മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യ നിലയിൽ വീണ്ടും ആശങ്കയുമായി ക്രിക്കറ്റ് ലോകം. താനെയിലെ ഒരു വയോജന പരിചരണ കേന്ദ്രത്തിൽ കഴിയുന്ന കാംബ്ലിയുടെ പുതിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ആരോഗ്യനിലയെക്കുറിച്ച് ചർച്ചകൾ വീണ്ടും സജീവമായത്. താനെയിലെ 'നിദാൻ സെന്‍റർ ഫോർ എൽഡർലി കെയർ' കേന്ദ്രത്തിലാണ് നിലവിൽ കാംബ്ലി ഉള്ളത്. ഇവിടെ നിന്നുള്ള വിഡിയോയാണ് പുറത്തു വന്നത്.
വിഡിയോയിൽ കാംബ്ലി സംസാരിക്കുന്നുണ്ട്. എന്നാൽ താരം വളരെ പ്രയാസപ്പെട്ടാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ ഈ ശാരീരിക അവസ്ഥയാണ് ആരാധകരെ ആശങ്കയിലാക്കുന്നത്. വയോജന കേന്ദ്രത്തിൽ ലഭിക്കുന്ന ചികിത്സയേയും പരിചരണത്തേയും സൗകര്യങ്ങളേയും പ്രകീർത്തിച്ചാണ് കാംബ്ലി വിഡിയോയിൽ സംസാരിക്കുന്നത്.
'ഞാൻ ഇപ്പോൾ ഇവിടെ ചികിത്സയിലാണ്. നല്ല ശുചിത്വമുള്ള സ്ഥലമാണ്. ഇവിടുത്തെ സൗകര്യങ്ങൾ വളരെ മികച്ചതാണെന്നു എടുത്തു പറയണമെന്നും ഞാൻ ആഗ്രഹിക്കുന്നു. ഇവിടെ കഴിയുമ്പോൾ സ്വന്തം വീട്ടിൽ നിന്നു മാറി നിൽക്കുന്നതായി എനിക്ക് തോന്നുന്നില്ല. ഇവിടുത്തെ ആളുകളിൽ നിന്നു വലിയ സ്നേഹവും ബഹുമാനവുമാണ് എനിക്ക് കിട്ടുന്നത്'- വിഡിയോയിൽ കാംബ്ലി പറയുന്നു.
54കാരനായ കാംബ്ലിയെ കഴിഞ്ഞ കുറച്ചു കാലമായി കടുത്ത ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്. നടക്കാൻ പോലും പ്രയാസപ്പെടുന്ന കാംബ്ലിയുടെ ഒരു വിഡിയോയും നേരത്തെ പുറത്തു വന്നിരുന്നു. 2024 ഓഗസ്റ്റിലാണ് ഈ വിഡിയോ വന്നത്. 2013ൽ ഹൃദയാഘാതത്തെ തുടർന്നു മുൻ ഇന്ത്യൻ താരത്തെ ആൻജിയോപ്ലാസ്റ്റിക്കും വിധേയനാക്കിയിരുന്നു.
2024 അവസാനത്തോേടെ കാംബ്ലിയുടെ ആരോഗ്യനില കൂടുതൽ വഷളായി. ആ വർഷം ഡിസംബറിൽ മൂത്രത്തിലെ അണുബാധ, പേശിവേദന, തലകറക്കം, പിനി എന്നിവയെ തുടർന്നു കാംബ്ലിയെ താനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവ് കുറഞ്ഞതാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വഷളാക്കിയതെന്നു ഡോക്ടർമാർ കണ്ടെത്തി. കൂടുതൽ പരിശോധന നടത്തിയപ്പോൾ തലച്ചോറിൽ രക്തക്കട്ടകൾ കണ്ടെത്തിയതായും മുൻപുണ്ടായ സ്ട്രോക്കുമായി ഇതിനു ബന്ധമുണ്ടെന്നും കണ്ടെത്തി. ഏതാണ്ട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഡിസ്ചാർജായത്.
കാംബ്ലിയുടെ തലച്ചോറിൽ രക്തക്കട്ടകൾ കണ്ടെത്തിയെന്നും ഇതുമൂലം അദ്ദേഹത്തിന് ഓർമ്മക്കുറവുണ്ടെന്നും സുഹൃത്തും മുൻ ഫസ്റ്റ് ക്ലാസ് അമ്പയറുമായ മാർക്കസ് കുട്ടോ വെളിപ്പെടുത്തിയിരുന്നു. സംഭവങ്ങൾ പെട്ടെന്ന് മറന്നുപോകുന്ന അവസ്ഥയാണെന്നും പുകവലി വൻ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ കാംബ്ലിയുടെ ഭാര്യ ആൻഡ്രിയ ഹെവിറ്റ് ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തി. കാംബ്ലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നുമാണ് ആൻഡ്രിയ അന്ന് വ്യക്തമാക്കിയത്.
ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായ ബാറ്ററായിരുന്നു സച്ചിൻ ടെണ്ടുൽക്കറുടെ കളിക്കൂട്ടുകാരൻ കൂടിയായ കാംബ്ലി. 1991നും 2000ത്തിനും ഇടയിൽ ഇന്ത്യക്കായി 17 ടെസ്റ്റുകലും 104 ഏകദിനങ്ങളും കാംബ്ലി കളിച്ചിട്ടുണ്ട്. നാല് സെഞ്ച്വറികളുൾപ്പെടെ ടെസ്റ്റിൽ 1084 റൺസും ഏകദിനത്തിൽ 2477 റൺസും നേടി. 2000ത്തിലാണ് അദ്ദേഹം വിരമിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates