

ലോകത്തെ ഏറ്റവും വിരസമായ ജോലികളോട് പൊതുവേ അകൽച്ച കാണിക്കുന്ന തലമുറയാണ് ജെൻസിയെന്നാണ് കരുതുന്നത്.ഐടി ഉൾപ്പടെ സാങ്കേതികവിദ്യകളുടെ ലോകത്തേക്ക് ചേക്കേറിയ തലമുറയുടെ പിന്നാലെയല്ല, ജെൻസി, അവർ പുതിയ ലോകങ്ങൾ തേടുന്നു. എന്നാലിന്ന്, ബൂമറുകളും മില്ലേനിയലുകളും വിരസമായി കണ്ട ജോലിയെ ചേർത്തുപിടിക്കുകയാണ് ജെൻസി.
വെറുതെ ആ ജോലിക്ക് ചേരുന്നു എന്നതല്ല അവർ ചെയ്യുന്നത്, അതിനെ സഹാനുഭൂതിയുള്ള സാമൂഹിക പ്രവർത്തനം കൂടെയാക്കി മാറ്റി ലോകം പുതുക്കി പണിയുക കൂടിയാണ്. അതിന് പുറമെ പഴയ കാലത്തെ പോലെയല്ല മികച്ച ശമ്പളവും അവർ സ്വന്തമാക്കുന്നു.
ലോകത്തെ ജോലികളെ കുറിച്ച് നടന്ന ഒരു പഠനമനുസരിച്ച്, വിരസമായ ജോലി, അല്ലെങ്കിൽ വിരസന്മാരായവരെ ആകർഷിക്കുന്ന സ്റ്റീരിയോടൈപ്പ് ജോലികളിൽ രണ്ടാം സ്ഥാനത്ത് എത്തിയ ജോലിയാണ്, ജെൻ സി സന്തോഷത്തോടെ ചെയ്യുന്നത്. അക്കൗണ്ടിങ് എന്ന ജോലിയിലേക്ക് പുതുതലമുറയിലെ നിരവധി പേർ പ്രവേശിക്കുന്നതായി കണക്കുകൾ വരുന്നു. ഇത് അമേരിയക്കയുടെ മാത്രം കഥയല്ല, ഇന്ത്യയും മറ്റ് രാജ്യങ്ങളും ഇതിൽ പങ്ക് വഹിക്കുന്നുണ്ട്.
ലോകത്തെ മിക്ക രാജ്യങ്ങളിലെയും നികുതി ഘടന സാധാരണ മനുഷ്യരെ സംബന്ധിച്ചടത്തോളം വളരെ സങ്കീർണ്ണമായ ഒന്നാണ്. റിട്ടേൺസ് ഫയൽ ചെയ്യുക എന്നത് പലപ്പോഴും സാധാരണകാർക്ക് നേരിട്ട് കൃത്യതയോടെ ചെയ്യുക എന്നത് സാധിക്കാറില്ല. സംരംഭങ്ങളുടെ കാര്യത്തിലായാലും അങ്ങനെ തന്നെയാണ്. ഓരോ സംരഭവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണ്ണായക പങ്കാണ് അക്കൗണ്ടിങ് എന്ന വിരസമായ ജോലിക്കുള്ളത്.
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ യു എസ്സിൽ മാത്രം ഏകദേശം 340,000 അക്കൗണ്ടന്റുമാർ അവരുടെ ജോലി ഉപേക്ഷിച്ചു, ചില കണക്കുകൾ സൂചിപ്പിക്കുന്നത് ശേഷിക്കുന്നവരിൽ 75% പേരും വരുന്ന വർഷങ്ങളിൽ വിരമിക്കുമെന്നാണ്. ലോകത്തെ മറ്റ് പല രാജ്യങ്ങളിലെയും സ്ഥിതി ഇതുതന്നെയാണ്.
ഇവിടെയാണ് ജെൻസിയുടെ ഇടപെടൽ പുതിയൊരു വഴി തുറക്കുന്നത്. വെറുമൊരു കണക്കു കൂട്ടലല്ല, അവരെ സംബന്ധിച്ച് അക്കൗണ്ടിങ്. അതിനപ്പുറമാണ്. അങ്ങനെയുള്ള കഥയാണ് ഓറിഗോൺ യൂണിവേഴ്സിറ്റിയിൽ നിന്നുള്ളത്.
"അക്കൗണ്ടിങ് എന്നത് ബിസിനസ് ലോകത്തിന്റെ ശാസ്ത്രമാണ്," എന്ന് ഒറിഗോൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അക്കൗണ്ടിംഗും ബയോഹെൽത്ത് സയൻസ് പഠിക്കുന്ന അലാന കെല്ലി പറയുന്നു, കഴിഞ്ഞ സീസണിൽ തന്റെ സ്കൂളിന്റെ വോളന്റിയർ ഇൻകം ടാക്സ് അസിസ്റ്റൻസ് ( വിറ്റാ -VITA) പദ്ധതിയുടെ ഭാഗമായി നിരവധി കുടുംബങ്ങളെ നികുതി സമർപ്പിക്കാൻ അവർ സഹായിച്ചിട്ടുണ്ട്.
ഒരാൾ ആട് വളർത്തുന്ന ആളായിരുന്നു, ലാൻഡ്‌ലൈൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഇന്റർനെറ്റ് ഇല്ല. മറ്റൊരാൾ തന്റെ സഹോദരിയെ സാമ്പത്തികമായി സഹായിച്ചിരുന്ന ഒരു യുവതിയായിരുന്നു. ജീവിതം മാറ്റിമറിച്ച 6,000 ഡോളർ റീഫണ്ട് ലഭിക്കാൻ കെല്ലി അവരെ സഹായിച്ചു. കെല്ലിയുടെ സഹപാഠികളിൽ ഒരാളായ അക്കൗണ്ടിങ്ങും ഫിനാൻസും പഠിക്കുന്ന ട്രിസ്റ്റൻ ക്ലാസ്സിയസ്, പ്രായമായ ഒരു സ്ത്രീക്ക് വളരെ ആവശ്യമായ സാമൂഹിക സുരക്ഷാ വരുമാനം നേടാൻ സഹായിച്ചു, അത് മറ്റൊരു തരത്തിലും കണ്ടെത്താൻ കഴിയുമായിരുന്നതല്ല. ഇങ്ങനെ നിരവധി കഥകളാണ് ഈ രംഗത്ത് നിന്ന് ഇന്ന് കേൾക്കാൻ കഴിയുന്നത്.
ഫോർച്യൂൺ പ്രസിദ്ധീകരിച്ച ഈ രണ്ട് കഥകൾ, അക്കൗണ്ടിങ്ങിനെ ഒരു മുഷിപ്പൻ ജോലിയായിട്ടല്ല, മറിച്ച് ആളുകളുടെ ജീവിതത്തെ പരിവർത്തനം ചെയ്യുന്നതിനുള്ള ഒരു മാർഗമായി കാണുന്ന ജെൻസി തലമുറയുടെ സ്വഭാവസവിശേഷതയുടെ ഉദാഹരണമാണ്.
കഴിഞ്ഞ വർഷം മാത്രം താഴ്ന്ന വരുമാനക്കാരായ അമേരിക്കൻ നികുതിദായകർക്ക് ഏകദേശം 11 മില്യൺ ഡോളർ നികുതി റീഫണ്ട് ലഭിക്കാൻ ഈ മേഖലയിലെ വിദ്യാർത്ഥികൾ സഹായിച്ചു.
നികുതി സമ്പ്രദായത്തിൽ താഴ്ന്ന വരുമാനക്കാരും പിന്നാക്കാവസ്ഥയിലുള്ളവരുമായ സമൂഹങ്ങളെ സഹായിക്കുന്നതിനായി 50 വർഷങ്ങൾക്ക് മുമ്പ് കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ യു എസ്സിലെ ഇന്റേണൽ റവന്യൂ സർവീസ് വീറ്റ പ്രോഗ്രാം ആരംഭിച്ചത്.
2024-ൽ മാത്രം, 280-ലധികം കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ ഒരു ടീം 9,000-ത്തിലധികം താഴ്ന്ന വരുമാന നികുതിദായകരെ ഏകദേശം 11 മില്യൺ ഡോളർ നികുതി റീഫണ്ടുകളും 3.6 മില്യൺ ഡോളർ നികുതി ക്രെഡിറ്റുകളും ക്ലെയിം ചെയ്യാൻ സഹായിച്ചു - കൂടാതെ നികുതി തയ്യാറെടുപ്പ് ഫീസിൽ രണ്ട് മില്യൺ ഡോളറിലധികം ലാഭിക്കുകയും ചെയ്തു.
നികുതി റിട്ടേൺ നൽകുന്ന ദിവസത്തിന് മുമ്പുള്ള ആഴ്ചകളിൽ, ചില വിദ്യാർത്ഥികൾ രാവിലെ 10 മുതൽ രാത്രി 10 വരെ ജോലി ചെയ്യുന്നു,
2015–16 ൽ അക്കൗണ്ടിങ് ബിരുദം നേടുന്നവരുടെ എണ്ണം വർദ്ധിച്ചു. തുടർന്നുള്ള വർഷങ്ങളിൽ ഏകദേശം ഒരു ശതമാനം മുതൽ മൂന്ന് ശതമാനം വരെ കുറഞ്ഞുവെന്ന് അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിപിഎ പറയുന്നു. 2021–22 നും 2022–23 നും ഇടയിൽ അക്കൗണ്ടിങ് ബിരുദങ്ങൾ നേടുന്നവരുടെ എണ്ണം ഏഴ് ശതമാനം വരെ കുറഞ്ഞു. കോവിഡ് മഹാമാരിയുടെ കാലം ഈ രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
യു എസ്സിൽ ഒരു അക്കൗണ്ടന്റിന്റെ ശരാശരി ശമ്പളം 93,000ഡോളറാണ്. ( സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റുമാർക്ക് (CPAs) 200,000 ഡോളറിന് അടുത്ത്) ആണെങ്കിലും, നികുതിയെക്കുറിച്ച് വിദ്യാർത്ഥികളെ ആവേശഭരിതരാക്കുക എന്നത് ഇപ്പോഴും ആത്യന്തിക വെല്ലുവിളിയാണ്.
ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അക്കൗണ്ടിങ് പ്രൊഫസറായ ലോഗൻ സ്റ്റീലിന്റെ അഭിപ്രായത്തിൽ, ഒരു അക്കൗണ്ടന്റ് യഥാർത്ഥത്തിൽ എന്താണ് ചെയ്യുന്നതെന്ന് പല യുവാക്കൾക്കും കാലഹരണപ്പെട്ട ഒരു വീക്ഷണമാണുള്ളത്. പേപ്പർ സ്‌പ്രെഡ്‌ഷീറ്റുകളിൽ മാനുവൽ കണക്കുകൂട്ടലുകൾ നടത്താൻ പ്രാക്ടീഷണർമാർ ഇപ്പോൾ സമയം ചെലവഴിക്കുന്നില്ല. അക്കൗണ്ടന്റുമാർ സാധാരണ ജോലികളിൽ ഭൂരിഭാഗവും എഐ പോലുള്ള സാങ്കേതികവിദ്യകൾക്ക് ഔട്ട്‌സോഴ്‌സ് ചെയ്‌തിരിക്കുന്നു, ഇപ്പോൾ അവർ തന്ത്രപരമായ തീരുമാനമെടുക്കലിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എന്നാൽ, സ്ഥിതിഗതികൾ മാറാൻ തുടങ്ങിയിരിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു. ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മിക്കവാറും എല്ലാ അക്കൗണ്ടിങ് ബിരുദധാരികൾക്കും - 98% - ഈ മേഖലയിലെ ജോലികൾ സുരക്ഷിതമാണെന്നും, ബിസിനസ് സ്കൂളിലെ ഏതൊരു പ്രധാന പ്രോഗ്രാമിന്റെയും രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന ശമ്പളമാണ് അവർക്ക് ലഭിക്കുന്നതെന്നും ലോഗൻ പറയുന്നു.
കമ്പ്യൂട്ടർ സയൻസ്, പൊതുജനാരോഗ്യം, മനഃശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്ന ബിസിനസ് സ്കൂളിന് പുറത്തുള്ള ജെൻസി വിഭാഗത്തിൽ പെട്ടവർ പോലും നികുതി സഹായ പദ്ധതിയിൽ ചേരാൻ ഉത്സുകരാണ്.
ജോലിയുടെ സമയക്രമങ്ങളല്ല, മറിച്ച് തൊഴിൽ സുരക്ഷയാണ് ജെൻസി കൂടുതലായി ഇഷ്ടപ്പെടുന്നത്, അക്കൗണ്ടിങ്ങിനെ ഒരു തൊഴിലായി സ്വീകരിക്കുന്നതിലേക്കുള്ള മാറ്റം വർദ്ധിച്ചേക്കാമെന്ന് കണക്കാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates