മസ്കറ്റ്: മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി രണ്ട്- മൂന്ന് മാസം സജീവ ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കട്ടെ എന്ന അഭിപ്രായവുമായി മുൻ പരിശീലകൻ രവി ശാസ്ത്രി രംഗത്ത്. ടീമിനായി സർവവും സമർപ്പിച്ച് കളിക്കുന്ന താരമായി കോഹ്‌ലി തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തറുമായി അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിനായി നടത്തിയ സംഭാഷണത്തിലാണ് കോഹ്‌ലിക്ക് ഒരു ഇടവേള അഭികാമ്യമാണെന്ന് ശാസ്ത്രി വ്യക്തമാക്കിയത്.
കുറഞ്ഞത് അഞ്ച് വർഷമെങ്കിലും ഇനിയും സമ്പൂർണ മികവോടെ കളിക്കാൻ കോഹ്‌ലിക്ക് സാധിക്കും. ക്രിക്കറ്റിൽ നിന്നുള്ള ഒരു ഇടവേള ശക്തമായി തിരിച്ചെത്താൻ കോഹ്‌ലിയെ സഹായിക്കുമെന്നും ശാസ്ത്രി വിലയിരുത്തുന്നു.
‘ഇപ്പോൾ കോഹ്‌ലി കടുത്ത സമ്മർദ്ദം നേരിടുന്നുണ്ട്. ഓരോരുത്തരും അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. ഒരു മനുഷ്യനും സമ്പൂർണനല്ല. ക്രിക്കറ്റിലെ മഹാൻമാരായ താരങ്ങൾ പോലും ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് നാം കണ്ടിട്ടുണ്ട്. സുനിൽ ഗാവസ്കറും സച്ചിൻ ടെൻഡുൽക്കറും എംഎസ് ധോനിയും അക്കൂട്ടത്തിലുണ്ട്. അദ്ദേഹം 94 ടെസ്റ്റുകൾ കളിച്ചു. ഇനിയും 10–15 ടെസ്റ്റുകൾ കളിക്കാൻ കഴിയുമായിരുന്നു. പക്ഷേ, അതിനു നിൽക്കാതെ മാറിക്കൊടുത്തു’.
‘33 വയസ്സായെന്ന സത്യം കോഹ്‌ലി മനസിലാക്കുന്നുണ്ടാകും. ഇനിയും കുറഞ്ഞത് അഞ്ച് വർഷമെങ്കിലും സജീവമായി തുടരാൻ കോഹ്‌ലിക്കാകും. ശാന്തമായി ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു സമയം ഒരു കളിയെക്കുറിച്ച് മാത്രം ചിന്തിച്ച് മുന്നോട്ടു പോയാൽ കോഹ്‌ലിക്ക് മികവു കാട്ടാം. ഇടയ്ക്ക് രണ്ട്- മൂന്ന് മാസത്തേക്ക് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നതും നല്ലതായിരിക്കും. ഒരു പരമ്പരയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുന്നത് ഉപകാരപ്പെടും’.
‘ഇടവേളയ്ക്കു ശേഷം തിരിച്ചെത്തി മൂന്ന്- നാല് വർഷം രാജാവിനേപ്പോലെ കളിക്കാം. മനസ് ശുദ്ധിയാക്കി തന്റെ ഉത്തരവാദിത്വം എന്തെന്ന് കൃത്യമായി തിരിച്ചറിഞ്ഞ് മുന്നോട്ടു പോകാൻ കോഹ്‌ലിക്കാകും. അതാണ് ഇനി കോഹ്‌ലിയിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നത്. കളത്തിൽ വന്ന് മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുക. കളത്തിൽ അദ്ദേഹത്തിന് ബാക്കിവയ്ക്കാനാകുന്ന മികച്ച ഓർമകൾ കൂടിയാകും അത്’.
‘ബയോ സെക്യുർ ബബ്ളിലെ തുടർച്ചയായ ജീവിതം മടുപ്പിക്കും. കോഹ്‌ലിയേയും മടുപ്പു ബാധിച്ചിട്ടുണ്ടാകും. ഇത്തരമൊരു സാഹചര്യത്തിൽ മൂന്ന് ഫോർമാറ്റിലും ടീമിനെ നയിക്കുന്നത് എളുപ്പമല്ല. കളിയിൽ നിന്ന് മാറിനിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥ വരും. ഏകദിന, ടി20 ടീമിന്റെ നായക സ്ഥാനം ഉപേക്ഷിച്ച കോഹ്‌ലിയുടെ തീരുമാനം നന്നായി എന്നേ ഞാൻ പറയൂ. പക്ഷേ, ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം രാജിവച്ച കോഹ്‌ലിയുടെ തീരുമാനം എന്നെ വിസ്മയിപ്പിച്ചു. കാരണം, കോഹ്‌ലിക്കു കീഴിൽ അഞ്ച് വർഷത്തോളമായി ഒന്നാം നമ്പർ ടീമാണ് ഇന്ത്യ. ഒരു പരമ്പരയിലെ തോൽവിയുടെ പേരിൽ രാജിവയ്ക്കേണ്ട കാര്യമുണ്ടോ എന്നാണ് ഞാൻ ചിന്തിച്ചത്.’
‘പക്ഷേ, ഇക്കാര്യത്തിൽ ആ വ്യക്തിയുടെ തീരുമാനത്തെ പിന്തുണയ്ക്കാനാണ് എനിക്കിഷ്ടം. കാരണം, അദ്ദേഹത്തിന്റെ മനസിലുള്ളതെന്താണെന്ന് നമുക്കറിയില്ല. ഒരുപക്ഷേ, ഇതു മതി എന്ന് അദ്ദേഹത്തിന്റെ ശരീരം പറഞ്ഞിട്ടുണ്ടാകും. ക്യാപ്റ്റനെന്ന നിലയിൽ സാധ്യമായതിന്റെ പരമാവധി കോഹ്‌ലി നേടിയിട്ടുണ്ട്. 68 ടെസ്റ്റുകളിൽ നിന്ന് 40 വിജയമെന്നത് ചെറിയ കാര്യമല്ല’ – ശാസ്ത്രി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates