മകൾക്കൊപ്പം സെറ്റിലെത്തി, കേക്ക് മുറിച്ചു, സദ്യയുണ്ടു; എംടിയുടെ 89ാം പിറന്നാൾ ആഘോഷമാക്കി മോഹൻലാലും പ്രിയദർശനും; വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th July 2022 10:46 AM  |  

Last Updated: 16th July 2022 10:46 AM  |   A+A-   |  

mt_vasudevan_nair_birthday_celebration

ചിത്രം: ഫേയ്സ്ബുക്ക്

 

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തൊടുപുഴയിൽ പുരോ​ഗമിക്കുകയാണ്. ഇന്നലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് ഒരു വിശിഷ്ട വ്യക്തി എത്തി. മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എംടി വാസുദേവൻ നായർ. മുണ്ടും മടക്കിക്കുത്തി സെറ്റിലേക്ക് കയറി വന്ന അദ്ദേഹം തന്റെ കഥയെ പുനഃസൃഷ്ടിക്കുന്നതിനു സാക്ഷിയായി. അദ്ദേഹത്തിന്റെ 89ാം പിറന്നാളും സെറ്റിൽ ആഘോഷിച്ചു. 

മകൾ അശ്വതിക്കൊപ്പമാണ് എംടി സെറ്റിൽ എത്തിയത്. തുടർന്ന് മോഹൻലാലിനും പ്രിയദർശനുമൊപ്പം പിറന്നാൾ കേക്ക് മുറിച്ചു. ആദ്യമധുരം മകൾ അശ്വതി അച്ഛനു നൽകി. അതിനുപിന്നാലെ മോഹൻലാലും പ്രിയദർശനുമെല്ലാം അദ്ദേഹത്തിന് മധുരം പകർന്നു. ഉച്ചയ്ക്കു 12 നു സെറ്റിലെത്തിയ എംടി ഒന്നര മണിക്കൂറോളം സെറ്റിൽ ചെലവഴിച്ചു. മകൾക്കൊപ്പം കോഴിക്കോട് നിന്ന് കാറിൽ യാത്ര ചെയ്താണു എംടി കുടയത്തൂരിലെത്തിയത്. പിറന്നാൾ സദ്യയുമുണ്ട് ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് അദ്ദേഹം മടങ്ങിയത്. ഛായാഗ്രാഹകൻ സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ സാബു സിറിൽ, നടിമാരായ ദുർഗ കൃഷ്ണ, സുരഭി ലക്ഷ്മി എന്നിവരും സെറ്റിലുണ്ടായിരുന്നു.

എംടി വാസുദേവൻ നായർ രചിച്ച് പി.എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് ചിത്രം. 1970 ൽ റിലീസ് ചെയ്ത ഓളവും തീരവും സിനിമയിൽ പ്രണയിനികളായ ബാപ്പുട്ടിയും നബീസയുമായി വെള്ളിത്തിരയില്‍ എത്തിയത് മധുവും ഉഷാനന്ദിനിയുമാണ്. മധുവിന്റെ പകരക്കാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഉഷാനന്ദിനി ചെയ്ത നബീസയുടെ വേഷത്തിൽ ദുർ​ഗാകൃഷ്ണയും.  സന്തോഷ് ശിവൻ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം നിർവഹിക്കുന്നത് സാബു സിറിലാണ്. ഹരീഷ് പേരടി, മാമൂക്കോയ തുടങ്ങിയവരും അഭിനയിക്കുന്നു. എംടിയുടെ പത്ത് ചെറുകഥകളെ അധീകരിച്ച് ഒരുങ്ങുന്ന പത്ത് സിനിമകളിലൊന്നാണ് ഓളവും തീരവും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. 
 

ഈ വാർത്ത കൂടി വായിക്കൂ 

അതീവ സുരക്ഷ മേഖല; സെക്രട്ടേറിയറ്റിലും പരിസരത്തും സിനിമ -സീരിയൽ ചിത്രീകരണങ്ങൾക്ക് നിരോധനം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