Nothing Screenless AI Device to Launch in December 202 Representational Image | Generated Using AI
Technology

നത്തിങ്ങിന്റെ സ്‌ക്രീനില്ലാത്ത എഐ ഡിവൈസ് വരുന്നു; ലോഞ്ച് ഡിസംബറില്‍

പേര്, വില, ലോഞ്ച് തീയതി, സാങ്കേതിക സവിശേഷതകള്‍ എന്നിവ കമ്പനി പുറത്തുവിട്ടിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

സ്‌ക്രീനില്ലാത്ത ആദ്യ എഐ ഉപകരണം അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ടെക് ബ്രാന്‍ഡായ നത്തിങ്. ഡിസംബറില്‍ ഉപകരണം വിപണിയിലെത്തിക്കുമെന്ന് കമ്പനി സിഇഒ കാള്‍ പേയ് സ്ഥിരീകരിച്ചു. സ്മാര്‍ട്ട്ഫോണുകള്‍ക്കും ഓഡിയോ ഉപകരണങ്ങള്‍ക്കും പിന്നാലെ എഐ അധിഷ്ഠിത ഹാര്‍ഡ്വെയര്‍ രംഗത്തേക്കുള്ള കമ്പനിയുടെ ആദ്യ ചുവടുവയ്പ്പാണിത്. എക്സിലൂടെയാണ് കാള്‍ പേയ് പുതിയ ഉപകരണത്തിന്റെ വരവ് അറിയിച്ചത്. നത്തിങ്ങിന്റെ ഡിസൈന്‍ മികവും സവിശേഷതയും ഉള്‍ക്കൊള്ളുന്ന ഉപകരണമായിരിക്കും ഇതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ ഉത്പന്നത്തിന്റെ പേര്, വില, ലോഞ്ച് തീയതി, സാങ്കേതിക സവിശേഷതകള്‍ എന്നിവ കമ്പനി പുറത്തുവിട്ടിട്ടില്ല.

സ്‌ക്രീനില്ലാത്ത എഐ ഉപകരണം

സാധാരണ സ്മാര്‍ട്ട്ഫോണുകളിലോ ആപ്പുകളിലോ കാണുന്നതില്‍നിന്ന് വ്യത്യസ്തമായിരിക്കും പുതിയ ഉപകരണമെന്നാണ് കാള്‍ പേയ് നല്‍കുന്ന സൂചന. സ്‌ക്രീന്‍ ഉണ്ടായിരിക്കില്ലെന്നും മൊബൈല്‍ ആപ്പായി അവതരിപ്പിക്കാന്‍ കഴിയുന്ന ഉത്പന്നമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴില്‍ രംഗത്തെ ഉതാപാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള ഉപകരണമായാണ് നത്തിങ് പുതിയ ഡിവൈസ് അവതരിപ്പിക്കുന്നത്. പേഴ്സനല്‍ കംപ്യൂട്ടറുകളും സ്മാര്‍ട്ട്ഫോണുകളും ആദ്യഘട്ടത്തില്‍ പ്രൊഫഷണല്‍ രംഗത്താണ് കൂടുതല്‍ പ്രചാരം നേടിയതെന്നും പിന്നീട് സാധാരണക്കാരിലേക്ക് എത്തിയെന്നും കാള്‍ പേയ് ചൂണ്ടിക്കാട്ടി. സമാന രീതിയില്‍ എഐ സാങ്കേതികവിദ്യയും ആദ്യം തൊഴില്‍ മേഖലയിലായിരിക്കും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുകയെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

പ്രവര്‍ത്തനം എങ്ങനെ?

ഉപകരണത്തിന് സ്‌ക്രീന്‍ ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉപയോക്താക്കള്‍ക്ക് എങ്ങനെയായിരിക്കും ഇതുമായി ആശയവിനിമയം നടത്താനാവുക എന്നതില്‍ വ്യക്തതയില്ല. ശബ്ദത്തിലൂടെയുള്ള നിര്‍ദേശങ്ങളോ മറ്റ് സംവിധാനങ്ങളോ ഉപയോഗിച്ചായിരിക്കാം പ്രവര്‍ത്തനം എന്നാണ് സൂചന. ദൈനംദിന ജീവിതത്തിലും ജോലിക്കിടയിലും ലഭിക്കുന്ന പ്രധാന വിവരങ്ങളും ആശയങ്ങളും എളുപ്പത്തില്‍ രേഖപ്പെടുത്താന്‍ സഹായിക്കുന്ന ഉപകരണമായിരിക്കാം ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉദാഹരണത്തിന്, സുഹൃത്തുക്കളുമായോ സഹപ്രവര്‍ത്തകരുമായോ സംസാരിക്കുന്നതിനിടെ ലഭിക്കുന്ന പ്രധാനപ്പെട്ട ആശയങ്ങള്‍ ഫോണെടുത്ത് കുറിച്ചുവയ്ക്കാതെ തന്നെ സൂക്ഷിക്കാനാകുന്ന സംവിധാനം ഇതിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വോയ്സ് റെക്കോര്‍ഡിങ്, സംഭാഷണങ്ങള്‍ എഴുത്തുരൂപത്തിലാക്കുന്ന ട്രാന്‍സ്‌ക്രിപ്ഷന്‍ സംവിധാനം തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ടാകുമോ എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

എഐ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പുതിയ ഉപകരണങ്ങള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ആഗോള ടെക് കമ്പനികള്‍. എഐ പെന്‍ഡന്റുകള്‍, സ്മാര്‍ട്ട് ഗ്ലാസുകള്‍, ധരിക്കാവുന്ന ഉപകരണങ്ങള്‍ തുടങ്ങിയവ ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ അടുത്ത വലിയ എഐ ഉപകരണം ഏതായിരിക്കുമെന്ന അന്വേഷണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ഉപയോക്താക്കള്‍ക്ക് പ്രായോഗികമായി പ്രയോജനപ്പെടുന്ന ഉത്പന്നങ്ങള്‍ നിര്‍മിക്കാനാണ് കമ്പനികള്‍ ശ്രമിക്കേണ്ടതെന്നാണ് കാള്‍ പേയ് അഭിപ്രായപ്പെട്ടത്.

ഹ്യൂമന്‍ എഐ പിന്‍, ഫ്രണ്ട് തുടങ്ങിയ സ്‌ക്രീനില്ലാത്ത എഐ ഉപകരണങ്ങള്‍ ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്. ആമസോണും സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും വിശകലനം ചെയ്യാനും സഹായിക്കുന്ന എഐ അധിഷ്ഠിത ഉപകരണങ്ങളുമായി രംഗത്തുണ്ട്. ഡിസംബറില്‍ നത്തിങ് പുതിയ ഡിവൈസ് അവതരിപ്പിക്കുമ്പോള്‍ ഈ രംഗത്തെ മത്സരം കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഡിവൈസിന്റെ വില, ഇന്ത്യയിലെ ലഭ്യത, മറ്റ് ഫീച്ചറുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Nothing Teases First Screenless AI Device, Set to Launch in December

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

തോറ്റത് ഇന്നിങ്സിനും 64 റൺസിനും! രഞ്ജിയിൽ ഗുജറാത്തിനെതിരെ കേരളം ദയനീയം

'ആന്റണി ക്രിസ്ത്യാനി ആയതുകൊണ്ട് എന്റെ വീട്ടിൽ പ്രശ്നങ്ങളുണ്ടായിരുന്നു; അവരെ സമ്മതിപ്പിക്കാൻ സമയമെടുത്തു'

7.5 ശതമാനം വരെ പലിശ, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം; അറിയാം വിശദമായി

ഡോക്ടറെ മർദ്ദിച്ച് പണവും ഫോണും തട്ടിയെടുത്തു; നടി അതുല്യ ചന്ദ്ര അറസ്റ്റില്‍