിന്നിടുമ്പോഴെല്ലാം ധ്രുവ് ജുറേല്‍ തന്റെ പിതാവിന് ഇത്തരത്തില്‍ പിച്ചില്‍ നിന്നു സല്യൂട്ട് നല്‍കാറുണ്ട്. സൈന്യത്തില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ച അച്ഛനോടുള്ള ആദരവാണ് സല്യൂട്ടിനു പിന്നില്‍.
ധ്രുവ് പഠനത്തില്‍ മിടുക്കനായിരുന്നു. എന്നാല്‍ ഇടക്കാലത്ത് ശ്രദ്ധ ക്രിക്കറ്റിലേക്ക് തിരിഞ്ഞു. അതോടെ പഠനത്തില്‍ നിന്നുള്ള ശ്രദ്ധ മാറിയെന്നു നേംചന്ദ് പറയുന്നു. ക്രിക്കറ്റിനു മുന്‍ഗണന നല്‍കിയതോടെ പഠനം പിന്നിലായി. പത്താം ക്ലാസ് പരീക്ഷ ധ്രുവ് കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു. ക്രിക്കറ്റാണ് മകന്റെ ലക്ഷ്യം എന്നു മനസിലാക്കിയതോടെ അവന് ആവശ്യമായ ഉപകരണങ്ങളുടെ കാര്യത്തില്‍ താന്‍ ഒരിക്കല്‍ പോലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും നേംചന്ദ് വ്യക്തമാക്കി.
ഇതാദ്യമായാണ് നേംചന്ദ് മകന്റെ കളി കാണാന്‍ വിദേശത്തേക്ക് പറക്കുന്നത്. നേംചന്ദിനൊപ്പം ധ്രുവിന്റെ അമ്മയുമുണ്ട്. ഇരുവര്‍ക്കും ആനന്ദിക്കാനും അഭിമാനിക്കാനും വക നല്‍കുന്ന സ്ഥിരതയാണ് ധ്രുവ് ജുറേല്‍ ടെസ്റ്റില്‍ പുലര്‍ത്തുന്നത്. ആദ്യ ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും താരം അര്‍ധ സെഞ്ച്വറികള്‍ നേടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates