

കേരളം കണ്ട എക്കാലത്തേയും വലിയ ദുരന്തങ്ങളിൽ ഒന്നായ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 2018 ഇന്ന് തിയറ്ററിലേക്ക് എത്തുകയാണ്. വൻ താരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്. ഇപ്പോൾ ചിത്രത്തിന്റെ നിർമാണത്തിനിടെ താൻ നേരിട്ട വെല്ലുവിളികൾ തുറന്നു പറഞ്ഞിരിക്കുകയാണ് ജൂഡ്. ചിത്രം പ്രഖ്യാപിച്ചതുമുതൽ താൻ അനുഭവിച്ച മാനസിക സംഘര്‍ഷം ഊഹിക്കാവുന്നതിലും അപ്പുറമാണെന്ന് എന്നാണ് ജൂഡ് പറയുന്നത്. തന്റെ സ്വപ്നചിത്രം യാഥാർത്ഥ്യമാക്കാൻ കൂടെ നിന്നവരെ ഓരോരുത്തരേക്കുറിച്ചും ജൂഡ് എടുത്തു പറയുന്നുണ്ട്.
ജൂഡിന്റെ കുറിപ്പ് വായിക്കാം
2018- Everyone is a hero!!
ഇന്ന് നീണ്ട കാത്തിരിപ്പ് അവസാനിക്കുകയാണ്. 2018 ഒക്ടോബര്‍ 16 നു ഈ സിനിമ അനൌണ്‍സ് ചെയ്ത അന്ന് മുതല്‍ ഞാന്‍ അനുഭവിച്ച മാനസിക സംഘര്‍ഷം ഊഹിക്കാവുന്നതിലും അപ്പുറമാണ്. ഒരുപാട് പേരോട് കടപ്പാടും നന്ദിയുമുണ്ട്. ഈ സിനിമ സംഭവിക്കാന്‍ എന്തു ത്യാഗവും ചെയ്യാന്‍ തയ്യാറായ എന്‍റെ ഭാര്യ ഡിയാന, എന്‍റെ അപ്പനും അമ്മയും, ചേട്ടനും കുടുംബവും, അനിയത്തിയും കുടുംബവും, പപ്പയും മമ്മിയും അളിയനും കുടുംബവും എന്‍റെ എല്ലാ ബന്ധുക്കളും, സിനിമ നടക്കും അളിയാ എന്ന് എന്നെ ആശ്വസിപ്പിച്ചിരുന്ന എന്‍റെ കൂട്ടുകാര്‍ ഇവരില്ലായിരുന്നെങ്കില്‍ ഈ സിനിമ ഞാന്‍ പണ്ടേ ഉപേക്ഷിക്കേണ്ടി വന്നേനെ.
2019 ജൂണ്‍ മുതല്‍ ഈ നിമിഷം വരെ കട്ടക്ക് കൂടെ നിന്ന എന്‍റെ സഹ എഴുത്തുകാരന്‍ , അനിയന്‍ അഖില്‍ പി ധര്‍മജന്‍, എന്‍റെ കണ്ണീര്‍ കണ്ട ആദ്യ എഴുത്തുകാരന്‍.
ഈ സിനിമ ഏറ്റവും മികച്ചതായി എന്ന് ആളുകള്‍ പറയുകയാണെങ്കില്‍ മോഹന്‍ ദാസ് എന്ന മണിചേട്ടന് അതില്‍ ഒരുപാട് പങ്കുണ്ട്. സിനിമ നടക്കില്ലെന്നറിഞ്ഞിട്ടും എന്‍റെ കൂടെ നിന്ന ആളാണ് മണിചേട്ടന്‍ , ഈ സിനിമയുടെ പ്രൊഡക്ഷന്‍ ഡിസൈനെര്‍.
നന്ദിയുണ്ട്, കമ്മിറ്റ് ചെയ്തിട്ടും ഒരു കൂസലുമില്ലാതെ ഈ പടത്തില്‍ നിന്നും പിന്മാറിയ ക്യാമറമാന്‍മാരോട് , ഇല്ലെങ്കില്‍ അഖില്‍ ജോര്‍ജ് എന്ന മുത്തിനെ എനിക്കു ലഭിക്കില്ലായിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമട്ടോഗ്രാഫെര്‍സ് ലിസ്റ്റില്‍ അഖില്‍ ഏറ്റവും ടോപ്പില്‍ ഉണ്ടാകും.
ചമന്‍ ചാക്കോ ഈ സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ആളുകളില്‍ ഒന്നാണ്. ഒരു എഡിറ്റര്‍ മാത്രമല്ല ചമന്‍, കാര്യങ്ങള്‍ കൃത്യമായി അവലോകനം ചെയ്യാന്‍ മിടുക്കനാണ്. ചമന്‍ ഇല്ലാത്ത 2018 ചിന്തിക്കാന്‍ പറ്റില്ല.
രാവും പകലും ഉറക്കമൊഴിച്ചു നോബിന്‍ എനിക്കു തന്ന ബിജിഎം കേട്ടു ഞാന്‍ ഞെട്ടിയിട്ടുണ്ട്. ചില ദിവസങ്ങളില്‍ നിമിഷ നേരം കൊണ്ടൊക്കെ വിസ്മയങ്ങള്‍ അയച്ചു തരും. എനിക്കേറ്റവും പ്രിയപ്പെട്ട എന്‍റെ സഹോദര തുല്യനായ മ്യൂസിക് ഡിറക്ടര്‍ നോബിന്‍, കന്നഡ ഫിലിം ഇന്‍ഡസ്ട്രിയിലെ തിരക്കില്‍ നിന്നും ഈ സിനിമയോടുള്ള ഇഷ്ടം കൊണ്ട് വന്നയാളാണ്.
ഈ സിനിമയിലെ ഒരു പ്രധാന നായകന്‍ ശബ്ദമാണ് , വിഷ്ണു ഗോവിന്ദ് എന്ന മജീഷ്യന്‍റെ കയ്യില്‍ അത് ഭദ്രമാണ്. എന്‍റെ കൂട്ടുകാരന്‍ ആയത് കൊണ്ട് പറയുകയല്ല , ഇവന്‍ ഒരു സംഭവമാണ്.
ഈ സിനിമയില്‍ തോളോട് ചേര്‍ന്ന് എന്‍റെ കൂടെ നിന്ന അസ്സോസിയറ്റ് സൈലക്സ് ചേട്ടന്‍, ഇതില്‍ പ്രവര്‍ത്തിച്ച എല്ലാവര്ക്കും അറിയാം എന്തു മാത്രം ശാരീരിക അദ്ധ്വാനം അദ്ദേഹം ചെയ്തിട്ടുണ്ടെന്ന്. എന്‍റെ പ്രിയപ്പെട്ട സഹ സംവിധായകര്‍, ശ്യാം, സിറാജ് ചേട്ടന്‍, അരവിന്ദ്, അലന്‍, അരുണ്‍ ഇവരില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രയും ഭംഗി ആകില്ലായിരുന്നു. ഗോപന്‍ ചേട്ടന്‍, സിബിന്‍, സുനിലേട്ടന്‍, ജസ്റ്റിന്‍, അഖില്‍, ശ്രീകുമാര്‍ ചേട്ടന്‍ അങ്ങനെ ഒരു വലിയ ശക്തി പ്രൊഡക്ഷന്‍ ഭാഗത്തും, മഴ, യൂണിറ്റ്, ജിബ്, ഗോഡ, ക്രെയിന്‍ , ഡ്രൈവേര്‍സ് , മേക്കപ്പ് , കോസ്റ്റ്യൂം , ഫുഡ്, സെകുരിറ്റി എന്നിങ്ങനെ വലിയൊരു ടീം കൂടെ ഉണ്ടായിരുന്നത് കൊണ്ട് 2018 ഇന്ന് ഒരുഗ്രന്‍ തീയേറ്റര്‍ അനുഭവമായി മാറും.
ഈ സിനിമയില്‍ അഭിനയിച്ച എല്ലാവരോടും പ്രത്യേകിച്ചു എന്‍റെ സഹോദരന്‍ ടോവിനോ, തീര്‍ത്താല്‍ തീരാത്ത കടപ്പാട് നിങ്ങള്‍ ഓരോരുത്തരുടെയും ഡെഡികേഷന്.
ഈ സിനിമ അനൌണ്‍സ് ചെയ്ത അന്ന് മുതല്‍ അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ''ജൂഡിന്‍റെ സ്വപ്ന സാക്ഷാത്കാരത്തിന്'" കൂടെ നിന്ന ആന്‍റോ ചേട്ടന്‍, എന്തു പ്രശ്നം വന്നാലും അത് കൈകാര്യം ചെയ്യാനുള്ള ചേട്ടന്‍റെ കഴിവാണ് ഈ സിനിമ ഇന്ന് ഈ രൂപത്തില്‍ നില്‍ക്കുന്നത്.
ഇനി നന്ദി പറയാനുള്ളത് എന്‍റെ ദൈവ ദൂതനോടാണ്.
വേണു കുന്നപ്പിള്ളി , കാവ്യ ഫിലിംസ് എന്ന ബാനറിന്റ്റെ സാരഥി, ഒരുപാട് ബിസിനസുകള്‍ ഉള്ള വിജയക്കോടി പാറിച്ച വ്യവസായി, നല്ലൊരു എഴുത്തുകാരന്‍, മനുഷ്യസ്നേഹി.
പക്ഷേ എനിക്ക് ഇതെല്ലാത്തിനെക്കാളും ഉപരി ദൈവത്തിന്‍റെ പ്രതിരൂപമാണ്. നഷ്ട്ടപ്പെട്ട് പോയി എന്ന് ഞാന്‍ കരുതിയ 2018 സിനിമ കൈ കൊണ്ട് കോരിയെടുത്ത് എന്‍റെ ഉള്ളം കയ്യില്‍ വച്ച് തന്ന ദൈവം.
Thank you, sir. Today is our day.
ഇനി വിധി എഴുതേണ്ടത് നിങ്ങളാണ്. ഈ സിനിമയുടെ ഭാവി എന്തു തന്നെ ആയാലും , ഞങ്ങളുടെ നൂറ് ശതമാനവും ഈ സിനിമയില്‍ അര്‍പ്പിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ഇതൊരു നല്ല തീയേറ്റര്‍ അനുഭവമായിരിക്കും. അത് ഞാന്‍ വാക്ക് തരുന്നു.
നന്ദി ദൈവമേ , പ്രപഞ്ചമേ, എന്‍റെ സ്വപ്നത്തില്‍ എന്‍റെ കൂടെ നിന്നതിന് .
സ്നേഹത്തോടെ
ജൂഡ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates