ബെയ്ജിങ്: എഐ സാങ്കേതികവിദ്യയുടെ വികസനത്തിനായി ലോകത്തെ ഏറ്റവും നൂതനമായ ചിപ്പുകളിലൊന്നായ എന്‍വിഡിയയുടെ ജിപിയുകള്‍ ഉപയോഗിക്കാന്‍ ചൈനീസ് കമ്പനികള്‍ കണ്ടെത്തുന്നത് പുതിയ വഴികള്‍. ചൈനയിലേക്ക് അത്യാധുനിക എഐ ചിപ്പുകള്‍ കയറ്റുമതി ചെയ്യുന്നതിന് അമേരിക്ക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിവിധ മാര്‍ഗങ്ങളിലൂടെ ചൈനീസ് കമ്പനികള്‍ ഇവയുടെ സേവനം പ്രയോജനപ്പെടുത്തുന്നതായാണ് എഎഫ്പി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനീസ് ചാര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആലീസ് ഹുവാങ്ങുമായി ബന്ധം പുലര്‍ത്തിയ എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് അന്വേഷണം നേരിടുന്ന പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട്.
എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് വലിയ അളവിലുള്ള വിവരങ്ങള്‍ വേഗത്തില്‍ വിശകലനം ചെയ്യാന്‍ കഴിയുന്ന ചിപ്പുകളാണ് ആവശ്യമുള്ളത്. ഇതിനായി ഉപയോഗിക്കുന്ന ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റുകളാണ് (ജിപിയു) എന്‍വിഡിയ വികസിപ്പിക്കുന്നത്. തുടക്കത്തില്‍ വിഡിയോ ഗെയിമുകളിലെ ത്രിമാന ദൃശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്ത ഇവ പിന്നീട് എഐ മോഡലുകള്‍ പരിശീലിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും നിര്‍ണായകമായി മാറി. ചാറ്റ്ജിപിടിയുടെ വരവോടെ എഐ മേഖലയിലെ നിക്ഷേപം വര്‍ധിച്ചതും എന്‍വിഡിയ ചിപ്പുകള്‍ക്ക് വലിയ ആവശ്യക്കാരുണ്ടാകാന്‍ കാരണമായി.
ചിപ്പുകള്‍ക്ക് അമേരിക്കയുടെ നിയന്ത്രണം
സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയാണ് എന്‍വിഡിയയുടെ ഏറ്റവും നൂതനമായ ബ്ലാക്ക്വെല്‍ (Blackwell), റൂബിന്‍ (Rubin) ജിപിയുകള്‍ ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നത് അമേരിക്ക നിരോധിച്ചിരിക്കുന്നത്. സൈനിക ആവശ്യങ്ങള്‍ക്കും അത്യാധുനിക എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനാകുമെന്നതാണ് പ്രധാന ആശങ്ക. അതേസമയം, എന്‍വിഡിയയുടെ ചിപ്പുകള്‍ക്ക് ചൈനീസ് വിപണിയില്‍ വില്‍പ്പനാനുമതി നല്‍കണമെന്ന് കമ്പനി സിഇഒ ജെന്‍സന്‍ ഹുവാങ് അമേരിക്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ചൈനയുടെ സ്വന്തം ചിപ്പ് വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം.
നേരത്തെ നിരോധിച്ചിരുന്നെങ്കിലും താരതമ്യേന ശേഷി കുറഞ്ഞ എച്ച്200 ചിപ്പുകളുടെ വില്‍പ്പനയ്ക്ക് ഈ വര്‍ഷം അമേരിക്ക ഇളവ് നല്‍കിയിരുന്നു. എന്നാല്‍ വില്‍പ്പനയില്‍നിന്ന് 25 ശതമാനം വിഹിതം അമേരിക്കയ്ക്ക് നല്‍കണമെന്നതടക്കമുള്ള നിബന്ധനകളുണ്ട്. ചിപ്പുകള്‍ ചൈനയിലെത്തിക്കുന്നതിനുള്ള അനുമതി നടപടികള്‍ സങ്കീര്‍ണമാണെന്നതും സ്വന്തം ചിപ്പ് നിര്‍മാണ മേഖല വളര്‍ത്താന്‍ ബെയ്ജിങ് ശ്രമിക്കുന്നതും ഈ ഇടപാടുകളെ ബാധിക്കുന്നുണ്ട്.
ചൈനയ്ക്ക് എങ്ങനെ ചിപ്പ് കിട്ടുന്നു?
അമേരിക്കയുടെ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ചൈനീസ് കമ്പനികള്‍ പ്രധാനമായും ആശ്രയിക്കുന്നത് മൂന്നാം രാജ്യങ്ങളിലെ ഡേറ്റാ സെന്ററുകളെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ എന്‍വിഡിയ ചിപ്പുകള്‍ ഉപയോഗിച്ചുള്ള ഡേറ്റാ സെന്ററുകളില്‍നിന്ന് കമ്പ്യൂട്ടിങ് ശേഷി വാടകയ്ക്ക് എടുത്താണ് ചില ചൈനീസ് കമ്പനികള്‍ എഐ മോഡലുകള്‍ പരിശീലിപ്പിക്കുന്നത്.
