യുവാവുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറിയില്ല; 17കാരിയെ വിഷം കുത്തിവെച്ച് കൊല്ലാന്‍ അച്ഛന്റെ 'ക്വട്ടേഷന്‍'

ഉത്തര്‍പ്രദേശില്‍ യുവാവുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാവാത്തതിന്റെ ദേഷ്യത്തില്‍ മകളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവാവുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാവാത്തതിന്റെ ദേഷ്യത്തില്‍ മകളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛന്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. മകളെ വിഷം കുത്തിവെച്ച് കൊല്ലാന്‍ അച്ഛനെ സഹായിച്ച അയല്‍വാസിയായ കമ്പൗണ്ടര്‍, നഴ്‌സ് അടക്കമുള്ളവരാണ് മറ്റു പ്രതികള്‍. വിഷബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 17കാരി ആരോഗ്യം വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

മീററ്റിലാണ് സംഭവം. കമ്പൗണ്ടറുമായി ഗൂഢാലോചന നടത്തിയാണ് പെണ്‍കുട്ടിയെ കൊല്ലാന്‍ 44കാരനായ അച്ഛന്‍ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. മകളെ കൊല്ലാന്‍ പത്തുലക്ഷം രൂപയാണ് കമ്പൗണ്ടറിന് 44കാരന്‍ വാഗ്ദാനം ചെയ്തത്. കാലൊടിഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, മകളെ കൊല്ലാനാണ് ഇരുവരും പദ്ധതിയിട്ടതെന്നും പൊലീസ് പറയുന്നു.

വീടിന്റെ മുകളില്‍ കുരങ്ങന്മാരെ ഓടിക്കുന്നതിനിടെയാണ് 17കാരിക്ക് വീണ് കാലിന് പരിക്കേല്‍ക്കുന്നത്. തുടക്കത്തില്‍ മീററ്റിലെ ആശുപത്രിയിലാണ് പെണ്‍കുട്ടി ചികിത്സയില്‍ കഴിഞ്ഞത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് എന്ന് പറഞ്ഞ് പല്ലവപുരത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് പെണ്‍കുട്ടിക്ക് വിഷം കുത്തിവെച്ചതെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലെ വാര്‍ഡിലെ ജീവനക്കാര്‍ കമ്പൗണ്ടറെ ഇഞ്ചക്ഷനൊപ്പം പിടികൂടിയതോടെയാണ് സത്യം പുറത്തുവന്നത്.

തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 90,000 രൂപ കമ്പൗണ്ടറില്‍ നിന്ന് പിടിച്ചെടുത്തു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ വിഷം കുത്തിവെയ്ക്കാന്‍ സഹായിച്ച നഴ്‌സാണ് ആശുപത്രിയില്‍ പ്രവേശിക്കാന്‍ കമ്പൗണ്ടറെ സഹായിച്ചത്. സഹായത്തിന് നഴ്‌സിന് ഒരു ലക്ഷം രൂപ 44കാരന്‍ ഓഫര്‍ ചെയ്തതായും പൊലീസ് പറയുന്നു.

പ്രദേശത്തെ ബില്‍ഡര്‍ കൂടിയായ 44കാരന്‍ അടക്കമുള്ളവര്‍ക്കെതിരെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി താക്കീത് ചെയ്തിട്ടും ജിം ട്രെയിനറായ യുവാവുമായുള്ള പ്രണയത്തില്‍ നിന്ന് മകള്‍ പിന്തിരിയാതിരുന്നതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് 44കാരന്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. 

നഴ്‌സിന്റെ സഹായത്തോടെ ഡോക്ടറിന്റെ കോട്ട് ധരിച്ചാണ് പെണ്‍കുട്ടി ചികിത്സയില്‍ കഴിഞ്ഞിരുന്ന വാര്‍ഡിലേക്ക് കമ്പൗണ്ടര്‍ കയറിയത്. വിഷം കുത്തിവെച്ച ശേഷം മടങ്ങുന്നതിനിടെ വാര്‍ഡിലെ ജീവനക്കാര്‍ സംശയം തോന്നി കമ്പൗണ്ടറെ പിടികൂടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.  

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com