കേന്ദ്രമന്ത്രിസഭാ പുനസംഘടന ഞായറാഴ്ച രാവിലെ

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും സര്‍ക്കാരിലും പാര്‍ട്ടിയിലും നിര്‍ണായക അഴിച്ചുപണിക്കൊരുങ്ങുകയാണ്.
കേന്ദ്രമന്ത്രിസഭാ പുനസംഘടന ഞായറാഴ്ച രാവിലെ

ന്യൂഡെല്‍ഹി: 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും സര്‍ക്കാരിലും പാര്‍ട്ടിയിലും നിര്‍ണായക അഴിച്ചുപണിക്കൊരുങ്ങുകയാണ്. കേന്ദ്രമന്ത്രിമാരുടെ രാജി തുടരുന്നതിനിടെ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതി ഭവനെ അറിയിച്ചിട്ടുണ്ട്.

മന്ത്രിസഭയില്‍ നിന്ന് പുറത്താവുന്നതാരൊക്കെ, ആര്‍ക്കൊക്കെ പുതുതായി ഇടം ലഭിക്കും, വകുപ്പുകളുടെ പുന:ക്രമീകരണം ആര്‍ക്കെല്ലാം നേട്ടമാക്കും എന്നീ കാര്യങ്ങളിലൊന്നും പാര്‍ട്ടിയോ സര്‍ക്കാരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടെങ്കിലും ഇതേക്കുറിച്ച് പലതരം വീക്ഷണങ്ങളാണ് തലസ്ഥാനത്ത് പങ്കുവയ്ക്കപ്പെടുന്നത്.

പുന:സംഘടനയെ സ്വാധീനിക്കുന്ന ഒരു ഘടകം മന്ത്രിമാരുടെ പ്രവര്‍ത്തനമികവാണ് മോശം പ്രകടനം നടത്തിയ മന്ത്രിമാര്‍ക്ക് സ്ഥാനചലനമുണ്ടാകും എന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. 

കേന്ദ്രമന്ത്രിസഭയിലെ 21 പേര്‍ ഉത്തര്‍പ്രദേശ് (14),ബീഹാര്‍(7) സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുകയും ഇരുസംസ്ഥാനങ്ങളിലും എന്‍ഡിഎ അധികാരം നേടുകയും ചെയ്ത സാഹചര്യത്തില്‍ ഇവിടെ നിന്നുള്ള ചില മന്ത്രിമാരെ പിന്‍വലിക്കാന്‍ സാധ്യത കൂടുതലാണ്. അതേസമയം 
ബീഹാറില്‍ നിന്നുള്ള ചില ബിജെപി മന്ത്രിമാര്‍ക്ക് പകരം ജെഡിയുവില്‍ നിന്നുള്ള അംഗങ്ങള്‍ മന്ത്രിസഭയില്‍ ഇടം നേടും എന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ നേരത്തെ പ്രതീക്ഷിച്ച പോലെ എഐഎഡിഎംകെ ഉടന്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗമായേക്കില്ല. പാര്‍ട്ടിയിലെ അഭ്യന്തരസംഘര്‍ഷം പുതിയ തലത്തിലെത്തിയ സ്ഥിതിക്ക് എഐഎഡിഎംകെയെ തല്‍ക്കാലം മുന്നണിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം.

മന്ത്രിസഭയില്‍ പ്രാദേശികപ്രാതിനിധ്യം ഉറപ്പാക്കാനും അടുത്തവര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടക,ഗുജറാത്ത്, മധ്യപ്രദേശ്,രാജസ്ഥാന്‍  സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കാനും സാധ്യത കാണുന്നുണ്ട്.  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുഴുവന്‍ സീറ്റും തൂത്തുവാരിയ രാജസ്ഥാനില്‍ നിന്നുള്ള ആരും നിലവില്‍ മന്ത്രിസഭയില്‍ ഇല്ല. അതിനാല്‍ രാജസ്ഥാന് പുന:സംഘടനയില്‍ പ്രാതിനിധ്യം കിട്ടിയേക്കും.

നിലവില്‍ ഉപരിതലതുറമുഖ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന നിതിന്‍ ഗഡ്കരിക്ക് റെയില്‍വേ വകുപ്പ് കൂടി നല്‍കി ഒരു 'ഗതാഗത' മന്ത്രാലയം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ ചര്‍ച്ചയായിട്ടുണ്ട്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ വനംപരിസ്ഥിതി മന്ത്രിയാക്കും എന്നാണ് കരുതപ്പെടുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com