അവള്‍ക്കൊപ്പം ഞങ്ങളും; 'അമ്മ'യില്‍ കൂട്ടരാജി; റിമയും ഗീതു മോഹന്‍ദാസും രമ്യാ നമ്പീശനും 'അമ്മ' വിട്ടു

താന്‍ അമ്മയില്‍ നിന്നു രാജിവയ്ക്കുകയാണെന്ന് അറിയിച്ചുകൊണ്ട് നടി എഴുതിയ കുറിപ്പിനൊപ്പമാണ് മറ്റു മൂന്നു പേരും രാജി പ്രഖ്യാപിച്ചത്
അവള്‍ക്കൊപ്പം ഞങ്ങളും; 'അമ്മ'യില്‍ കൂട്ടരാജി; റിമയും ഗീതു മോഹന്‍ദാസും രമ്യാ നമ്പീശനും 'അമ്മ' വിട്ടു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ താരസംഘടനയായ അമ്മയില്‍ നിന്നും നടിമാരുടെ കൂട്ടരാജി. ആക്രമിക്കപ്പെട്ട നടി ,രമ്യാ നമ്പീശന്‍, ഗീതുമോഹന്‍ദാസ് , റിമാ കല്ലിങ്കല്‍ എന്നിവരാണ് രാജിവച്ചത്.വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ ഫേസ്ബുക്ക് പേജിലാണ് ഇവര്‍ രാജി പ്രഖ്യാപനം അറിയിച്ചത്.

താന്‍ അമ്മയില്‍ നിന്നു രാജിവയ്ക്കുകയാണെന്ന് അറിയിച്ചുകൊണ്ട് നടി എഴുതിയ കുറിപ്പിനൊപ്പമാണ് മറ്റു മൂന്നു പേരും രാജി പ്രഖ്യാപിച്ചത്. 'അമ്മ എന്ന സംഘടനയില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണ് . എനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം . ഇതിനു മുന്പ് ഈ നടന്‍ എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍ , ഞാന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജി വെക്കുന്നു' എന്നാണ് ആക്രമിക്കപ്പെട്ട നടിയുടെ കുറിപ്പ്. 

അവള്‍ക്കൊപ്പം ഞങ്ങളും രാജി വെക്കുന്നുവെന്നു വ്യക്തമാക്കി ഡബ്ല്യുസിസിയുടെ പേജില്‍ റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും രമ്യാനമ്പീശനും രാജിതീരുമാനം അറിയിച്ചു. മൂവരും പ്രത്യേകം കുറിപ്പുകളും എഴുതിയിട്ടുണ്ട്. 

1995 മുതല്‍ മലയാള സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അമ്മ. പക്ഷേ,സ്ത്രീ സൗഹാര്‍ദ്ദപരമായ തൊഴിലിടമായി മലയാള സിനിമാ വ്യവസായത്തെ മാറ്റാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ല ഈ സംഘടന എന്നു ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നതായി ഡബ്ല്യൂസിസിയുടെ കുറിപ്പില്‍ പറയുന്നു. 

ഒട്ടേറേ സ്ത്രീകള്‍ അംഗങ്ങളായുള്ള സംഘടനയാണിതെന്ന് ഓര്‍ക്കണം. മാത്രമല്ല വിമന്‍ ഇന്‍ സിനിമാ കളക്ടീവ് അതിനായി നടത്തിയ ശ്രമങ്ങളെ , ഫാന്‍സ് അസോസിയേഷനുകളുടെ മസില്‍ പവറിലൂടേയും തരം താണ ആക്ഷേപഹാസ്യത്തിലൂടെയും പരിഹസിക്കുകയാണ് ചെയ്തിട്ടുള്ളത്.
അമ്മയുടെ അംഗമായ ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നേരെ ഉണ്ടായ അതിക്രമത്തില്‍ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് 'അമ്മ' സ്വീകരിച്ചത്. കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാന്‍ തീരുമാനിക്കുക വഴി, തങ്ങള്‍ ആരുടെ പക്ഷത്താണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുകയാണ്. അമ്മയുടെ ജനറല്‍ ബോഡിയില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന ഈ വിഷയം ചര്‍ച്ചക്കെടുത്ത് നാടകീയമായി തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് ഞെട്ടലോടെയാണ് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞത്. ഞങ്ങള്‍ക്ക് ഈ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല എന്നത് ഈ പ്രവൃത്തിയെ സാധൂകരിക്കുന്നില്ല. ഈ തീരുമാനമെടുക്കുമ്പോള്‍, ആക്രമണത്തെ അതിജീവിച്ച അംഗത്തെ നിങ്ങള്‍ ഓര്‍ത്തില്ല!
അമ്മയുടെ ഈ തീരുമാനത്തിനൊപ്പം നില്‍ക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ അവളുടെ പോരാട്ടത്തിന് കൂടുതല്‍ ശക്തമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ''അമ്മ'യില്‍ നിന്നും രാജി വെക്കാനുള്ള അവളുടെ തീരുമാനത്തോട് ഐക്യപ്പെട്ടു കൊണ്ട് ഞങ്ങളില്‍ കുറച്ചു പേര്‍ രാജി വെക്കുകയാണ്. ഇത് അമ്മയുടെ ഇപ്പോഴെടുത്ത തീരുമാനം തിരുത്തുന്നതിന് കാരണമാകട്ടെ എന്ന് ആശിക്കുന്നു- കുറിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com