ത്രിപുരയിലെ തോല്‍വി നയരൂപീകരണത്തെ സ്വാധീനിക്കും; വിശാല സഖ്യം വേണമെന്ന വിഎസിന്റെ നിലപാട് ചര്‍ച്ച ചെയ്യണമെന്ന് സിപിഎം ത്രിപുര ഘടകം

സംഘപരിവാറിനെ നേരിടാന്‍ വിശാല സഖ്യം വേണമെന്ന വിഎസിന്റെ നിലപാട് പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യണമെന്ന് ത്രിപുര സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍
ത്രിപുരയിലെ തോല്‍വി നയരൂപീകരണത്തെ സ്വാധീനിക്കും; വിശാല സഖ്യം വേണമെന്ന വിഎസിന്റെ നിലപാട് ചര്‍ച്ച ചെയ്യണമെന്ന് സിപിഎം ത്രിപുര ഘടകം

അഗര്‍ത്തല : ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ യെച്ചൂരി ലൈനിനെ പിന്തുണച്ച് സിപിഎം സംസ്ഥാന നേതൃത്വം. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുടെ സഖ്യം വേണമെന്നാണ് സിപിഎം നേതൃത്വം ആവശ്യമുന്നയിച്ചത്. സംഘപരിവാറിനെ നേരിടാന്‍ വിശാല സഖ്യം വേണമെന്ന വി എസ് അച്യുതാനന്ദന്റെ ആവശ്യം പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യണമെന്ന് ത്രിപുര സിപിഎം സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ ആവശ്യപ്പെട്ടു. 

ത്രിപുരയിലെ തോല്‍വി സിപിഎമ്മിന്റെ നയരൂപീകരണത്തെ സ്വാധീനിക്കും. വിശാല സഖ്യം സംബന്ധിച്ച് വിഎസിന്റെ നിലപാട് വിശദമായി ചര്‍ച്ച ചെയ്യേണ്ടതാണ്. വര്‍ഗീയതക്കെതിരെ വിശാല സഖ്യത്തെ പാര്‍ട്ടി പിന്തുണയ്ക്കണമെന്നും ബിജന്‍ധര്‍ ആവശ്യപ്പെട്ടു. ത്രിപുരയിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ നയത്തില്‍ മാറ്റമുണ്ടാകണമെന്ന് മുതിര്‍ന്ന നേതാവ് ഹനന്‍മുള്ളയും ആവശ്യപ്പെട്ടിരുന്നു. 

ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുടെ കൂട്ടായ്മ വേണമെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കൂട്ടരും വാദിക്കുന്നത്. സിപിഎം ബംഗാള്‍ ഘടകവും യെച്ചൂരിയുടെ നിലപാടിനെ പിന്തുണയ്ക്കുന്നു. അതേസമയം ബിജെപിയും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും, അതിനാല്‍ ഒന്നിനെ ചെറുക്കാന്‍ മറ്റൊന്നിനെ കൂട്ടുപിടിക്കേണ്ടെന്നുമാണ് പ്രകാശ് കാരാട്ടിന്റെയും സംഘത്തിന്റെയും നിലപാട്. സിപിഎം കേരള ഘടകവും കാരാട്ട് ലൈനിനെയാണ് പിന്തുണയ്ക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com