ഹാമില്‍ട്ടണ്‍: അവസാന മത്സരത്തില്‍ ഇന്ത്യയെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് ടി20 പരമ്പര 3-2 എന്ന നിലയില്‍ അവസാനിപ്പിച്ചു. അഞ്ചാം പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. മറുപടി പറഞ്ഞ കിവികള്‍ 18 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടിയാണ് വിജയം പിടിച്ചത്. കിവികള്‍ക്കായി ടിം സെയ്ഫര്‍ടും ഗ്ലെന്‍ ഫിലിപ്‌സും അര്‍ധ സെഞ്ച്വറികള്‍ നേടി.
പരമ്പരയില്‍ ഇതുവരെ ഫോം കണ്ടെത്താതെ നിന്ന ഓപ്പണര്‍ ടിം സെയ്ഫര്‍ടിന്റെ സെഞ്ച്വറി വക്കിലെത്തിയ പ്രകടനമാണ് ന്യൂസിലന്‍ഡ് ജയം അനായാസമാക്കിയത്. താരം 50 പന്തില്‍ 11 ഫോറും 5 സിക്‌സും സഹിതം 93 റണ്‍സ് നേടി.
സഹ ഓപ്പണര്‍ ഫിന്‍ അല്ലന്‍ 2 റണ്‍സുമായി മടങ്ങി. പിന്നീട് വന്ന ഡാരില്‍ മിച്ചല്‍ 16 പന്തില്‍ 4 സിക്‌സുകള്‍ സഹിതം 29 റണ്‍സെടുത്തു മടങ്ങി. ഗ്ലെന്‍ ഫിലിപ്‌സും സെയ്ഫര്‍ടും ചേര്‍ന്നു പിന്നീട് ഇന്നിങ്‌സ് അതിവേഗം മുന്നോട്ടു കൊണ്ടുപോയി. ഫിലിപ്‌സ് 38 പന്തില്‍ 3 സിക്‌സും 8 ഫോറും സഹിതം 65 റണ്‍സുമായി പുറത്താകാതെ നിന്നു. ടീം ജയം ഫോറടിച്ചാണ് താരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ കളിയില്‍ ഗ്ലെന്‍ ഫിലിപ്‌സിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് കിവികള്‍ ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ, 32 പന്തില്‍ 61 റണ്‍സ് നേടിയ ഇഷാന്‍ കിഷനും 23 പന്തില്‍ 50 റണ്‍സ് അടിച്ച ശ്രേയസ് അയ്യരുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സഹായിച്ചത്. ടോസ് നേടി ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ തുടക്കം. ഓപ്പണര്‍ അഭിഷേക് ശര്‍മ റണ്‍സൊന്നും നേടാതെ പുറത്തായപ്പോള്‍ മറ്റൊരു ഓപ്പണറായ സഞ്ജു സാംസണ്‍ നാല് റണ്‍സ് നേടി പുറത്തായി. ആദം മില്‍നെയാണ് തുടക്കത്തില്‍ ഇന്ത്യയെ ഞെട്ടിച്ചത്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ശ്രേയസ് അയ്യരും ഇഷാന്‍ കിഷനുമാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ഇരുവരും ചേര്‍ന്ന് 93 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. ഇരുവരും പുറത്തായ ശേഷം അവസാന ഓവറുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും നമന്‍ ധീറും കത്തിക്കയറിയതോടെയാണ് സ്‌കോര്‍ 150 കടന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates