

ഇന്ത്യയിലെ വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കി. 2025 ഒക്ടോബറിലെ പട്ടികയാണ് യു ജി സി പ്രസിദ്ധീകരിച്ചത്.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) "വ്യാജ സർവകലാശാലകൾ" എന്ന് തിരിച്ചറിഞ്ഞ സ്ഥാപനങ്ങളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള ഏറ്റവും പുതിയ പട്ടിക പ്രസിദ്ധീകരിച്ചു.
2025 ഒക്ടോബർ മുതൽ നിലവിലുള്ള ഈ പുതുക്കിയ പട്ടിക, അംഗീകാരമില്ലാത്ത ബിരുദങ്ങൾ വാഗ്ദാനം ചെയ്യുന്ന അംഗീകൃതമല്ലാത്തതും നിയമവിരുദ്ധവുമായ സ്ഥാപനങ്ങളിൽ ചേരുന്നതിൽ നിന്ന് വിദ്യാർത്ഥികളെ തടയുന്നതിനുള്ള ഔദ്യോഗിക മുന്നറിയിപ്പാണ്.
1956 ലെ യുജിസി നിയമം അനുസരിച്ച്, ശരിയായ അംഗീകാരമോ അവകാശങ്ങളോ അഫിലിയേഷനുകളോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുന്നതിനായി ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള പരമോന്നത സ്ഥാപനമായ യുജിസി പതിവായി ഈ പട്ടിക പുതുക്കാറുണ്ട്.
കഴിഞ്ഞ വർഷം വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തിറക്കിയപ്പോൾ 21 വ്യാജന്മാരുടെ പട്ടികയാണ് യുജിസി പ്രസിദ്ധീകരിച്ചത് ഇത്തവണ ഒരെണ്ണം വർദ്ധിച്ചിട്ടുണ്ട്. ഏഴ് സംസ്ഥാനങ്ങളിലായാണ് 22 വ്യാജ സർവകലാശാലകളുടെ പട്ടികയാണ് ഇത്തവണ യുജിസി പുറത്തുവിട്ടത്.
പുതിയ പട്ടിക പ്രകാരം ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ഉള്ളത് ഡൽഹിയിലാണ്. 10 വ്യാജ സർവകലാശാലകളാണ് ഡൽഹി വിലാസത്തിലുള്ളത്. രണ്ടാം സ്ഥാനത്ത് ഉത്തർപ്രദേശാണ്. നാല് വ്യാജസർവകലാശാലകളാണ് അവിടെ ഉള്ളത്.
കേരളം, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ രണ്ട് വീതവും മഹാരാഷ്ട്രയിലും പുതുച്ചേരിയിലും ഓരോ വ്യാജ സർവകലാശാല വീതവുമാണുള്ളതെന്ന് യുജിസി പട്ടിക വ്യക്തമാക്കുന്നു.
യു ജി സി വ്യാജമാണെന്ന് പ്രസിദ്ധപ്പെടുത്തിയ ഈ 22 സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദങ്ങൾക്ക് സർക്കാർ അംഗീകാരം നൽകുന്നില്ല, അംഗീകാരമില്ലാത്ത ഈ കോഴ്സുകൾ പഠിക്കുന്നവർക്ക് സാമ്പത്തിക നഷ്ടവും സമയനഷ്ടവും കരിയർ പ്രതിസന്ധികളും ഉണ്ടാകാൻ കാരണമാകുമെന്ന് യുജിസി വ്യക്തമാക്കുന്നു.
ഏതെങ്കിലും സ്ഥാപനത്തിൽ ചേരുന്നതിന് മുമ്പ് ആ സ്ഥാപനത്തിന്റെയും പേരും വിലാസവും വ്യക്തമായി പരിശോധിക്കണമെന്ന് യുജിസി വിദ്യാർത്ഥികളോട് പറഞ്ഞു.
ഏറ്റവും പുതുതായി യുജിസി പുറത്തുവിട്ട വ്യാജ സർവകലാശാലകളുടെ പേര് വിവരം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒരു സർവകലാശാലയുടെ ആധികാരികത എങ്ങനെ പരിശോധിക്കാം?
ഇതിനായി ഫീസ് അടയ്ക്കുന്നതിനോ പ്രവേശനം നേടുന്നതിനോ മുമ്പ്, വിദ്യാർത്ഥികളും രക്ഷിതാക്കളും ഇനിപ്പറയുന്ന നടപടികൾ സ്വീകരിക്കണം:
യുജിസി വെബ്സൈറ്റ് പരിശോധിക്കുക: ഒരു സർവകലാശാല അംഗീകരമുള്ളതാണോ വ്യാജമാണോ എന്ന് അറിയാൻ യുജിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.ugc.gov.in) ആണ് പരിശോധിക്കേണ്ടത്. അതിൽ അംഗീകൃത സർവകലാശാലകളുടെ സമഗ്രമായ പട്ടിക ഉൾപ്പെടുത്തിയിട്ടുണ്ട്.
യുജിസി കെയർ പോർട്ടൽ : അംഗീകൃത സ്ഥാപനങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ യുജിസി കൺസോർഷ്യം ഫോർ അക്കാദമിക് ആൻഡ് റിസർച്ച് എത്തിക്സ് (കെയർ) പോർട്ടലിൽ ലഭിക്കും.
ബിരുദങ്ങൾ നൽകാനുള്ള അവകാശം നിങ്ങൾ പഠിക്കാൻ ഉദ്ദേശിക്കുന്ന സർവകലാശാലയ്ക്ക് ഉണ്ടോ എന്ന് പരിശോധിക്കുക: യുജിസി നിയമത്തിലെ സെക്ഷൻ 2(f) പ്രകാരം യുജിസിയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള സർവകലാശാലകൾക്ക് മാത്രമേ ബിരുദങ്ങൾ നൽകാനുള്ള അവകാശമുള്ളൂ.
ഡീംഡ്-ടു-ബി-യൂണിവേഴ്സിറ്റികൾ, കേന്ദ്ര/സംസ്ഥാന സർവകലാശാലകൾ, സംസ്ഥാന നിയമങ്ങൾ പ്രകാരം സ്ഥാപിതമായ സ്വകാര്യ സർവകലാശാലകൾ എന്നിവയും അംഗീകരിക്കപ്പെടുന്നവയാണ്.
കേരളത്തിൽ നിന്ന് ഉൾപ്പെട്ടിട്ടുള്ള രണ്ട് വ്യാജസർവകലാശാലകളും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ പട്ടികയിൽ സ്ഥിരമായി വരുന്ന രണ്ട് പേരുകളാണ്. . ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിൻ (IIUPM), കുന്നമംഗലം കോഴിക്കോട്, കേരളം-673571 ആണ് ഒരെണ്ണം. സെന്റ് ജോൺസ് യൂണിവേഴ്സിറ്റി, കിഷനാട്ടം, കേരളം എന്നാണ് രണ്ടാമത്തെ വ്യാജ സർവകലാശാലയുടെ വിലാസം.
ജാമിയത്തു തിബ്ബുന്നബവി ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ, കോഴിക്കോട്, കാലിക്കറ്റ്, കേരളം, എന്ന സ്ഥാപനത്തെ വ്യാജ സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്ന് യു ജിസി അറിയിപ്പിൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഈ വർഷം ഈ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചത്.
ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ എന്ന സ്ഥാപനത്തിനെതിരെ രണ്ട് വർഷം മുമ്പ് വ്യാജകോഴ്സുകളുടെ പേരിൽ ഒരുകോടി രൂപ തട്ടിച്ചുവെന്ന പരാതിയിൽ പൊലിസ് കേസ് രജിസ്റ്റർ ചെയ്തിരിന്നു. 2023 നവംബറിൽ 21 വിദ്യാർത്ഥികൾ കുന്ദമംഗലം പൊലിസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയതിനെ തുടർന്നാണ് സംഭവം വെളിച്ചത്തുവന്നത്. അന്ന് 12 പേർക്കെതിരെ പൊലിസ് കേസ് എടുക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates