രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ; കൊണ്ടുനടന്ന് വില്‍ക്കുന്നവന്‍; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2021 07:31 PM  |  

Last Updated: 19th October 2021 07:31 PM  |   A+A-   |  

rahul gandhi

രാഹുല്‍ഗാന്ധി / വീഡിയോ ദൃശ്യം

 

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി അക്ഷരാഭ്യാസം ഇല്ലാത്തവനാണെന്ന കര്‍ണാടക കോണ്‍്ഗ്രിസിന്റെ ട്വീറ്റ് വിവാദമായതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.

'ആരാണ് രാഹുല്‍ ഗാന്ധി?. ഞാനത് പറയുന്നില്ല. രാഹുല്‍ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണ്. ഇത് ചില മാധ്യമങ്ങളില്‍ വന്നതുമാണ്. ഒരുപാര്‍ട്ടിയ നയിക്കാനൊന്നും രാഹുലിന് സാധിക്കില്ല'  നളിന്‍ കുമാര്‍ പറഞ്ഞു. 

മാപ്പുപറയണമെന്ന്  കോണ്‍ഗ്രസ്

രാഹുലിനെതിരേ ബിജെപി നേതാവ് നടത്തിയ  അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ബിജെപി നേതൃത്വം മാപ്പുപറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു. 

നരേന്ദ്ര മോദി നിരക്ഷരനാണെന്ന് സൂചിപ്പിക്കാന്‍ 'അങ്കുതാ ഛാപ്' എന്ന പ്രയോഗം ഉപയോഗിച്ച കോണ്‍ഗ്രസിന്റെ ട്വീറ്റിനെതിരേ നേരത്തെ കര്‍ണാടക ബിജെപി വ്യാപകമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതേസമയം പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മോദിക്കെതിരേ മോശം പരാമര്‍ശം വന്നതില്‍ കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീം ട്വീറ്റ് പിന്‍വലിച്ചതായും ശിവകുമാര്‍ അറിയിച്ചിരുന്നു.