വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്നവരുടെ, പ്രത്യേകിച്ച് ഇന്ത്യാക്കാരുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായിരുന്നു കാനഡ. എന്നാൽ, കാനഡ അടുത്തിടെ കടുത്ത ചില നിയമനടപടികൾ സ്വീകരിച്ചത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും നിയന്ത്രണങ്ങളുള്ള വിസ വ്യവസ്ഥ ഏർപ്പെടുത്തിയിരിക്കുകയാണ് കാനഡ.
ഇത് ആഗോളതലത്തിൽ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായുള്ള കുടിയേറ്റത്തിന് മാറ്റം വരുത്തി. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) യുടെ ഡാറ്റ പ്രകാരം, 2025 ൽ ഇതുവരെ ഏകദേശം 80% ഇന്ത്യൻ വിദ്യാർത്ഥികൾ നൽകിയ വിദ്യാഭ്യാസ വിസ അപേക്ഷകളും നിരസിക്കപ്പെട്ടു.
കാനഡയിലെ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ ഏകദേശം 40% ഇന്ത്യൻ വിദ്യാർത്ഥികളാണ്. 2025 ലെ രണ്ടാം പാദത്തിൽ അഞ്ച് ഇന്ത്യൻ അപേക്ഷകരിൽ നാലുപേരുടെയും അപേക്ഷ നിരസിക്കപ്പെട്ടതായി ബോർഡർപാസിൽ നിന്നുള്ള കണക്കുകൾ ഉദ്ധരിച്ച് വിദ്യാഭ്യാസ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ദ് പൈ (The PIE) ന്യൂസ് റിപ്പോർട്ട് ചെയ്തു.
കനേഡിയൻ സർക്കാരിന്റെ കണക്കുകൾ പ്രകാരം, 2024-ൽ മാത്രം 1.88 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകിയത്. രണ്ട് വർഷം മുമ്പ് ഈ സംഖ്യ ഇതിനേക്കാൾ ഇരട്ടിയിലധികമായിരുന്നു.
കാനഡ സർക്കാർ വിവിധ രാജ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വിദ്യാർത്ഥി വിസയുടെ വിശകലനം പുറത്തുവിട്ടിട്ടില്ല, എന്നാൽ ഏറ്റവും ഉയർന്ന വിസ നിരസിക്കൽ നിരക്ക് ഏഷ്യ, ആഫ്രിക്ക, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടേതാണ്. ഇത് ഈ രാജ്യങ്ങളിലെ വിദ്യാർത്ഥികളെ ബാധിക്കുന്നുണ്ടെന്ന് ദി പൈ ന്യൂസ് റിപ്പോർട്ട് ചെയ്തു,
ഇത് കാനഡ വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര വിദ്യാർത്ഥികളെ സ്വീകരിക്കുന്ന സമീപനത്തിൽ എങ്ങനെ മാറ്റം വരുത്തുന്നുവെന്ന് വ്യക്തമാക്കുന്നതാണ്.
നിരവധി വർഷങ്ങളായി , സുരക്ഷ, അവസരം, ലോകോത്തര സ്ഥാപനങ്ങൾ എന്നീ കാരണങ്ങളാൽ കാനഡ ആയിരുന്നു, ഇന്ത്യയിൽ നിന്നുൾപ്പടെ വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ പ്രധാന പരിഗണന. എന്നാൽ,സമീപകാല കണക്കുകൾ ഒരു പ്രധാന മാറ്റത്തിലേക്ക് വിരൽ ചൂണ്ടുന്നു.
കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 2022 ൽ 18% ആയിരുന്നത് 2024 ൽ ഒമ്പത് ശതമാനം ആയി കുറഞ്ഞു. ഈ വർഷം ഇതുവരെ 80 ശതമാനം അപേക്ഷകളും നിരസിച്ച സാഹചര്യത്തിൽ ഈ എണ്ണം ഇനിയും കുറയും.
വിസ അംഗീകാരങ്ങൾ കർശനമാക്കാനുള്ള കാനഡയുടെ തീരുമാനം രാജ്യത്തെ ഭവന ക്ഷാമം, അടിസ്ഥാന സൗകര്യങ്ങളുടെ ബുദ്ധിമുട്ട്, പ്രാദേശികതലത്തിൽ മുൻഗണന നൽകാനുള്ള രാഷ്ട്രീയ ആവശ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ആഭ്യന്തര വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
"ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുതിയ അപേക്ഷകളിൽ വളരെയധികം സൂക്ഷ്മപരിശോധന നടത്തുന്നുണ്ടെന്ന് വ്യക്തമാണ്," ഇമിഗ്രേഷൻ ഗൈഡൻസ് പ്ലാറ്റ്ഫോമായ ബോർഡർപാസിലെ സെയിൽസ് ആൻഡ് പാർട്ണർഷിപ്പ് വൈസ് പ്രസിഡന്റ് ജോനാഥൻ ഷെർമാൻ പൈ ന്യൂസിനോട് പറഞ്ഞു,
ഈ മാറ്റത്തെ സർക്കാർ നടപടിക്രമങ്ങളിലെ "അടിസ്ഥാനപരമായ മാറ്റം" എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ഇത് മാത്രമല്ല വേറെ തടസ്സങ്ങളും നിലവിലുണ്ട് എന്ന് ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവ പ്രകാരം, വിദ്യാർത്ഥികൾക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഫിനാൻഷ്യൽ പ്രൂഫ് തുക കാനഡ ഇരട്ടിയാക്കി വർദ്ധിപ്പിച്ചു. നിലവിൽ 20,635 കനേഡിയൻ ഡോളറാണ് ഈ തുക.
അതേസമയം അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള തൊഴിൽ നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തു. 2025 ൽ 4.37 ലക്ഷം പഠന പെർമിറ്റുകൾ നൽകാനാണ് സർക്കാർ തീരുമാനം. ഇത് 2024 നെ അപേക്ഷിച്ച് ഏകദേശം 10% കുറവാണെന്ന് വിയറ്റ്നാം മാധ്യമമായ വിഎൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates