ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഉപയോക്താക്കളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് പുതിയ സുരക്ഷാ സംവിധാനം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. സ്‌കാം അലേര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര്‍, സംശയാസ്പദമായ സന്ദേശങ്ങള്‍ തിരിച്ചറിയാനും ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സഹായിക്കും.
ഫോണിലെ എഐ മെഷീന്‍ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പുതിയ സംവിധാനം പ്രവര്‍ത്തിക്കുക. അപരിചിതരില്‍ നിന്ന് വരുന്ന സന്ദേശങ്ങളിലെ ഭാഷയും സംഭാഷണ രീതികളും ഇത് വിശകലനം ചെയ്യും. സന്ദേശം തട്ടിപ്പുമായി ബന്ധപ്പെട്ടതാണെന്ന് എഐ സംശയിച്ചാല്‍ ഉടന്‍ തന്നെ ഉപയോക്താവിന് മുന്നറിയിപ്പ് നല്‍കും. ഈ സാങ്കേതികവിദ്യ പൂര്‍ണമായും ഉപയോക്താവിന്റെ ഫോണില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, നിങ്ങളുടെ സന്ദേശങ്ങളൊന്നും വാട്സ്ആപ്പിന്റെയോ മെറ്റയുടെയോ സെര്‍വറുകളിലേക്ക് അയക്കില്ല. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനെയും ഇത് ബാധിക്കില്ല.
അജ്ഞാത നമ്പറുകളില്‍നിന്ന് വരുന്ന സന്ദേശങ്ങള്‍ പരിശോധിക്കുകയും സാധാരണയായി തട്ടിപ്പുകാര്‍ നടത്തുന്ന സംഭാഷണങ്ങളുമായി ഒത്തുനോക്കുകയും ചെയ്യും. ഇതിനായി മുന്‍പ് തട്ടിപ്പില്‍പ്പെട്ട ഉപയോക്താക്കളുടെ പരാതികളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി എഐ മോഡലിന് പരിശീലനം നല്‍കിയിട്ടുണ്ടെന്നാണ് വാട്സ്ആപ്പ് അറിയിക്കുന്നത്.
ഒരു സന്ദേശം തട്ടിപ്പാണെന്ന് വാട്സ്ആപ്പ് മുന്നറിയിപ്പ് നല്‍കിയാല്‍, ആ സന്ദേശം അയച്ചയാളെ ബ്ലോക്ക് ചെയ്യാനോ റിപ്പോര്‍ട്ട് ചെയ്യാനോ അല്ലെങ്കില്‍ മുന്നറിയിപ്പ് അവഗണിച്ച് സംഭാഷണം തുടരാനോ ഉപയോക്താവിന് സാധിക്കും. വാട്സ്ആപ്പ് തെറ്റായി ഒരു സന്ദേശത്തെ തട്ടിപ്പായി കണക്കാക്കിയാല്‍, ആ ചാറ്റിനെ 'ട്രസ്റ്റഡ്' എന്ന് മാര്‍ക്ക് ചെയ്യാം. അങ്ങനെ ചെയ്താല്‍ പിന്നീട് ആ ചാറ്റില്‍ മുന്നറിയിപ്പുകള്‍ വരില്ല.
നിലവില്‍ ഈ ഫീച്ചര്‍ ബീറ്റാ ടെസ്റ്റിങ് ഘട്ടത്തിലാണ്. വളരെ കുറച്ച് ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച ശേഷം വൈകാതെ എല്ലാ ഉപയോക്താക്കള്‍ക്കുമായി ലഭ്യമാക്കാനാണ് മെറ്റയുടെ തീരുമാനം. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ പുതിയ രീതികള്‍ പരീക്ഷിക്കുന്ന കാലത്ത്, വാട്സ്ആപ്പിന്റെ ഈ നീക്കം ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുനല്‍കുമെന്നാണ് പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates