'ഇത് നീതിനിഷേധം' ; അലോക് വര്‍മ്മ രാജിവെച്ചു

പുതിയ പദവി ഏറ്റെടുക്കാന്‍ സന്നദ്ധനല്ലെന്ന് അലോക് വര്‍മ്മ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചിരുന്നു
'ഇത് നീതിനിഷേധം' ; അലോക് വര്‍മ്മ രാജിവെച്ചു

ന്യൂഡല്‍ഹി : സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയ അലോക് വര്‍മ്മ സര്‍വീസില്‍ നിന്നും രാജിവെച്ചു. ഇന്നലെ അലോക് വര്‍മ്മയെ സിബിഐയില്‍ നിന്നും മാറ്റാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത സെലക്ഷന്‍ സമിതി തീരുമാനിച്ചിരുന്നു. ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്റ് ഹോംഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറലായാണ് മാറ്റി നിയമിച്ചത്. 

എന്നാല്‍ പുതിയ പദവി ഏറ്റെടുക്കാന്‍ സന്നദ്ധനല്ലെന്ന് അലോക് വര്‍മ്മ കേന്ദ്രസര്‍ക്കാരിന്റെ പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ചു. പേഴ്‌സണല്‍ മന്ത്രാലയത്തിലെ സെക്രട്ടറി ചന്ദ്രമൗലിക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോപണങ്ങളില്‍ തന്റെ വാദം കേള്‍ക്കാതെയാണ് തനിക്കെതിരെ നടപടിയെടുത്തത്. ഉന്നത തല സെലക്ഷന്‍ സമിതി തനിക്ക് സ്വാഭാവിക നീതി നിഷേധിച്ചു. കൂടാതെ, സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും ഈ മാസം 31 ന് വിരമിക്കാനിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ പുതിയ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും അതിനാല്‍ രാജിവെക്കുകയാണെന്നും അലോക് വര്‍മ്മ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ താന്‍ സര്‍വീസില്‍ നിന്നും രാജിവെക്കുകയാണ്. ഇത് ഇന്നുമുതല്‍ പ്രാബല്യത്തിലാക്കണമെന്നും കത്തില്‍ അലോക് വര്‍മ്മ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രിംകോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മ്മ, 48 മണിക്കൂറിനകം സ്ഥലംമാറ്റത്തിന് വിധേയനാകുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com