കൊച്ചി: ഇത്തവണത്തെ ഐ എസ് എൽ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കളിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുന്നു. പകരം ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമാണ്. സൂപ്പർ ലീഗ് കേരളയുടെ മത്സരങ്ങൾക്ക് കോഴിക്കോട് സ്റ്റേഡിയത്തിൽ ആരാധകർ നൽകിയ വൻ പിന്തുണയാണ് മത്സരങ്ങൾ ഇവിടേക്ക് മാറ്റാൻ ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചതിന്റെ പ്രധാന കാരണം. പക്ഷെ, അതിൽ കൂടുതൽ കാണികൾ നിറയുന്ന കലൂർ സ്റ്റേഡിയം ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയതിന്റെ പിന്നിലെ വസ്തുത എന്താണ് ?
കൊച്ചി കലൂർ സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി എന്ന് കരാർ ഏറ്റെടുത്ത ഏജൻസി പറയുമ്പോഴും വാസ്തവം അങ്ങനെയല്ല. ടർഫ് നവീകരണം, കസേരകൾ മാറ്റൽ, പാർക്കിങ് സൗകര്യം ഒരുക്കുക തുടങ്ങിയ പണികൾ പൂർത്തിയാക്കിയെങ്കിലും ഫ്ളഡ് ലൈറ്റ്, ഡ്രസിങ് റൂം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാൻ ഇത് വരെ അധികൃതർ തയ്യാറായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഇതും ബ്ലാസ്റ്റേഴ്സ് കൊച്ചി ഉപേക്ഷിക്കാനുള്ള മറ്റൊരു കാരണമാണ്.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയതിനൊപ്പം പയ്യനാട്ടെ സ്റ്റേഡിയവും മത്സരത്തിനായി ബ്ലാസ്റ്റേഴ്സ്സ് പരിഗണിച്ചിരുന്നു . എന്നാൽ കാണികൾക്ക് വളരെ വേഗം എത്താൻ കഴിയുന്ന സൗകര്യം കൂടി പരിഗണിച്ചാണ് കോർപ്പറേഷൻ സ്റ്റേഡിയം തെരഞ്ഞെടുക്കാൻ ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചത്. എന്നാൽ സൂപ്പർക്രോസ് റേസിങ് ലീഗിന് വിട്ടുനൽകിയ ശേഷം ഭാഗികമായി തകർന്ന നിലയിലാണ് കോർപ്പറേഷൻ സ്റ്റേഡിയം നിലവിലുള്ളത്. ഒരു മാസത്തിനുള്ളിൽ പൂർവ്വസ്ഥിതിയിലാക്കാമെന്ന് സംഘാടകർ കോർപ്പറേഷനെ അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി 14നാണ് ഐ എസ് എൽ പുതിയ സീസൺ ആരംഭിക്കുന്നത്. എന്നാൽ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാക്കാനായി ഇനിയും സമയം ആവശ്യമായതിനാൽ
ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ ആരംഭിക്കാൻ 10 ദിവസം കൂടി സമയം എ ഐ എഫ് എഫ് അനുവദിച്ചിട്ടുണ്ട്.
പരിമിതികളിൽ നിന്ന് കൊണ്ടാണ് ഇത്തവണത്തെ സീസൺ എ ഐ എഫ് എഫ് സംഘടിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ക്ലബ്ബുകൾക്ക് വലിയ വരുമാനം ഇത്തവണ ലഭിച്ചേക്കില്ല. ഈ സീസൺ ഏറ്റവും ചെലവ് ചുരുക്കി നടത്താനാണ് എല്ലാ ക്ലബ്ബുകളും തയ്യാറെടുക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടയുള്ള ക്ലബ്ബുകൾ അവരുടെ വിദേശ താരങ്ങളെ ലോണിന് വിടുകയോ അല്ലെങ്കിൽ മറ്റ് ക്ലബ്ബുകളിൽ കളിക്കാൻ അനുമതി നൽകുകയോ ചെയ്തിട്ടുണ്ട്.
സംപ്രേഷണ അവകാശം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അവക്തത തുടരുന്നതോടെ ക്ലബ്ബുകൾക്ക് ഇത്തവണ കാര്യമായ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷയില്ല. അത് കൂടി പരിഗണിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ചെലവ് ചുരുക്കത്തിന്റെ ഭാഗമായി കൊച്ചി വിടാൻ തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates