ജനീവ: ചെസിലെ പുതിയ ലോക ചാംപ്യനെ കണ്ടെത്താനുള്ള പോരാട്ടത്തിന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ ഇന്ന് തുടക്കം. ഇന്ന് മുതല്‍ ഡിസംബര്‍ 12 വരെയാണ് ഫിഡെ വേൾഡ് ചാംപ്യൻഷിപ്പ് പോരാട്ടം. നിലവിലെ ലോക ചാംപ്യന്‍ ഇന്ത്യയുടെ ഡി ഗുകേഷ് ഉസ്‌ബെക്കിസ്ഥാന്റെ ജാവോഹിര്‍ സിന്ദ്രോവുമായി ഏറ്റുമുട്ടും. ഇരുവര്‍ക്കും പ്രായം 20 ആണെന്നതിനാല്‍ തന്നെ ഇത്തവണത്തെ ലോക കിരീടത്തിനായുള്ള പോരാട്ടം ജെന്‍സീ കരുനീക്കങ്ങളായി മാറും. ഇന്ന് രാത്രി 7.30 മുതലാണ് ആദ്യ ഗെയിം അരങ്ങേറുന്നത്.
2024ല്‍ ക്ലാസിക്കല്‍ ചെസില്‍ ലോക ചാംപ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവുമായി 18 വയസുള്ളപ്പോഴാണ് ഗുകേഷ് ലോക കിരീടം സ്വന്തമാക്കിയത്. മറുഭാഗത്ത് ചെസിലെ പുത്തന്‍ സെന്‍സേഷനായി വരുന്ന സിന്ദ്രോവ് 2025ലെ ചെസ് ലോകകപ്പ് ജേതാവും കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ഈ വര്‍ഷം കിരീടം സ്വന്തമാക്കിയുമാണ് ലോക കിരീടത്തിനായി എത്തുന്നത്.
ഒന്നാം ഗെയിമില്‍ ഗുകേഷ് കറുത്ത കരുക്കളും സിന്ദ്രോവ് വെളുത്ത കരുക്കളുമായാണ് കളി തുടങ്ങുക. ഊര്‍ജ്ജസ്വലതയും നിര്‍ഭയമായ നീക്കങ്ങളുമായി കളം നിറയുക എന്ന ശൈലിയാണ് ഗുകേഷ് പിന്തുടരുന്നത്. അപകടകരമായ നീക്കങ്ങള്‍ നടത്താനുള്ള അപാരമായ ഇച്ഛാശക്തി. മാരത്തണ്‍ പോരാട്ടങ്ങളില്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയും പ്രദര്‍ശിപ്പിക്കുന്ന താരമാണ് ഗുകേഷ്.
സിന്ദ്രോവ് എതിരാളിയില്‍ കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ച് മുന്നേറുന്ന ശൈലിക്കാരനാണ്. 64 കളങ്ങളില്‍ അതിതീവ്രമായ സങ്കീര്‍ണതകള്‍ തീര്‍ക്കാനും വിരുതന്‍. ബോര്‍ഡില്‍ സംജാതമാകുന്ന ഏത് തരം പൊസിഷനുകളേയും കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള നവീന ആശയങ്ങളും സിന്ദ്രോവിനെ വ്യത്യസ്തനാക്കുന്നു. പ്രതിരോധ സാഹചര്യത്തില്‍ പോലും ഡിഫന്‍സീവ് ശൈലിയില്‍ നല്ല മികവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates