മുംബൈ: ഭിന്നശേഷിക്കാരനായ കുട്ടിയെ അവഗണിച്ച ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്‍ലിക്കും അനുഷ്ക ശർമയ്ക്കുമെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം. വിമാനത്താവളത്തിൽ വച്ച് ചിത്രമെടുക്കാൻ ശ്രമിച്ച ഭിന്നശേഷിക്കാരനായ കുട്ടിയെ അവഗണിച്ച താരങ്ങളുടെ നടപടിയാണ് വലിയ വിമർശനം ക്ഷണിച്ചു വരുത്തിയത്. മുംബൈ വിമാനത്താവളത്തിലെത്തിയ കോഹ്‍ലിയും അനുഷ്കയും പുറത്തേയ്ക്കു നടന്നു വരുന്നതിന്റെ വിഡിയോയാണ് പ്രചരിച്ചത്. രാജസ്ഥാനിലെ വരാഘട്ട് വൃന്ദാവൻ ആശ്രമത്തിലെ ആത്മീയഗുരു പ്രേമാനന്ദ് ജി മഹാരാജിനെ സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്നു ദമ്പതികൾ.
വിമാനത്താവളത്തിൽ നിന്നു കോഹ്‍ലി പുറത്തേയ്ക്കു നടക്കുന്നതിനിടെ ഭിന്നശേഷിക്കാരനായ ആൺകുട്ടി സെൽഫിയെടുക്കാൻ താരത്തിന്റെ മുന്നിലേക്കു വരുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് ഇടപെട്ട് തള്ളിമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ കോഹ്‍ലി ഇതൊന്നും ശ്രദ്ധിക്കാതെ കാറിൽ കയറി. പിന്നാലെ അനുഷ്ക ശർമയും.
ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇരുവർക്കുമെതിരെ വിമർശനവും വന്നത്. ഇത്തരം സാഹചര്യങ്ങൾ കുറച്ചുകൂടി സഹാനുഭൂതിയോടെ കൈകാര്യം ചെയ്യണമായിരുന്നെന്നു ആരാധകർ ചൂണ്ടിക്കാണിക്കുന്നു. ഭിന്നശേഷിയുള്ള കുട്ടിയെ സുരക്ഷാ ഉദ്യോഗസ്ഥൻ തള്ളിമാറ്റുകയും കുട്ടിയുടെ കൈ താരത്തിന്റെ ശരീരത്തിൽ തട്ടുക പോലും ചെയ്തിട്ടും കോഹ്‍ലി ഒന്നു നോക്കാൻ പോലും തയാറാകാത്തതാണ് വിമർശനത്തിനിടയാക്കിയത്.
സെൽഫി എടുത്തും ഓട്ടോഗ്രഫ് ഒപ്പിട്ടും അവർക്ക് മടത്തിട്ടുണ്ടാകും. അതു മനസിലാകും. എന്നാൽ ഈ കുട്ടിയോടെ ഇത്ര അവഗണന കാണിക്കേണ്ടിയിരുന്നില്ല. അഭ്യർഥന മാന്യമായി നിരസിക്കാമായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥൻ തട്ടിമാറ്റുന്നതു തടയാനും ഇടപെടാനും പോലും മെനക്കെടാതിരിക്കുകയും ചെയ്യുന്നത് കണുന്നത് വെറും ക്രൂരതയാണ്. ഒരു ആരാധകൻ കുറിച്ചു.
പ്രശസ്തരായ ആളുകളുടെ തനി സ്വഭാവമാണിത്. അവരുടെ വിജയത്തിനായി പ്രർഥിയ്ക്കുന്നു. എല്ലായ്പ്പോഴും സമൂഹ മാധ്യമങ്ങളിലടക്കം അവർക്കു വേണ്ടി വാദിക്കുന്നു. പക്ഷേ അവർ ആരെയും ശ്രദ്ധിക്കുന്നില്ല എന്നായിരുന്നു രോഷത്തോടെയുള്ള മറ്റൊരു കമന്റ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കു ശേഷം കോഹ്‍ലിയും അനുഷ്കയും ലണ്ടനിലേക്ക് മടങ്ങിപ്പോയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇരുവരും തിരിച്ചെത്തിയത്. വിജയ് ഹസാരെ ട്രോഫി പോരാട്ടത്തിലടക്കം കോഹ്‍ലി കളിക്കുമെന്നു റിപ്പോർട്ടുകളുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates