ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ഇന്നലെ ഇന്ത്യയിലെത്തിയത് 3470 പേര്‍; ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ജനിതക ശ്രേണീകരണം നടത്തും

ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച സമഗ്ര മാര്‍ഗരേഖ തയ്യാറാക്കാനായി കേന്ദ്ര കോവിഡ് ദൗത്യം സംഘം ഇന്ന് യോഗം ചേരുന്നുണ്ട്
ടെലിവിഷൻ ദൃശ്യം
ടെലിവിഷൻ ദൃശ്യം

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ വ്യാപനമുള്ള ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 11 വിമാനങ്ങളിലായി ഇന്നലെ മാത്രം ഇന്ത്യയിലെത്തിയത് 3470 പേരെന്ന് കേന്ദ്രസര്‍ക്കാര്‍. ഇവരില്‍ ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ സാമ്പിളുകള്‍ ജനിതകശ്രേണീകരണത്തിന് അയച്ചിരിക്കുകയാണ്. 

പരിശോധനാഫലം ലഭിക്കാന്‍ രണ്ടു ദിവസം എടുത്തേക്കുമെന്നാണ് സൂചന. നെതര്‍ലാന്‍ഡ്‌സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍  നിന്നും ഡല്‍ഹിയിലെത്തി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച നാലുപേര്‍ എല്‍എന്‍ജെപി ആശുപത്രിയില്‍ ചികില്‍സയിലാണ്. കോവിഡ് സ്ഥിരീകരിക്കാത്ത മറ്റു യാത്രക്കാരോട്  ഹോം ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. 

ബൊമ്മെ ഇന്ന് മാണ്ഡവ്യയെ കാണും

ഇവരെ കര്‍ശനമായി നിരീക്ഷിക്കും. അതിനിടെ കര്‍ണാടകയില്‍ കോവിഡിന്റെ ഏത് വകഭേദമാണെന്ന് കണ്ടെത്താനാകാത്ത ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ വിദഗ്ധ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. ബംഗലൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ സ്വദേശികളില്‍ ഒരാളുടേത് ഡെല്‍റ്റ വകഭേദമാണെന്ന് കണ്ടെത്തിയിരുന്നു. 

എന്നാല്‍ മറ്റേയാളുടേത് ഏത് വകഭേദമാണെന്ന് കണ്ടെത്താനായില്ല. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വകഭേദമാണെന്നാണ് കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചത്. ഇതേത്തുടര്‍ന്ന് കര്‍ണാടക ഐസിഎംആറിന്റേയും കേന്ദ്രസര്‍ക്കാരിന്റേയും സഹായം തേടുകയായിരുന്നു. 

കേന്ദ്ര കോവിഡ് ദൗത്യം സംഘം ഇന്ന് യോഗം ചേരും

ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പരിശോധനാഫലം വരാനിരിക്കെ, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തും. ഒമൈക്രോണ്‍ പ്രതിരോധ നടപടികളും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും. അതിനിടെ, ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത് സംബന്ധിച്ച സമഗ്ര മാര്‍ഗരേഖ തയ്യാറാക്കാനായി കേന്ദ്ര കോവിഡ് ദൗത്യം സംഘം ഇന്ന് യോഗം ചേരുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com