

ന്യൂഡല്‍ഹി: ദക്ഷിണ ഏഷ്യയില്‍ ചൈനയുടെ സ്വാധീനം തടയാന്‍ ലക്ഷ്യമിട്ട്, ശ്രീലങ്കയില്‍ അദാനി പോര്‍ട്ട് നിര്‍മ്മിക്കുന്ന കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ അമേരിക്ക നിക്ഷേപത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 55.3 കോടി ഡോളര്‍ നിക്ഷേപിക്കാനാണ് അമേരിക്കയുടെ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ അദാനി പോര്‍ട്ടുമായി ധാരണയായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നേരിട്ട സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പ് തുറമുഖ, ഹൈവേ പദ്ധതികള്‍ക്കായി ശ്രീലങ്ക വന്‍തോതില്‍ ചൈനയില്‍ നിന്ന് കടമെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ശ്രീലങ്കയുടെ മേലുള്ള ബീജിംഗിന്റെ ആധിപത്യം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഇന്ത്യയുമായി ചേര്‍ന്ന് ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ട അദാനി ഗ്രൂപ്പിന് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണ വിശ്വാസ്യത വീണ്ടെടുക്കാന്‍ കരുത്തുപകരുമെന്നാണ് വിവരം.
കൊളംബോയിലെ ഡീപ്വാട്ടര്‍ വെസ്റ്റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ യുഎസ് സര്‍ക്കാര്‍ ഏജന്‍സിയുടെ ഏഷ്യയിലെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപമായി മാറും. ഇത് ശ്രീലങ്കയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്തേകും. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ പ്രാദേശിക സാമ്പത്തിക ഏകീകരണത്തിന് ശക്തിപകരുമെന്നും ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അവസാനം വരെ ശ്രീലങ്കയില്‍ 220 കോടി ഡോളറാണ് ചൈന നിക്ഷേപിച്ചത്. നേരിട്ടുള്ള വിദേശ നിക്ഷേപം എന്ന നിലയിലായിരുന്നു ഇത്. ശ്രീലങ്കയുടെ ഹമ്പന്‍ടോട്ട തുറമുഖത്തിലടക്കമായിരുന്നു ചൈനയുടെ നിക്ഷേപം. ഈ തുറമുഖം സുസ്ഥിരമല്ലെന്നും ശ്രീലങ്കയെ കടത്തില്‍ കുടുക്കാനുള്ള ചൈനീസ് നയതന്ത്രത്തിന്റെ ഭാഗമാണെന്നുമാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.
സ്‌പോണ്‍സര്‍മാരായ ജോണ്‍ കീല്‍സ് ഹോള്‍ഡിംഗ്‌സ്, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് എന്നിവയുമായി ചേര്‍ന്നാണ് അമേരിക്കന്‍ ഏജന്‍സി നിക്ഷേപം നടത്തുന്നത്. ഈ കമ്പനികളുടെ ഉയര്‍ന്ന നിലവാരവും പ്രാദേശിക അനുഭവവും പ്രയോജനപ്പെടുത്തുമെന്നും ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ അറിയിച്ചു.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നാണ് കൊളംബോ തുറമുഖം. കണ്ടെയ്‌നര്‍ കപ്പലുകളില്‍ പകുതിയോളം ഈ തുറമുഖത്തിന് സമീപത്ത് കൂടിയാണ് കടന്നുപോകുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates