ബിജെപിക്ക് തിരിച്ചടി ; അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ശിവസേന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th July 2018 10:57 AM  |  

Last Updated: 20th July 2018 10:57 AM  |   A+A-   |  

ന്യൂഡല്‍ഹി : പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. എൻഡിഎ സഖ്യകക്ഷിയായ ശിവസേന വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ വിളിച്ച പാർലമെന്ററി പാർട്ടി യോ​ഗത്തിലാണ് തീരുമാനം എടുത്തത്. അമിത് ദേശായി, അരവിന്ദ് സാവന്ത്, അനന്ത് ​ഗീഥെ തുടങ്ങിയ നേതാക്കൾ യോ​ഗത്തിൽ പങ്കെടുത്തു. മഹാരാഷ്ട്രയിൽ ബിജെപിയുമായുള്ള അസ്വാരസ്യമാണ് അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് നിൽക്കാനുള്ള തീരുമാനത്തിന് പിന്നിൽ. 

അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് ശിവസേന നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്നലെ ഉദ്ധവ് താക്കറെയെ ഫോണില്‍ വിളിച്ചിരുന്നു. അതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെ തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് തീരുമാനം മാറ്റി. അവിശ്വാസ പ്രമേയത്തിനെതിരെ കേന്ദ്രസര്‍ക്കാരിന് അനുകൂലമായി വോട്ടുചെയ്യണമെന്ന വിപ്പ് ശിവസേന നേതൃത്വം പിന്‍വലിച്ചു. അംഗങ്ങളെല്ലാം പാര്‍ലമെന്റില്‍ ഹാജരുണ്ടാകണമെന്ന് ശിവസേന നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

അതിനിടെ ബിജെപിക്കെതിരെ ശിവസേന മുഖപത്രമായ സാമ്‌നെയില്‍ രൂക്ഷവിമര്‍ശനം. അംഗബലത്തിന്റെ അഹങ്കാരമാണ് ശിവസേനയ്‌ക്കെന്നായിരുന്നു സാമ്‌നെയിലെ ലേഖനത്തില്‍ വിമര്‍ശിച്ചത്. ശിവസേനയ്ക്ക് 18 എംപിമാരാണുള്ളത്. 314 അം​ഗ എൻഡിഎയിൽ ശിവസേന വിട്ടുനിൽക്കുന്നതോടെ അം​ഗസംഖ്യ 296 ആയി ചുരുങ്ങി. 

എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന തെലുങ്കുദേശം പാര്‍ട്ടിയാണ് നരേന്ദ്രമോദി സര്‍ക്കാരിനെിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സിപിഎം, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങി പ്രധാന പ്രതിപക്ഷ പാര്‍ട്ടികളെല്ലാം അവിശ്വാസ നോട്ടീസിനെ പിന്തുണയ്ക്കുന്നുണ്ട്.