ഉദാഹരണത്തിന്, മലേഷ്യയിലെ ജോഹോര്‍ മേഖലയില്‍ സ്ഥാപിച്ചിരിക്കുന്ന എന്‍വിഡിയ ജിപിയുകള്‍ ഉപയോഗിച്ച് ചൈനയിലെ ഷെന്‍ഷെനിലുള്ള ഒരു കമ്പനിക്ക് ഓണ്‍ലൈനായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ചിപ്പ് ഏത് രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നു എന്നതിനാണ് അമേരിക്കയുടെ നിയന്ത്രണം ബാധകമാകുന്നതെന്നും അത് ആരാണ് ഉപയോഗിക്കുന്നത് എന്നതിനെ നിയന്ത്രിക്കുന്നില്ലെന്നുമാണ് ഈ രീതിയുടെ പിന്നിലെ പ്രധാന പഴുത്. തായ്ലന്‍ഡിലെ എന്‍വിഡിയയുടെ അത്യാധുനിക ചിപ്പുകള്‍ മൂണ്‍ഷോട്ട് എഐ എന്ന ചൈനീസ് കമ്പനി ഉപയോഗിച്ചതായി വൈറ്റ് ഹൗസ് ഉപദേഷ്ടാവ് മൈക്കല്‍ ക്രാറ്റ്‌സിയോസും നേരത്തെ ആരോപിച്ചിരുന്നു.
ചിപ്പുകള്‍ രഹസ്യമായി ചൈനയിലേക്ക് കടത്തുന്നതാണ് മറ്റൊരു മാര്‍ഗം. വിദേശ രാജ്യങ്ങളില്‍നിന്ന് ചിപ്പുകള്‍ എത്തിച്ച് ഉപയോഗിക്കുന്നതായും ആരോപണങ്ങളുണ്ട്. വിദേശത്ത് സ്ഥാപിച്ചിരുന്ന ആയിരക്കണക്കിന് ചിപ്പുകള്‍ അഴിച്ചുമാറ്റി ചൈനയിലെത്തിച്ചാണ് ഡീപ്സീക്ക് പുതിയ എഐ മോഡല്‍ പരിശീലിപ്പിച്ചതെന്ന് ടെക് മാധ്യമമായ 'ദ ഇന്‍ഫര്‍മേഷന്‍' നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത്തരമൊരു ചിപ്പ് കടത്ത് നടന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ആരോപണം വിശ്വസനീയമല്ലെന്നുമായിരുന്നു എന്‍വിഡിയയുടെ പ്രതികരണം. അതേസമയം, ചൈനീസ് എഐ കമ്പനികള്‍ അമേരിക്കന്‍ മോഡലുകളുടെ ശേഷി അനുകരിക്കുന്നതിനായി പരിശീലന രീതികള്‍ ഉപയോഗിക്കുന്നതായും വാഷിങ്ടന്‍ ആരോപിച്ചിട്ടുണ്ട്.
സ്വന്തം ചിപ്പുകളുമായി ചൈനയും മുന്നോട്ട്
എന്‍വിഡിയയുടെ ചിപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ചൈന സ്വന്തം എഐ ചിപ്പ് വ്യവസായത്തിനും വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഹുവാവേയാണ് ചൈനയില്‍ എന്‍വിഡിയയുടെ പ്രധാന എതിരാളി. സാങ്കേതിക മികവില്‍ ഇപ്പോഴും എന്‍വിഡിയയ്ക്ക് പിന്നിലാണെങ്കിലും ചൈനീസ് ചിപ്പുകളുടെ ശേഷി അതിവേഗം മെച്ചപ്പെടുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഡീപ്സീക്കിന്റെ അടുത്ത പ്രധാന എഐ മോഡല്‍ ഹുവാവേ ചിപ്പുകള്‍ ഉപയോഗിച്ച് പരിശീലിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2027ന്റെ ആദ്യ പാദത്തില്‍ അടുത്ത തലമുറ എഐ ചിപ്പ് പുറത്തിറക്കാനാകുമെന്ന് ഹുവാവേ കഴിഞ്ഞ സെപ്റ്റംബറില്‍ അറിയിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ ഒമ്പത് മാസം മുന്‍പാണ് പുതിയ ചിപ്പ് പുറത്തിറക്കാന്‍ കമ്പനി ലക്ഷ്യമിടുന്നത്.
എന്‍വിഡിയ ചിപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ എഐ മോഡലുകളുടെ പരിശീലനം കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും നടത്താനാകുമെങ്കിലും ചൈനീസ് ചിപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ സമയവും സാങ്കേതിക അധ്വാനവും ആവശ്യമായി വരും. എന്നാല്‍ കൂടുതല്‍ ചൈനീസ് ചിപ്പുകള്‍ ഒരുമിച്ച് ഉപയോഗിച്ച് ഈ പരിമിതി മറികടക്കാനാകുമെന്നാണ് വിലയിരുത്തല്‍. ചൈനയിലെ കുറഞ്ഞ വൈദ്യുതി നിരക്കും സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡികളും ഇതിന് സഹായമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates