ലെസ്ബിയന്‍ ദമ്പതികള്‍ പരസ്യത്തില്‍; ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആക്രമണം, മാപ്പു പറഞ്ഞ് ഡാബര്‍

സ്വവര്‍ഗാനുരാഗികളായ സ്ത്രീകള്‍ കര്‍വ ചൗഥ് ഉത്സവം ആഘോഷിക്കുന്നത് ചിത്രീകരിച്ച പരസ്യം പിന്‍വലിച്ച് ഡാബര്‍
ഡാബറിന്റെ പരസ്യത്തില്‍നിന്ന്‌
ഡാബറിന്റെ പരസ്യത്തില്‍നിന്ന്‌

സ്വവര്‍ഗാനുരാഗികളായ സ്ത്രീകള്‍ കര്‍വ ചൗഥ് ഉത്സവം ആഘോഷിക്കുന്നത് ചിത്രീകരിച്ച പരസ്യം പിന്‍വലിച്ച് ഡാബര്‍. ഫെം ക്രീമിന്റെ പരസ്യമാണ് വിവാദമായത്. പരസ്യത്തിന് എതിരെ ബിജെപി രംഗത്തുവന്നിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും പരസ്യത്തിന് എതിരെ ക്യാമ്പയിനുണ്ടായി. ഇതിന് പിന്നാലെയാണ് ദാബര്‍ പരസ്യം പിന്‍വലിച്ച് മാപ്പു പറഞ്ഞിരിക്കുന്നത്. 

എല്ലാ സസോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും പരസ്യം പിന്‍വലിക്കുകയാണെന്നും ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയതില്‍ മാപ്പു പറയുന്നെന്നും ഡാബര്‍ വ്യക്തമാക്കി. 

തീവ്ര ഹിന്ദുത്വവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്നത് കര്‍വാ ചൗഥുമായി ബന്ധപ്പെട്ട് ഇറക്കിയ പരസ്യം ഫാബ് ഇന്ത്യ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡാബറും പരസ്യം പിന്‍വലിച്ചിരിക്കുന്നത്. 

ജെന്‍ഡര്‍ സമത്വത്തെ കുറിച്ചുള്ള പരസ്യം ചെയ്യാന്‍ ധൈര്യം കാണിച്ചതിന് ഡാബറിന് പ്രശംസ ലഭിച്ചിരുന്നു. എന്നാല്‍ ബിജെപി അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് രൂക്ഷ പ്രതികരണങ്ങളാണ് ലഭിച്ചത്. 

മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അടക്കമുള്ളവര്‍ പരസ്യത്തിന് എതിരെ രംഗത്തുവന്നിരുന്നു. വികാരം വ്രണപ്പൈടുത്തിയതിന് ദാബറിന് എതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായി നരോത്തം മിശ്ര പറഞ്ഞു. 

'തങ്ങളുടെ നിലപാടുകള്‍ക്കൊപ്പം എല്ലാവര്‍ക്കും നിലകൊള്ളാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കുന്നു. അവരുടെ വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. ഒരു വിശ്വാസത്തേയോ ആചാരത്തേയോ ഇകഴ്ത്തിക്കാട്ടല്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വ്യക്തിയേയോ വിഭാഗത്തേയോ തങ്ങളുടെ നീക്കം വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു.'-ഡാബര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.  

പരസ്യങ്ങള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ തുടര്‍ക്കഥ

പുരോഗമന നിലപാട് വ്യക്തമാക്കുന്ന പരസ്യങ്ങള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ രാജ്യത്ത് തുടര്‍ക്കഥയാവുകയാണ്. മിശ്ര വിവാഹം പ്രമേയമാക്കിയ ടാറ്റയുടെ ജ്വല്ലറി ബ്രാന്റ്  തനിഷ്‌കിന്റെ പരസ്യം തീവ്ര ഗ്രൂപ്പുകളുടെ സോഷ്യല്‍ മീഡിയ ക്യാമ്പയിനുകള്‍ക്ക് പിന്നാലെ പിന്‍വലിക്കേണ്ടിവന്നു. ആലിയ ഭട്ട് അഭിനയിച്ച മാന്യവാറിന്റെ പരസ്യവും സമാന സാഹചര്യത്തില്‍ പിന്‍വലിക്കേണ്ടിവന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com