ജയ്പുര്‍: 25 പന്തില്‍ അതിവേഗ സെഞ്ച്വറിയടിച്ച് രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി. പക്ഷേ എക്കാലത്തേയും മികച്ച റെക്കോര്‍ഡ് തകര്‍ക്കാന്‍ താരത്തിനു സാധിച്ചില്ല! മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സന്റെ യുട്യൂബ് ചാനലായ ദ സ്വിച്ച് ഷോയുമായി ബന്ധപ്പെട്ടായിരുന്നു വൈഭവിന്റെ കൊടുങ്കാറ്റ് വേഗമുള്ള ബാറ്റിങ്. രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പ്ലേ ഓഫ് ഉറപ്പിച്ചതിനു പിന്നാലെയാണ് താരത്തിന്റെ സെഞ്ച്വറി.
50 പന്തില്‍ 100 അടിക്കാന്‍ കെപി വൈഭവുമായി പന്തയം വച്ചു. ആ 15കാരന്‍ വെറും 25 പന്തില്‍ ലക്ഷ്യം കണ്ട് പന്തയം ജയിച്ചു. മുന്‍ ഇംഗ്ലീഷ് നായകന്റെ യുട്യൂബ് ചാനല്‍ ഷോയിലെ നിലവിലെ റെക്കോര്‍ഡ് തകര്‍ക്കാന്‍ പക്ഷേ സൂര്യവംശിക്കു സാധിച്ചില്ല. ഈ ഷോയിലെ റെക്കോര്‍ഡ് സെഞ്ച്വറി പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പേരിലാണ്. കെപിയുടെ വെല്ലുവിളി ഏറ്റെടുത്ത് വെറും 22 പന്തില്‍ ശ്രേയസ് ലക്ഷ്യം കണ്ടു.
അതേസമയം ഈ ഷോയിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി ഇനി വൈഭവിന്റെ പേരിലാണ്. നിക്കോളാസ് പൂരാന്‍ 28 പന്തിലും എബി ഡിവില്ല്യേഴ്‌സ് 30 പന്തിലും സെഞ്ച്വറി നേടിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിലെ വൈഭവിന്റെ സഹ ഓപ്പണറായ യശസ്വി ജയ്‌സ്വാള്‍ 47 പന്തിലും പീറ്റേഴ്‌സന്‍ ഷോയില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്.
ഈ ഷോയില്‍ ഇരുവരും തമ്മില്‍ സംസാരിക്കുന്നുണ്ട്. ഇതില്‍ വൈഭവ് തന്റെ സ്വപ്നത്തെക്കുറിച്ചും പറയുന്നുണ്ട്.
'ടി20യില്‍ 200 റണ്‍സ് അടിക്കണം'
കെപി: 'അര്‍ധ സെഞ്ച്വറികള്‍ നേടുന്നത് ആഘോഷിക്കാന്‍ താത്പര്യപ്പെടാറുണ്ടോ?'
വൈഭവ്: 'ഇല്ല അത്രയ്‌ക്കൊന്നും താത്പര്യമില്ല. എനിക്ക് ടി20യില്‍ 200 റണ്‍സ് നേടണം. ക്രിസ് ഗെയ്‌ലിന്റെ എക്കാലത്തേയും മികച്ച ടി20 വ്യക്തിഗത സ്‌കോറായ 175 റണ്‍സിന്റെ റെക്കോര്‍ഡ് തകര്‍ത്ത് 200 അടിക്കണം.'
കെപി: 'ഒരു സെഞ്ച്വറി എന്നതു തന്നെ ലക്ഷ്യത്തിലേക്കുള്ള പകുതി ദൂരം മാത്രമേ ആകുന്നുള്ളു'
വൈഭവ്: 'ഒരു മത്സരത്തില്‍ 20 ഓവറും എനിക്കു കളിക്കാന്‍ സാധിച്ചാല്‍ ആ 175 റണ്‍സിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയും.'
കെപി: 'വ്യക്തിഗത നാഴികക്കല്ല് താണ്ടാന്‍ ശ്രമിക്കുമ്പോള്‍... അതായത് സെഞ്ച്വറിയിലേക്ക് പോകുമ്പോള്‍ 90 കഴിഞ്ഞാല്‍ സമ്മര്‍ദ്ദം തോന്നാറുണ്ടോ?'
വൈഭവ്: 'ഇല്ല, ഒരിക്കലുമില്ല. ആ സമയത്തും സ്വാഭാവിക കളി കളിച്ചുകൊണ്ടേയിരിക്കുക എന്നതാണ് എന്റെ സമീപനം.'
ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകളുടെ സ്വപ്നം പങ്കിടുമ്പോള്‍ അതിശയകരമായ ഒരിന്നിങ്‌സിനെക്കുറിച്ച് വൈഭവ് ഓര്‍ക്കുന്നുണ്ട്. ഔദ്യോഗിക റെക്കോര്‍ഡില്‍ ഇല്ലാത്ത ഈ പോരാട്ടത്തില്‍ ഒരു ഏകദിന ഇന്നിങ്‌സില്‍ പുറത്താകാതെ 335 റണ്‍സ് ഒറ്റയ്ക്കടിച്ച കാര്യം വൈഭവ് വെളിപ്പെടുത്തി.
'എന്റെ സംസ്ഥാനത്തിനു വേണ്ടിയുള്ള ഒരു ആഭ്യന്തര മത്സരത്തില്‍ ഞാന്‍ 50 ഓവറും പൂര്‍ണമായി ബാറ്റ് ചെയ്ത് 335 റണ്‍സടിച്ചിട്ടുണ്ട്.'
2013ല്‍ ഐപിഎല്‍ പോരാട്ടത്തില്‍ പുനെ വാരിയേഴ്‌സിനെതിരായ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ജേഴ്‌സിയിലാണ് ക്രിസ് ഗെയ്ല്‍ ടി20 ഫോര്‍മാറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ് തീര്‍ത്തത്. മത്സരത്തില്‍ ഗെയ്ല്‍ പുറത്താകാതെ 175 റണ്‍സ് അടിച്ചെടുത്തു. 13 വര്‍ഷമായി തകരാതെ നില്‍ക്കുന്ന റെക്കോര്‍ഡാണിത്. ടി20 ഫോര്‍മാറ്റില്‍ ഒരു ബാറ്ററും ഇതുവരെ 200 അടിച്ചിട്ടുമില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates